വേട്ടക്കാരൻ ഇരയാകാൻ ശ്രമിക്കുമ്പോൾ
September 12, 2017, 12:05 am
അഡ്വ. സി.പി. ഉദയഭാനു
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ അനുകൂലിച്ച് പല മേഖലകളിൽ നിന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. വേട്ടക്കാരന് ഇരയുടെ പരിവേഷം നൽകി ഇരയുടെ ആനുകൂല്യം ലഭ്യമാക്കാനുള്ള ഒരുതരം 'പ്രൊപ്പഗാന്റ മേക്കിംഗായിട്ടാണ് ' ഇതിനെ കാണേണ്ടത്. അച്ഛന്റെ ശ്രാദ്ധ കർമ്മങ്ങൾക്കായി വീട്ടിലേക്ക് പോകാൻ രണ്ടു മണിക്കൂർ ദിലീപിന് കോടതി അനുമതി നൽകിയതിനു ശേഷമാണ് സ്വിച്ചിട്ട് പ്രവർത്തന സജ്ജമാക്കുന്നതുപോലെയുള്ള ഇത്തരം പ്രതികരണങ്ങൾ വരുന്നത്. ജാമ്യത്തിലേക്കുള്ള തുറന്ന വാതിലാണ് താല്കാലിക അനുമതിയെന്ന പ്രതീതി ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഒരു പരിധിവരെ അവർ ഇതിൽ വിജയിച്ചിട്ടുണ്ട്. ദിലീപ് താടി നീട്ടി വളർത്തി ചടങ്ങിൽ പങ്കെടുത്തതും അദ്ദേഹം വീട്ടിലെത്തിയ സമയം ആരാധകർ നിശബ്ദരായതും പൊതു സമൂഹത്തിൽ സഹതാപ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ ജാമ്യം തരപ്പെടുത്തുമ്പോൾ പ്രതി അനുകമ്പ അർഹിക്കുന്നവനാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണെന്നു വേണം കരുതാൻ. പ്രസിദ്ധനായ ഒരു വ്യക്തി ദീർഘകാലം ജയിലിൽ കിടക്കുമ്പോൾ സാഹചര്യം തനിക്ക് അനുകൂലമാക്കാൻ ഇത്തരം രീതികൾ അവലംബിക്കാറുണ്ട്. സഞ്ജയ് ദത്ത്, സൽമാൻഖാൻ തുടങ്ങിയവരൊക്കെ തങ്ങളുടെ സെലിബ്രിറ്റി പദവിയും സ്വാധീനവും ഉപയോഗിച്ച് പ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുന്ന തങ്ങൾക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം എത്രയോ ചെറുതാണെന്ന തരത്തിൽ പ്രധാനം എന്ന തരത്തിൽ പ്രചരിപ്പിച്ചിരുന്നു. ദേര സച്ഛാ സൗദാ അധിപൻ ഗുർമീത് റാം റഹിം സിംഗിന്റെ കേസിലും സ്ഥിതി സമാനമാണ്. സിദ്ധികളുള്ള വ്യക്തിയാണദ്ദേഹമെന്നും ഇന്ത്യയിലെ പൊതു നിയമങ്ങൾ അദ്ദേഹത്തിന് ബാധകമല്ലെന്നുമുള്ള അന്ധമായ വിശ്വാസം ആരാധകരിലുണ്ട്. ഇത്തരം വ്യക്തികൾ നിയമലംഘനത്തിലൂടെ കുറ്റവാളികളാകുമ്പോൾ അവർ മറ്റൊരു തലത്തിൽ ജീവിക്കുന്നവരാണെന്നും ഇതൊന്നും ബാധകമല്ലെന്നുമുള്ള തോന്നലാണ് ആരാധകർക്കുണ്ടാകുന്നത്. ദിലീപിന്റെ ആരാധക വൃന്ദവും അദ്ദേഹത്തിനുവേണ്ടി പി.ആർ. വർക്ക് ചെയ്യുന്നവരും ഇതിനാണ് ശ്രമിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ ദിലീപിനെ വെള്ള പൂശുന്നതിനും അനുകൂല തരംഗം ഉണ്ടാക്കുന്നതിനും പ്രചാരണങ്ങൾ ഉയർന്നു വരുന്നു. ഇതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ വാദമുയർത്തിയതോടെ അതു നിന്നു. കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ വഴിയുള്ള പ്രൊപ്പഗാൻഡ അഥവാ പ്രചാരവേല ഉണ്ടായില്ല. ഇപ്പോൾ ശ്രാദ്ധമൂട്ടിന് അവസരം ലഭിച്ചപ്പോൾ വീണ്ടും അവ ഉയർന്നു വരുന്നു. ശ്രാദ്ധമൂട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന ദിലീപിന്റെ അപേക്ഷയെ കോടതിയിൽ ഫലപ്രദമായി എതിർക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ടോ എന്നതു സംശയകരമാണ്. ജാമ്യത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയ ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ ആവശ്യത്തെ (മതപരമായ ചടങ്ങെന്നു പറയാൻ കഴിയില്ല, ഈ ആവശ്യം സഹോദരൻ മുഖേന പരിഹരിക്കാവുന്നതായിരുന്നു.)പ്രോസിക്യൂഷൻ വേണ്ടത്ര ജാഗ്രതയോടെ പ്രതിരോധിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതും ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടെന്നതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടണമായിരുന്നു. പ്രിസൺ റൂളിൽ മാതാപിതാക്കളുടെ മരണം പോലെയുള്ള വിഷയങ്ങളാണ് അടിയന്തര സാഹചര്യമായി പറയുന്നത്. മറിച്ച് പിതൃകർമ്മങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളതല്ല. ഇതൊക്കെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചില്ല. എന്നാൽ പൊലീസ് ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്തതിനാൽ പ്രശ്നങ്ങളുണ്ടായില്ല. ഇതിന്റെ ചുവടു പിടിച്ച് ദിലീപിന് അനുകൂലമായ പ്രചരണമുണ്ടാകുന്നത് ഒരു അജണ്ടയാണെന്ന് ആരെങ്കിലും ധരിച്ചാൽ തെറ്റു പറയാനാവില്ല.
ഇത്തരം പ്രചരണം നടിയോടു നേരിട്ടു കാണിക്കുന്ന ക്രൂരതയല്ലായിരിക്കാം. ഇരയെ നേരിട്ട് ആക്രമിക്കുന്നതൊന്നും അജണ്ടയിലുമുണ്ടാവില്ല. എന്നാൽ ഇരയുടെ ആനുകൂല്യങ്ങൾക്ക് വേട്ടക്കാരന് അർഹതയുണ്ടെന്നതാണ് ഇത്തരക്കാരുടെ വാദം. ഇവർ കാണാതെ പോകുന്ന മറ്റൊരു കാര്യം ഇത്തരം വാദങ്ങൾ കേസിലെ മുഖ്യ പ്രതി പൾസർ സുനിക്കും ബാധകമാണെന്നതാണ്. ദിലീപിന്റെ ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കുന്നപക്ഷം അതിന്റെ ആനുകൂല്യങ്ങൾ അയാൾക്കും കിട്ടേണ്ടതല്ലേ ? ഇരുവരും ചെയ്ത കുറ്റകൃത്യങ്ങളിൽ എന്താണ് വ്യത്യാസം ? കോടതി നോക്കുന്നത് കുറ്റകൃത്യത്തിലുള്ള പങ്കാളിത്തമാണ്. പദവിയോ ജോലിയോ ഒന്നുമല്ല. ഭരണ കക്ഷി എം.എൽ.എയടക്കമുള്ളവർ ഇതിൽ പ്രതിയെ പിന്തുണയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. അവർ ഇത്തരം സമീപനം എടുക്കാൻ പാടില്ലായിരുന്നു. അന്വേഷണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ നിലപാടെടുക്കാൻ ഇവർക്ക് വ്യക്തി സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായി അഭിപ്രായവും പറയാം. എങ്കിൽ ഈ അഭിപ്രായം എം.എൽ.എ എന്ന നിലയിൽ ആ മണ്ഡലത്തിലെ ജനങ്ങൾ മുഴുവൻ അംഗീകരിക്കുന്നതാണോ എന്ന ചോദ്യത്തിനും ഇവർ ഉത്തരം പറയേണ്ടേ ? എം.എൽ.എ എന്ന നിലയിൽ പൊതുഖജനാവിൽ നിന്ന് പണം വാങ്ങുകയും ആ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്നവർ ഇതിന് ഉത്തരം പറയേണ്ടതുണ്ട്. ആരോപിതനായ പ്രതിയോടല്ല, ഇരയോടാവണം വിധേയത്വം. ഇരയുടെ ആനുകൂല്യം വേട്ടക്കാരനു കൊടുക്കണമെന്ന നിർബന്ധബുദ്ധി ശരിയല്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ