ഹയർസെക്കൻഡറി സ്ഥലംമാറ്റം: പ്രവാസി ഭാര്യമാർ 'ഹാപ്പി'
November 14, 2017, 10:31 am
ഷാലറ്റ് സി.എസ്.
കൊച്ചി: ഹയർ സെക്കൻഡറി വകുപ്പിലെ അദ്ധ്യാപക സ്ഥലംമാറ്റങ്ങളെക്കുറിച്ച് പരക്കെ പരാതികളാണ്.പക്ഷേ, പ്രവാസികളുടെ ഭാര്യമാർ ഹാപ്പിയാണ്. അവർക്ക് പരാതിയും പിണക്കവുമില്ല.അവരോട് വകുപ്പ് കാട്ടുന്ന സ്നേഹവും അനുകമ്പയും തന്നെ കാരണം. ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റപ്പട്ടികയിൽ അന്ധർക്ക് പോലുമില്ലാത്ത പരിഗണനയാണ് പ്രവാസികളുടെ ഭാര്യമാർക്ക് ലഭിച്ചതെന്നാണ് അസൂയാലുക്കളുടെ ആക്ഷേപം.അംഗപരിമിതരുൾപ്പടെ പ്രത്യേക പരിഗണന വേണ്ടവരെ കാസർകോട്ടേക്കും ഇടുക്കിക്കും വയനാട്ടിനുമൊക്കെ പറപ്പിച്ചപ്പോൾ, ഗൾഫുകാരുടെ ഭാര്യമാരിൽ പലർക്കും മാറ്റം ചോദിച്ച സ്ഥലങ്ങളിൽ! കരട് സ്ഥലംമാറ്റപ്പട്ടികയിലെ 390 പേരിൽ 100 പേരും അവരാണ് .

ഓൺലൈൻ വഴിയായിരുന്നു ഇക്കുറി നടപടി ക്രമങ്ങൾ. മുൻഗണനാ പട്ടികയിൽ പട്ടിക വിഭാഗക്കാർ, അന്ധർ, വികലാംഗർ, ബുദ്ധിമാദ്ധ്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ, മിശ്രവിവാഹിതർ, വികലാംഗകൾ, വിധവ/വിഭാര്യൻ എന്നിവരുടെ ആദ്യ ഓപ്ഷൻ പരിഗണിക്കണമെന്നാണ് ചട്ടം. ഏറ്റവും അവസാനമാണ് പ്രവാസിയുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്. എന്നാൽ,ഇച്ഛിച്ച സ്ഥലത്തേക്ക് മാറ്റം കിട്ടിയ 76 ഇംഗ്ലീഷ് അദ്ധ്യാപകരിൽ 25 പേരും പ്രവാസി ഭാര്യമാർ. മിശ്രവിവാഹിതരായ 60 പേരും പട്ടികയിൽ ഇടം ലഭിച്ചു. ബുദ്ധിമാന്ദ്യമുള്ളവരുടെ മാതാപിതാക്കൾ വിഭാഗത്തിൽ ഒരാളും അന്ധരിൽ മൂന്ന് പേരും .

മുൻഗണനാ പട്ടിക:
പട്ടിക വിഭാഗക്കാർ -159. പ്രവാസിയുടെ ഭാര്യ/ ഭർത്താവ് -100. മിശ്രവിവാഹിതർ -60. വിധവ/ വിഭാര്യൻ -24. വികലാംഗർ -9. എക്‌സ് സർവീസ് -5. സ്വാതന്ത്ര സമരസേനാനിയുടെ മക്കൾ -3. അന്ധർ/ ബധിരർ -3. ബുദ്ധിമാന്ദ്യമുള്ളവുടെ മാതാപിതാക്കൾ -1. മറ്റുള്ളവർ 10
( ജവാന്മാരുടെ ആശ്രിതർ, ബുദ്ധിമാന്ദ്യമുള്ളവർ തുടങ്ങിയവർ)

സ്വജനപക്ഷപാതവും രാഷ്ട്രീയ ഇടപെടലുകളും നടത്തി സ്ഥലംമാറ്റത്തിലെ മുൻഗണനാ പട്ടിക ദുരുപയോഗം ചെയ്തു. പട്ടിക പുന:പരിശോധിച്ച് നീതിയുക്തമായി സ്ഥലമാറ്റം നടത്തണം.
-എം. രാധാകൃഷ്ണൻ
സംസ്ഥാന പ്രസിഡന്റ്
ഹയർസെക്കൻഡറി സ്‌കൂൾ
ടീച്ചേഴ്‌സ് അസോസിയേഷൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ