ശിശുമരണം കുറയ്ക്കാൻ യൂണിസെഫ് കൈകോർക്കുന്നു, നവജാതശിശുമരണം ഇന്ത്യയിൽ 41/1000 കേരളത്തിൽ 6/1000
August 4, 2017, 12:10 am
എം.എസ്. സജീവൻ
കൊച്ചി: ഇന്ത്യയിലെ നവജാതശിശു മരണനിരക്ക് കുറയ്ക്കാൻ ജനപങ്കാളിത്തത്തോടെ ആരോഗ്യവകുപ്പ് അധികൃതരുമായി യൂണിസെഫ് കൈകോർക്കുന്നു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണം ഇന്ത്യയിൽ ഉയർന്ന നിരക്കിൽ തുടരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി.

ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ 10 വർഷത്തിനിടെ നേട്ടം കൈവരിച്ചെങ്കിലും മരണം കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് യൂണിസെഫ് വൃത്തങ്ങൾ പറയുന്നു. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിൽ 41 കുഞ്ഞുങ്ങൾ മരിക്കുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2016 ലെ കണക്ക്.

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവുമായി (എൻ.ആർ.എച്ച്.എം) ചേർന്നാണ് യൂണിസെഫ് പദ്ധതി നടപ്പാക്കുന്നത്. പശ്ചിമബംഗാളിലെ പുരുളിയ ഗ്രാമത്തിൽ നവജാത പരിചരണ കേന്ദ്രം യൂണിസെഫ് ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തെ തുടർന്നാണ് നവജാതശിശു മരണം കുറയ്ക്കാൻ കേന്ദ്ര - സംസ്ഥാന അധികൃതരുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. നവജാത ശിശുമരണത്തിന് കാരണമായ പ്രശ്നങ്ങൾ പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ അവസ്ഥ
 അഞ്ച് വയസിൽ താഴെയുള്ള 11.5 ലക്ഷം കുഞ്ഞുങ്ങൾ വർഷം തോറും മരിക്കുന്നു
 ഇവരിൽ 6.60 ലക്ഷം പേരുടെ മരണം ജനിച്ച് 28 ദിവസത്തിനകം
 74,000 കുഞ്ഞുങ്ങൾ ദിവസങ്ങൾക്കകം മരിക്കുന്നു

പ്രധാന കാരണങ്ങൾ
 പ്രതിരോധമരുന്നുകൾ അമ്മ സ്വീകരിക്കാത്തത്
 ജനന വൈകല്യങ്ങൾ
 സാംക്രമികരോഗങ്ങൾ
 അണുബാധ
 നേരത്തേയുള്ള ജനനം
 ആരോഗ്യരക്ഷാ സൗകര്യങ്ങളുടെ കുറവ്

കേരളം അന്താരാഷ്ട്ര നിലവാരത്തിൽ
ഇന്ത്യയിൽ നവജാതശിശുമരണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ആയിരം ജനനങ്ങളിൽ ആറു കുഞ്ഞുങ്ങൾ മാത്രമാണ് മരിക്കുന്നത്. പത്തുവർഷം മുമ്പ് ഇത് 12 ആയിരുന്നു. ആരോഗ്യരംഗത്തെ മികച്ച സൗകര്യങ്ങളും ജനങ്ങളുടെ സാക്ഷരതയും പ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്നതുമാണ് മരണനിരക്ക് കുറയ്ക്കാൻ വഴിതെളിച്ചത്.

 സുവർണ മിനിട്ട് പ്രധാനം
''ശിശു ജനിച്ച് ആദ്യത്തെ ഒരു മിനിട്ട് സുവർണ സമയമാണ്. ശിശുവിന്റെ ശ്വാസകോശം, ഹൃദയം തുടങ്ങിയവയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുന്നത് അപ്പോഴാണ്. കേരളത്തിലെ ആശുപത്രികളിൽ അതിനുള്ള സൗകര്യവും പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും സുലഭമായതും പ്രശ്നങ്ങൾ ഉടൻ കണ്ടെത്തി പരിഹരിക്കാൻ സഹായകമാണ്. ഗർഭകാലത്ത് മികച്ച പരിചരണവും പോഷകസമൃദ്ധമായ ഭക്ഷണവും പ്രതിരോധ മരുന്നുകളും ഉറപ്പാക്കാൻ കഴിയുന്നതാണ് നമ്മുടെ നേട്ടത്തിന് പിന്നിൽ.''

ഡോ. എം.എൻ. വെങ്കിടേശ്വരൻ
സംസ്ഥാന പ്രസിഡന്റ്
ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ