യുവനടിയുമായുള്ള സ്വകാര്യനിമിഷങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ
July 24, 2017, 1:49 am
സ്വന്തംലേഖകൻ
 പിടിയിലായത് ഇൻഷ്വറൻസ് കമ്പനി മാനേജർ
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ യുവനടിയെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പകർത്തിയ സ്വകാര്യനിമിഷങ്ങൾ വാട്സ് ആപ് വഴി പ്രചരിപ്പിച്ച സ്വകാര്യ ഇൻഷ്വറൻസ് കമ്പനി മാനേജർ ഒറ്റപ്പാലം സ്വദേശിയും എറണാകുളം ഉദയംപേരൂരിൽ താമസക്കാരനുമായ കിരൺകുമാറിനെ (35) സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ദൃശ്യങ്ങൾ കൈമാറിയവർക്കെതിരെയും കേസെടുക്കും.
2008 ലാണ് സംഭവം. നടിയുമായി പ്രണയത്തിലായ കിരൺ സ്വകാര്യനിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇയാൾ വിവാഹിതനാണെന്ന് അറിഞ്ഞതോടെ നടി പ്രണയത്തിൽ നിന്ന് പിന്മാറി. ഇതോടെ ലൊക്കേഷനിലും വീട്ടിലുമെത്തി നടിയെ കിരൺ ശല്യപ്പെടുത്തി. 75 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് നടി പൊലീസിൽ പരാതി നൽകിയെങ്കിലും ഇരുകൂട്ടരും ഒത്തുതീർപ്പിൽ എത്തിയതോടെ കേസ് രജിസ്‌റ്റർ ചെയ്‌തില്ല. കിരൺ ശല്യപ്പെടുത്തുന്നതും നിലച്ചു. നടി പ്രശസ്‌തയായതോടെ കൈവശമുണ്ടായിരുന്ന കുറച്ച് ചിത്രങ്ങൾ കിരൺ വാട്സ് ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ നടി സെൻട്രൽ പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകിയതോടെ കേസെടുത്തു. കൂടുതൽ ഫോട്ടോകൾ പ്രചരിപ്പിക്കാതിരിക്കാൻ നടി പണം നൽകുമെന്നായിരുന്നു കിരണിന്റെ പ്രതീക്ഷ.
ദൃശ്യങ്ങൾ പകർത്തിയ ഫോണോ കൂടുതൽ ദൃശ്യങ്ങളോ കിരണിൽ നിന്ന് പൊലീസിന് ലഭിച്ചില്ല. ഇയാളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് സെൻട്രൽ സി.ഐ അനന്തലാൽ പറഞ്ഞു. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, അനുവാദമില്ലാതെ ചിത്രങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം നഗരത്തിലുള്ള ഒരു ഇൻഷ്വറൻസ് കമ്പനിയിലാണ് കിരണിന് ജോലി. സിനിമാമേഖലയിൽ ഫോട്ടാഗ്രാഫറായി പ്രവർത്തിക്കുമ്പോഴാണ് നടിയുമായി പ്രണയത്തിലായത്. കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

cr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ