പെട്രോൾ പമ്പുകളിൽ പ്രകൃതി വാതകവും:നേട്ടം കൊയ്യാൻ ഒരുങ്ങി കേരളം
October 10, 2017, 12:07 am
എം.എസ്. സജീവൻ
 എൽ.എൻ.ജി നയം കേന്ദ്ര സർക്കാർ ഉദാരമാക്കിയത് ഗുണമാവും
കൊച്ചി: വാഹനങ്ങളിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നത് സംബന്ധിച്ച നയം കേന്ദ്ര സർക്കാർ ഉദാരമാക്കിയതിന്റെ നേട്ടം കൊയ്യാൻ കേരളവും ഒരുങ്ങുന്നു.
പെട്രോൾ പമ്പുകളിൽ വാഹനങ്ങൾക്ക് എൽ.എൻ.ജിയും ഇന്ധനമായി നൽകാൻ എണ്ണക്കമ്പനികളും എൽ.എൻ.ജി പെട്രോനെറ്റ് അധികൃതരും ചർച്ച തുടങ്ങി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ,വൻതുക നികുതി വരുമാനമായി സർക്കാരിന് ലഭിക്കും.കൊച്ചി - മംഗലാപുരം - ബംഗളുരു പൈപ്പ്ലൈൻ പൂർത്തിയാകുമ്പോൾ 300 കോടി രൂപ നികുതിയിനത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മോട്ടോർ വാഹനങ്ങളിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ വലിയ ഇളവുകളാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വരുത്തിയത്. കമ്പ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) ഉപയോഗിക്കുന്ന ബസുകൾ ഡൽഹിയിൽ സർവീസ് നടത്തുന്നുണ്ട്. സി.എൻ.ജിയെക്കാൾ ലാഭകരമായ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഉപയോഗിക്കുന്നത് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇളവുകൾ. പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗവും അത് വഴിയുള്ള മലിനീകരണവും കുറയ്ക്കാനും, ചെലവ് കുറഞ്ഞ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് വ്യവസ്ഥകൾ ഉദാരമാക്കിയത്.

കേരളത്തിന്
നേട്ടമാകും
എൽ.എൻ.ജി ടെർമിനലുകളുള്ള കേരളത്തിനും ഗുജറാത്തിനും കേന്ദ്ര നയംമാറ്റത്തിന്റെ ഗുണം ലഭിക്കും. കൊച്ചി ടെർമിനലിൽ നിന്ന് പ്രധാന നഗരങ്ങളിലെല്ലാം എൽ.എൻ.ജി ലഭ്യമാക്കാനാവും. ഡൽഹി മുതൽ തിരുവനന്തപുരം വരെ നീളുന്ന ഹൈവേകളിൽ എൽ.എൻ.ജി പമ്പുകൾ തുറക്കാനാണ് പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റിന്റെ നീക്കം. നിലവിലെ പെട്രോൾ പമ്പുകളിൽ എൽ.എൻ.ജിയും നൽകാനും എണ്ണക്കമ്പനികളുമായി ചർച്ച ആരംഭിച്ചതായി പെട്രോനെറ്റ് വൃത്തങ്ങൾ പറഞ്ഞു.

കെ.എസ്.ആർ.ടി.സിക്ക്
10 എൽ.എൻ.ജി ബസ്
എൽ.എൻ.ജി ഇന്ധനമാക്കിയ 10 ബസുകൾ പരീക്ഷണാർത്ഥം കെ.എസ്.ആർ.ടി.സിക്കും 20 ബസുകൾ ഗുജറാത്ത് ആർ.ടി.സിക്കും നൽകും. ഒരു തവണ ടാങ്ക് നിറച്ചാൽ 400 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും.കൊച്ചിയിലും തിരുവനന്തപുരത്തും എൽ.എൻ.ജി പമ്പുകൾ ആദ്യം സ്ഥാപിക്കും.
കൊച്ചിയിലെ ടെർമിനലിൽ നിന്ന് ടാങ്കർ ലോറികളിൽ എൽ.എൻ.ജി ദേശീയപാതകളിലെ പമ്പുകളിൽ എത്തിക്കാനും പെട്രോനെറ്റിന് പദ്ധതിയുണ്ട്. ആദ്യ പമ്പ് കളമശേരിയിൽ നിർമ്മാണത്തിലാണ്.

ആദ്യ എൽ.എൻ.ജി
ബസ് കേരളത്തിൽ
ടാറ്റാ മോട്ടോഴ്സ് നിർമ്മിച്ച രാജ്യത്തെ ആദ്യ എൽ.എൻ.ജി ബസ് പരീക്ഷിച്ചത് കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്താണ് . പിന്നീട് കൊച്ചിയിൽ നടത്തിയ പരീക്ഷണ ഒാട്ടവും വിജയകരമാണെന്നാണ് സൂചന. അശോക് ലൈലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരത് ബെൻസ് എന്നീ വൻകിട നിർമ്മാതാക്കളും എൽ.എൻ.ജി ബസുകളും ട്രക്കുകളും അ‌ടുത്ത വർഷം ആദ്യം പുറത്തിറക്കും.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ