ശോഭാജോൺ ക്രിമിനൽ തലൈവി
August 26, 2017, 11:59 am
ശരത്‌ലാൽ ചിറ്റടിമംഗലത്ത്
കൊച്ചി: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു വരാപ്പുഴ പീഡനക്കേസ്. പ്രായപൂർത്തിയാകാത്ത നിർദ്ധന കുടുംബാംഗമായ പെൺകുട്ടിയെ ബന്ധുക്കളുടെ സഹായത്തോടെ ഇടനിലക്കാരിയായ ശോഭാ ജോൺ പല പ്രമുഖർക്കും കാഴ്ചവച്ചുവെന്നാണ് കേസ്. ഇടനിലക്കാരിയായിരുന്ന ശോഭാ ജോണിന് 18 വർഷം തടവും പിഴയും ലഭിച്ചു. ഇത്ര വലിയ ശിക്ഷ ലഭിച്ച ശോഭാജോൺ ആരാണ് ? കേരളം കണ്ട വനിതാക്രിമിനലിന്റെ ജീവിതം എങ്ങനെയായിരുന്നു?

1 കേരളത്തിലെ ആദ്യ വനിതാ ഗുണ്ട
കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ വനിതയെന്ന റെക്കോഡിനുടമയാണ് തിരുവനന്തപുരം തിരുമല എം.എസ്.പി നഗർ ബഥേൽ ഹൗസിൽ ശോഭാ ജോൺ. വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ശോഭയെന്ന എന്ന വീട്ടമ്മയിൽ നിന്നും ശോഭാ ജോണെന്ന ക്രിമിനലായി അവർ വളർന്നത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായി. കുറച്ചുകാലത്തിന് ശേഷം നാട്ടുകാർ കേൾക്കുന്നത് ഒരു അനാശാസ്യ കേസിൽ ശോഭ അറസ്റ്റിലായി എന്ന വാർത്തയാണ്. അതോടെ വീടുമായുള്ള ബന്ധം ഏതാണ്ട് ഉപേക്ഷിച്ച മട്ടായി.
ഇതിനുശേഷം ഒറ്റപ്പെട്ട ജീവിതമായിരുന്നു ശോഭയുടേത്. പലിശയ്ക്ക് പണം കടം കൊടുക്കാനാരംഭിച്ചു. പണമിടപാടിലെ പ്രശ്നങ്ങൾ ഒതുക്കാനാണ് ഗുണ്ടാസംഘങ്ങളെ ആദ്യമായി സമീപിച്ചത്. പിന്നീട് അതുപോലൊരു ഗുണ്ടാസംഘത്തിന്റെ തലൈവിയായി മാറി. ഇതിനിടയിൽ ക്വട്ടേഷന് പുറമെ സ്വന്തമായി ഒരു പെൺവാണിഭ സംഘം രൂപീകരിക്കുകയും ചെയ്തു. ബ്ളാക്ക് മെയിലിംഗും ക്വട്ടേഷനും പെൺവാണിഭവുമായി ശരിക്കുമൊരു അധോലോകത്തിന്റെ നായികയായി. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ആയിരുന്നു മിക്കവാറും താമസം. ആഡംബര വാഹനങ്ങളിലായിരുന്നു സഞ്ചാരം.

2. ശബരിമല തന്ത്രിയെ കുടുക്കിയ ബ്ളാക്ക് മെയിൽ
അങ്ങനെയിരിക്കെയാണ് ശോഭാജോൺ എന്ന പേര് പത്രങ്ങളിലെ വലിയ തലക്കെട്ടായി മാറിയത്. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു സ്വർണവും പണവും തട്ടിയെടുത്ത കേസായിരുന്നു വാർത്ത. ശോഭാ ജോൺ ആയിരുന്നു മുഖ്യപ്രതി. 2006 ജൂലൈ 23 നാണ് കണ്ഠരര് മോഹനരെ കുടുക്കിയ ഫ്‌ളാറ്റിലെ ബ്ലാക്ക് മെയിൽ സംഭവം നടന്നത്. തന്ത്രപൂർവ്വം മോഹനരെ ഫ്‌ളാറ്റിലെത്തിച്ച് കത്തിയും കളിത്തോക്കും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ശോഭാ ജോണും കൂട്ടാളികളും കൊള്ളയടിച്ചത്. തന്ത്രിയുടെ 27.5 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും മൊബൈൽ ഫോണും ഗുണ്ടാസംഘം തട്ടിയെടുത്തു. മറ്റൊരു സ്ത്രീയെയും തന്ത്രിയെയും നഗ്നരാക്കി ഫോട്ടോയെടുത്തു. തുടർന്ന് ഈ നഗ്നചിത്രങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. ആഗസ്റ്റിൽ ശോഭ പിടിയിലായെങ്കിലും സെപ്തംബറിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി ശോഭ പുറത്തിറങ്ങി. കേസിൽ പൊലീസ് പിടിയിലായെങ്കിലും തന്റെ ക്രിമിനൽ ജീവിതം ഉപേക്ഷിക്കാൻ ശോഭ തയ്യാറായിരുന്നില്ല.

3. കുരുന്ന് ജീവിതം തകർത്ത പെൺവാണിഭം
പൊലീസിന്റെ നോട്ടപ്പുള്ളി ആയിരിക്കുമ്പോൾ തന്നെയാണ് ശോഭാജോൺ വരാപ്പുഴ പെൺവാണിഭത്തിന് അരങ്ങൊരുക്കിയത്. 16 തികയാത്ത പെൺകുട്ടിയെ നിരവധി പേർക്കാണ് ശോഭാ ജോണും സംഘവും കാഴ്ചവച്ചത്. എറണാകുളം ജില്ലയിലെ വരാപ്പുഴയിലുള്ള ഒരു വാടക വീട്ടിലായിരുന്നു പീഡനം അരങ്ങേറിയത്. 2011 ജൂലൈ മൂന്നിന് പൊലീസ് നടത്തിയ റെയ്ഡിലാണ് പതിനാറുകാരിയായ പെൺകുട്ടി പൊലീസ് വലയിലായത്. തുടരന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും പെൺവാണിഭമാണ് നടന്നതെന്നും പൊലീസ് കണ്ടെത്തിയത്. ബംഗളുരുവിലെത്തിച്ചും പലർക്കും കാഴ്ചവച്ചെന്ന് പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് അന്വേഷണം അവിടേക്ക് നീണ്ടു. അവിടെ വച്ചാണ് ശോഭാജോൺ പിടിയിലാകുന്നത്. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ആകെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിചാരണ പൂർത്തിയായ അഞ്ച് കേസുകളിൽ ആദ്യത്തെ കേസിന്റെ വിധി പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം എറണാകുളം സെഷൻസ് കോടതി നടത്തിയത്. ഭൂരിപക്ഷം കേസുകളിലും ഇടനിലക്കാരിയായ ശോഭാ ജോൺ പ്രതിയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 19 നാണ് വരാപ്പുഴ പീഡനക്കേസിന്റെ വാദം പൂർത്തിയായത്. പെൺകുട്ടിയെ വാങ്ങുകയും വിൽക്കുകയും ചെയ്തുവെന്ന കേസിലാണ് ശോഭ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. തന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപ നൽകിയാണ് ശോഭ തന്നെ വാങ്ങിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പണം കൊടുത്ത് വാങ്ങിയശേഷം ശോഭ പെൺകുട്ടിയെ പലർക്കായി മറിച്ചുവിൽക്കുകയും അവരിൽ നിന്ന് ഇരട്ടി പണം കൈപ്പറ്റുകയുമായിരുന്നു. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും കാസർകോട് , ബംഗളൂരു എന്നിവിടങ്ങളിലും പെൺകുട്ടിയെ പ്രതികൾ പലർക്കും കാഴ്ചവച്ചു എന്നാണ് കേസ്.

4. തന്ത്രിക്കേസിൽ 7 വർഷം പീഡനത്തിന് 18 വർഷം
2012ൽ നടന്ന ബ്ലാക്ക് മെയിൽ കേസിൽ ശോഭാ ജോണിനെയും കൂട്ടാളി ബെച്ചു റഹ് മാനുമടക്കം 11 പ്രതികളെയും കോടതി ശിക്ഷിച്ചു. ഏഴ് വർഷം കഠിന തടവാണ് കോടതി ശോഭയ്ക്കും കൂട്ടാളികൾക്കും വിധിച്ചത്. വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതികളായ ശോഭാ ജോണും കേണൽ ജയരാജൻ നായരും കുറ്റക്കാരാണെന്ന് എറണാകുളം സെഷൻസ് കോടതി കണ്ടെത്തി. മുഖ്യപ്രതി ശോഭാ ജോണിന് 18 വർഷം തടവ് ശിക്ഷയും ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയായ ജയരാജൻ നായർക്ക് 11 വർഷം കഠിനതടവാണ് ലഭിച്ചത്. ഇതിൽ ഒരു ലക്ഷം രൂപ ഇരയായ പെൺകുട്ടിയ്ക്ക് നൽകണം. കേസിൽ പ്രതികളായിരുന്ന പെൺകുട്ടിയുടെ സഹോദരിയടക്കം അഞ്ച് പേരെ കോടതി വെറുതെ വിട്ടു. ശോഭയുടെ ഡ്രൈവർ അനിയെന്ന കേപ് അനി, പെൺകുട്ടിയുടെ സഹോദരീ ഭർത്താവ് വിനോദ് കുമാർ, സഹോദരി പുഷ്പവതി, ഇടനിലക്കാരായ ജെയ്‌സൺ, അജി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. മറ്റൊരു പ്രതി ബിനിൽ വിചാരണ വേളയിൽ മരിച്ചിരുന്നു. ഐ.പി.സി 376 മാനഭംഗം, ഐ.പി.സി 366(എ) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ദുരുപയോഗിക്കുക, ഐ.പി.സി 342 അന്യായമായി തടങ്കലിൽ സൂക്ഷിക്കുക, ഐ.പി.സി 506(2) കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക, ഐ.പി.സി 34 ഒരേ ലക്ഷ്യത്തോടെ സംഘടിച്ചു കുറ്റം ചെയ്യുക എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇടപാടുകാരിയിൽ നിന്ന് പണം കൊടുത്ത് വാങ്ങുകയും അന്യായമായി തടങ്കലിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന കുറ്റങ്ങളാണ് പ്രതിയായ ജയരാജൻ നായർക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഈ കേസിൽ വിമുക്ത ഭടനായ ജയരാജൻ നായർക്ക് പതിനൊന്ന് വർഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. തനിക്ക് 72 വയസ് കഴിഞ്ഞെന്നും ശിക്ഷയിൽ ഇളവുണ്ടാകണമെന്നുമുള്ള ജയരാജൻ നായരുടെ അഭ്യർത്ഥന കോടതി പരിഗണിച്ചില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ