പ്രണയം നടിച്ച് ലൈംഗിക അടിമയാക്കൽ: അന്വേഷണം ബംഗളൂരുവിലേക്ക്
January 13, 2018, 12:01 am
ആലുവ: ഗുജറാത്തിൽ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന പത്തനംതിട്ട സ്വദേശിനിയെ ബോധപൂർവം മതംമാറ്റി ലൈംഗിക അടിമയാക്കാൻ ശ്രമിച്ച കേസിന്റെ അന്വേഷണം ബംഗളൂരുവിലേക്ക്. ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പെരുവാരം മന്ദിയേടത്ത് വീട്ടിൽ ഫയാസ് ജമാൽ (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ തിങ്കളാഴ്ച അന്വേഷണസംഘം കോടതിക്ക് സമർപ്പിക്കും. തുടർന്ന് പ്രതികളുമായി ബംഗളൂരുവിലേക്ക് പോകാനാണ് ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.

നിർബന്ധിത മതം മാറ്റത്തിൽ പങ്കുണ്ടെന്ന് കരുതുന്ന പത്തുപേരിൽ ഏഴും ഇപ്പോൾ ബംഗളൂരുവിലുണ്ടെന്നാണ് സൂചന. നാല് പേർ ബംഗളൂരുവിൽ മുഖ്യപ്രതിയുടെ കോളേജിലെ സഹപാഠികളും കണ്ണൂർ സ്വദേശികളുമാണ്. മറ്റ് മൂന്ന് പേർ ഇവിടത്തെ മതപരിവർത്തന കേന്ദ്രവുമായി ബന്ധപ്പെട്ടവരാണ്. കേസ് സംബന്ധമായി വാർത്തകൾ പുറത്തുവന്നതോടെ ചിലർ ബംഗളൂരു വിട്ടതായും സൂചനയുണ്ട്.

പെൺകുട്ടിക്കും മുഖ്യപ്രതി മാഹി സ്വദേശി മുഹമ്മദ് റിയാസിനും താമസിക്കുന്നതിന് മാഞ്ഞാലിയിൽ സൗകര്യമൊരുക്കിയത് റിമാൻഡിൽ കഴിയുന്നവരാണ്. ബംഗളൂരുവിലെ മതപരിവർത്തന കേന്ദ്രത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസ് സൗദിയിലാണെന്ന് വ്യക്തമായതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് നടപടിയാരംഭിച്ചു. ഇയാളുടെ പാസ്പോർട്ട് നമ്പർ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. എല്ലാ വിമാനത്താവളങ്ങളിലും പ്രതിയുടെ ചിത്രം പതിക്കും.

പ്രതികൾക്കെതിരെ 33 പേജുള്ള മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്. സംഘത്തിന്റെ ഓരോ നീക്കവും മൊഴിയിൽ യുവതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. റൂറൽ എസ്.പി എ.വി. ജോർജിന് തപാലിൽ ലഭിച്ച പരാതിയെ തുടർന്ന് ഡിവൈ.എസ്.പി സി.ജി. വേണുവിന്റെ നേതൃത്വത്തിൽ പൊലീസ് ഗുജറാത്തിലെത്തിയാണ് മൊഴിയെടുത്തത്.

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഹാജരാക്കിയത് വ്യാജ രേഖകൾ

മതം മാറ്റിയ പെൺകുട്ടിയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുഖ്യപ്രതി ഹാജരാക്കിയത് വ്യാജ രേഖകളാണെന്ന് പൊലീസ്. പെൺകുട്ടിയുടെ പേരും മാറ്റിയിരുന്നു. എന്നാൽ നിയമപരമായി പേര് മാറ്റാതെ വ്യാജ ആധാറും തിരിച്ചറിയൽ കാർഡും തയ്യാറാക്കിയാണ് രജിസ്റ്റർ ചെയ്തത്. അതിനാൽ വിവാഹത്തിന് നിയമസാധുതയില്ല. യു.എ.പി.എയ്ക്കും മനുഷ്യക്കടത്തിനും പുറമേ മുഖ്യപ്രതിക്കെതിരെ വ്യാജ രേഖകൾ ചമച്ചതിനും കേസുണ്ടാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ