പ്രീമിയം പെട്രോൾ അടിച്ചേല്പിച്ച് എണ്ണക്കമ്പനികളുടെ കൊള്ള
September 14, 2017, 12:02 am
എം.എസ്. സജീവൻ
കൊച്ചി: ഇന്ധനവില ദിനംപ്രതി വർദ്ധിപ്പിക്കുന്നതിന് പിന്നാലെ വിലക്കൂടുതലുള്ള പ്രീമിയം പെട്രോൾ പമ്പുടമകളെയും ഉപഭോക്താക്കളെയും അടിച്ചേല്പിക്കാൻ പെട്രോളിയം കമ്പനികളുടെ നീക്കം. പ്രീമിയം പെട്രോൾ നിർബന്ധമായും വിറ്റഴിക്കണമെന്ന് പമ്പുടമകൾക്ക് പൊതുമേഖലലാ എണ്ണക്കമ്പനികൾ കർശന നിർദ്ദേശം നൽകി. വില കൂടിയ പ്രീമിയം പെട്രോൾ അടിക്കുന്നതിന്റെ പേരിൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ പമ്പുകളിൽ തർക്കങ്ങളും പതിവായി.
സാധാരണ പെട്രോളിനെക്കാൾ 3.75 രൂപ കൂടുതലാണ് പ്രീമിയം പെട്രോളിന്. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വിതരണം ചെയ്യുന്നുണ്ട്.പെട്രോൾ വില ദിവസവും വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രീമിയം പെട്രോൾ വാങ്ങാൻ ഉപഭോക്താക്കളും മടിക്കുകയാണ്.

 രേഖയിലല്ല, നിർദ്ദേശം വാക്കാൽ
പ്രീമിയം പെട്രോൾ കൂടുതൽ ഏറ്റെടുക്കണമെന്ന് രേഖാമൂലം കമ്പനികൾ ആവശ്യപ്പടുന്നില്ല. ചില ഉന്നത ഉദ്യോഗസ്ഥർ പമ്പുടമകളെ നേരിട്ട് വിളിച്ചാണ് നിർബന്ധിക്കുന്നത്. ഉദ്യോഗസ്ഥരുടെ സ്വകാര്യ വാട്ട്സ് ആപ്പ് വഴി സന്ദേശവും നൽകുന്നുണ്ട്. പ്രീമിയം ഉല്പന്നങ്ങളുടെ വില്പന വർദ്ധിപ്പിച്ച് സ്ഥാനക്കയറ്റങ്ങൾ ഉൾപ്പെടെ കമ്പനികളിൽ നേടാനായും ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി പമ്പുടമകൾ ആരോപിക്കുന്നു.


 വിൽക്കാൻ നിർബന്ധിക്കുന്നു
'' പ്രീമിയം പെട്രോൾ അടിച്ചേല്പിക്കാൻ എണ്ണക്കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണ്. 10 മുതൽ 20 ലിറ്റർ വരെയാണ് ഒരു ദിവസം സാധാരണ പമ്പുകളിലെ വില്പന. ഇത്തരം പമ്പുകൾ നാലായിരം ലിറ്റർ വീതം എടുക്കണമെന്ന് നിർബന്ധിക്കുകയാണ്. എങ്കിലേ സാധാരണ പെട്രോൾ നൽകൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.''

എം. രാധാകൃഷ്ണൻ
സെക്രട്ടറി
ആൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ്

പ്രീമിയം പെട്രോൾ
 സാധാരണ പെട്രോളിനെക്കാൾ വിലക്കൂടുതൽ
 10 ശതമാനം മൈലേജ് കൂടുതലെന്ന് കമ്പനികൾ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ