Friday, 22 September 2017 6.23 AM IST
നൂതന വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും: മുഖ്യമന്ത്രി
September 12, 2017, 7:53 pm
കൊച്ചി: നൂതനാശയങ്ങൾ ഉൾക്കൊള്ളുന്ന വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്കും നിരാശനാകേണ്ടി വരില്ല. സംരംഭകർക്ക് സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്‌.ഐ.ഡി.സിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ലെ മെറിഡിയനിൽ നടന്ന മൂന്നാമത് യുവ സംരംഭകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവി സാമ്പത്തിക വളർച്ചാ സ്രോതസെന്ന് സർക്കാർ മനസിലാക്കുന്ന സംരംഭങ്ങൾക്ക് 1375 കോടി രൂപ വകയിരുത്തിയിട്ടുണ്ട് . ഇതിൽ 10 കോടി ടെക്‌നോളജി ഇന്നൊവേഷനും 70 കോടി യുവജന സംരംഭകത്വ പരിപാടികൾക്കുമാണ്. സ്റ്റാർട്ടപ്പ് സംരംഭകർക്കുള്ള അടിസ്ഥാനസൗകര്യം, പശ്ചാത്തല വികസനം എന്നിവ ഉറപ്പാക്കും. ഐ.ടി. ഇതര മേഖലകളിലേക്കും സ്റ്റാർട്ട് അപ്പുകൾ വ്യാപിപ്പിക്കണം. കൃഷി, ആരോഗ്യം, മാലിന്യനിർമാർജനം തുടങ്ങിയ മേഖലകളിലേക്കും യുവാക്കൾ നൂതന ആശയങ്ങളുമായി കടന്നുവരണം. കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാൻ സർക്കാർ ശ്രമിക്കുകയാണ്.
വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പരമ്പരാഗത രീതികൾ അനുയോജ്യമല്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രൊഫഷണൽ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങൾ തങ്ങളുടെ കർമശേഷി സ്വന്തംനാട്ടിൽ ഉപയോഗിക്കണമെന്നും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായമന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.
എം. സ്വരാജ് എം.എൽ.എ, കേന്ദ്ര ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജൻ, മുൻ എം.പി. പി രാജീവ്, കെ.എസ്‌.ഐ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന, സംസ്ഥാന വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ, ടി.ഐ.ഇ പ്രസിഡന്റ് രാജേഷ് നായർ എന്നിവർ സംസാരിച്ചു. യുവസംരംഭക സംഗമത്തോടനുബന്ധിച്ച് വിവിധ സ്റ്റാർട്ട് അപ്പുകൾ തയ്യാറാക്കിയ പ്രദർശനവും മുഖ്യമന്ത്രി സന്ദർശിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ