മഹാനായ അച്ഛന്റെ നാട്ടിൽവീണ്ടുമെത്തി ഡോ. സുഗതൻ
November 11, 2017, 1:38 am
പ്രസന്ന
കൊച്ചി:കേൾവി കുറഞ്ഞു. നടക്കാൻ ഊന്നുവടി വേണം. 86 വയസായി. പക്ഷേ, കേരളത്തിന്റെ നവോത്ഥാന പ്രക്ഷോഭങ്ങളുടെ അമരക്കാരിലൊരാളായി, ജാതിപ്പിശാചുകളുടെ കരണത്തടിച്ച പന്തിഭോജനത്തിന് നേതൃത്വം നൽകിയ മഹാനായ അച്ഛൻ സഹോദരൻ അയ്യപ്പനെ കുറിച്ച് പറയുമ്പോൾ ഡോ.സുഗതൻ അവശതകൾ മറക്കും.
ലണ്ടനിലെ മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയ ഡോ.സുഗതൻ പതിനൊന്ന് വർഷത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും ജൻമനാട്ടിലെത്തിയത് . അയർലൻഡുകാരി ഭാര്യ സൂസനും മകൾ സാമന്തയും ഒപ്പമുണ്ട്. അദ്ധ്യാപകനായ മൂത്ത മകൻ തിരക്കുകൾ മൂലം വന്നില്ല. വ്യാഴാഴ്‌ച സഹോദരൻ അയ്യപ്പന്റെ ചെറായിയിലെ ജൻമഗൃഹം ഉൾക്കൊള്ളുന്ന സ്മാരകം സന്ദർശിച്ചപ്പോഴാണ് ഈ അപൂർവ അതിഥി നാട്ടിലുണ്ടെന്ന കാര്യം പുറത്തറിയുന്നത്.
'ഒരു വയസിന്റെ ഇളപ്പമുള്ള സഹോദരി അയിഷയെ കാണാനാണ് ഈ വരവ്. മാസത്തിൽ ഒരിക്കലെങ്കിലും ഫോണിൽ സംസാരിക്കാറുണ്ട്. ജസ്റ്റിസ് ഉഷ സുകുമാരൻ ഉൾപ്പടെയുള്ള ബന്ധുക്കളുമായും അടുത്ത ചങ്ങാത്തമുണ്ട്. പ്രൊഫ. എം.കെ.സാനുവിനെയും പഴയ സുഹൃത്തുക്കളെയും കാണണം. ഗൃഹാതുരത്വം ഉണർത്തുന്ന ചില സ്ഥലങ്ങൾ സന്ദർശിക്കണം': കൊച്ചിയിലെ താജ്‌വേ ഹോട്ടലിന്റെ ലോബിയിലിരുന്ന് ഒരു മാസത്തെ പരിപാടികളെ പറ്റി അദ്ദേഹം പറഞ്ഞു.
'സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സാമ്രാജ്യമായിരുന്നു അച്ഛനും അമ്മ പാർവതിയും. എത്ര തിരക്കിലും അച്ഛൻ ഞങ്ങൾക്കായി സമയം കണ്ടെത്തി. ശകാരിക്കുകയോ ഈർക്കിൽ കൊണ്ട് പോലും തല്ലുകയോ ചെയ്ത ഓർമ്മയില്ല. കുട്ടിക്കാലത്ത് വീട്ടിൽ കണ്ട പല അതിഥികളും ഈ നാടിന്റെ ചരിത്രഗതി തിരിച്ചവരാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. അക്കൂട്ടത്തിൽ കേരളകൗമുദി കുടുംബവുമുണ്ട്. പത്രാധിപർ സുകുമാരൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അടുത്ത അനുയായി ആയിരുന്ന അച്ഛൻ ഗുരുവിനെ കുറിച്ച് ധാരാളം കഥകൾ പറഞ്ഞുതന്നിട്ടുണ്ട്' - ഡോ.സുഗതൻ പറഞ്ഞു.
എറണാകുളം എസ്. ആർ. വി സ്‌കൂൾ, മഹാരാജാസ് കോളേജ്, എന്നിവിടങ്ങളിൽ പഠിച്ച സുഗതൻ ചെന്നൈ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എ.ബി.ബി.എസ് പാസായി. നാലു വർഷം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും സേവനം അനുഷ്ഠിച്ചു. എഫ്. ആർ.സി.എസിനു ബ്രിട്ടനിലേക്ക് പോയ മകൻ വിദേശിയായ സൂസനെ ജീവിതസഖിയാക്കുന്നത് അറിയിച്ചപ്പോഴും അച്ഛൻ നിറഞ്ഞ മനസോടെ ആശീർവദിച്ചു.
ഈജിപ്റ്റിലെ മഞ്ഞുകൊടുങ്കാറ്റിൽ വിമാനം കുടുങ്ങി ഒരു ദിവസം വൈകിയതിനാൽ അച്ഛന്റെ അന്ത്യനിമിഷങ്ങളിൽ ഒപ്പമുണ്ടാകാതെ പോയതാണ് ഈ മകന്റെ ഏറ്റവും വലിയ സങ്കടം. മലയാളം അറിയാത്തതിനാൽ അച്ചാച്ചന്റെ കൃതികളൊന്നും വായിച്ചിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകയായ മകൾ സാമന്ത പറഞ്ഞു. അച്ഛൻ, അമ്മ, ചേച്ചി, മോളു എന്നീ ചുരുക്കം വാക്കുകളിൽ മകളുടെ മലയാളം അവസാനിക്കും.
കാലമിത്ര കഴിഞ്ഞിട്ടും ബ്രിട്ടനിലെ കൊടും ശൈത്യവുമായി പൊരുത്തപ്പെടാൻ അച്ഛന് കഴിഞ്ഞിട്ടില്ലെന്ന് സാമന്തയുടെ കളിവാക്കുകൾ... എന്നാലും ആ നാട് വിട്ടുപോരില്ലെന്ന് ഡോ.സുഗതൻ...
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ