ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്നു
August 11, 2017, 10:25 pm
വൈപ്പിൻ: ചെറായി ബീച്ചിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. ചെറായി ബീച്ചിൽ ബീച്ച് റിസോർട്ടിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് ദാരുണമായ കൊലപാതകം. യുവതിക്ക് ആറ് കുത്തുകളേറ്റു.
വരാപ്പുഴ മുട്ടിനകം നടുവത്തുശ്ശേരി ഷാജിയുടെ മകൾ ശീതൾ (30) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന കോട്ടയം കറുകച്ചാൽ നെടുംകുന്നം പാറത്തോട്ടത്തിൽ പ്രസാദിന്റെ മകൻ പ്രശാന്ത് (28) ആണ് പിടിയിലായത്. അവിവാഹിതനായ ഇയാൾ ടി.വി. കേബിൾ ടി.വി സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഒരു വർഷമായി ശീതളിന്റെ വീടിന്റെ മുകൾനിലയിൽ സുഹൃത്തുമൊത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
ആലുവയിലെ പി.എസ്.സി കോച്ചിംഗ് സെന്റർ വിദ്യാർത്ഥിയാണ് ശീതൾ. ആദ്യവിവാഹത്തിൽ ഒമ്പതുവയസുള്ള ആൺകുട്ടിയുണ്ട് ഇവർക്ക്. രണ്ടാംവിവാഹ ബന്ധവും പ്രശ്നത്തിലായതിനെ തുടർന്നാണ് കുഞ്ഞുമായി വീട്ടിൽ കഴിയുന്നത്.
ഇന്നലെ രാവിലെ ആലുവയിലേക്ക് ഇറങ്ങിയ യുവതിയെ പിതാവാണ് തിരുമുപ്പം ബസ് സ്റ്റോപ്പിലാക്കിയത്. അവിടെ നിന്ന് പ്രശാന്തിനൊപ്പം ചെറായിയിലെത്തി ശ്രീഗൗരീശ്വര ക്ഷേത്രദർശനം കഴിഞ്ഞ് സമീപത്തെ ഹോട്ടലിൽ ചായയും കുടിച്ച് ഒാട്ടോറിക്ഷയിലാണ് പത്ത് മണിയോടെ ബീച്ചിലെത്തിയത്.
സൗഹാർദപൂർവം ബീച്ചിൽ ഒപ്പം നടക്കുന്നതിനിടെ ഇയാൾ യുവതിയോട് കണ്ണടച്ചു നിൽക്കാൻ പറഞ്ഞ ശേഷം കുത്തുകയായിരുന്നു. പ്രാണവേദനയോടെ യുവതി തൊട്ടടുത്ത റിസോർട്ടിലേക്ക് ഓടിക്കയറി. റിസോർട്ട് ജീവനക്കാരും ടാക്സി ഡ്രൈവർമാരും ചേർന്ന് ഓംനി വാനിൽ ആദ്യം പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിലെത്തിച്ചു. പ്രശാന്താണ് കുത്തിയതെന്ന് ഇവിടെ വെച്ച് ഡോക്ടറോട് യുവതി പറയുകയും ചെയ്തു. കഴുത്തിനും വയറ്റിലുമാണ് ആഴത്തിലുള്ള കുത്തേറ്റിട്ടുള്ളത്. പ്രാഥമിക ശുശ്രൂഷ നൽകി ഇവിടെ നിന്ന് ആസ്റ്റർ മെഡി സിറ്റിയിലേക്ക് കൊണ്ടുപോകും വഴി യുവതി മരണമടഞ്ഞു.
സംഭവം നടന്നയുടൻ പ്രശാന്ത് കത്തിയും ബാഗുമായി നടന്നുപോയി. അൽപ്പം കഴിഞ്ഞ് തിരികെ വന്നു. നാട്ടുകാർ തടഞ്ഞുവെച്ച ഇയാളെ എസ്.ഐ. ജി. അരുണും സംഘവും എത്തി കസ്റ്റഡിയിലെടുത്തു. പരിഭ്രമമൊന്നുമില്ലാതെ ശാന്തനായ അവസ്ഥയിലായിരുന്നു യുവാവ്. രാവിലെയായതിനാൽ ബീച്ചിൽ സന്ദർശകർ വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ. കുത്തേറ്റ് അലറിക്കരഞ്ഞ് യുവതി ഓടുന്നത് കണ്ടാണ് ആളുകൾ ശ്രദ്ധിച്ചത്. ചെറായി റിസോർട്ടിന്റെ മുറ്റത്ത് തന്നെ ശീതൾ കുഴഞ്ഞു വീണു. തന്നെ പ്രശാന്ത് കുത്തിയെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും യുവതി പറഞ്ഞു.

 കൊലപാതകത്തിലേക്ക് നയിച്ചത് സംശയം
താൻ ഏറെ സ്നേഹിച്ച യുവതി വഞ്ചിക്കുകയാണോ എന്ന സംശയമാണ് ചെറായിയെ നടുക്കിയ കൊലയ്ക്ക് കാരണമായത്. ഭർത്താവുമായി പിണങ്ങി നിൽക്കുന്ന ശീതളും പ്രശാന്തും ഒരുവർഷത്തോളമായി ഗാഢപ്രണയത്തിലാണ്. പ്രശാന്താണ് ഇവരെ ആലുവയിലെ പി.എസ്.സി കോച്ചിംഗ് സ്ഥാപനത്തിൽ ചേർത്തത്. അടുത്തിടെ ശീതൾ ക്ളാസ് കട്ട് ചെയ്ത് പുറത്തുപോകുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇക്കാര്യം ഇവിടെയെത്തി അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഫോൺ മെസേജുകൾ കാണിക്കാൻ മടിച്ചതും സംശയത്തിന്റെ ആക്കം കൂട്ടി.
ആഴ്ചകൾക്ക് മുമ്പേ തന്നെ കൊലപാതകം ആസൂത്രണം ചെയ്തതായാണ് സംശയം. ഒരാഴ്ച മുമ്പ് വരാപ്പുഴയിലെ കടയിൽ നിന്നാണ് കത്തി വാങ്ങിയത്. ആദ്യവിവാഹം വേർപെടുത്തിയ ശേഷം പെരുമ്പാവൂരിലെ യുവാവിനെയാണ് ശീതൾ വിവാഹം കഴിച്ചത്. അതും വിവാഹമോചനത്തിന്റെ വക്കിലാണ്. ഇതിനിടെയാണ് പ്രശാന്തുമായി അടുത്തത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ