ഫയർഫോഴ്സിനെ സ്മാർട്ടാക്കാൻ വൺ കാറ്റഗറി; വേണ്ടെന്ന് ജീവനക്കാർ
February 8, 2018, 9:10 am
ആർ. അഭിലാഷ്
കൊച്ചി : അത്യാഹിതങ്ങളുണ്ടാകുമ്പോൾ പാഞ്ഞെത്തേണ്ട ഫയർമാൻമാർ എൻജിൻ ഡ്രൈവറില്ലെങ്കിൽ നോക്കിനിൽക്കേണ്ട അവസ്ഥയാണ് ഫയർഫോഴ്സ് സ്റ്റേഷനുകളിൽ ഇപ്പോഴുള്ളത്.

ഇത് പരിഹരിക്കാനായി നടപ്പാക്കുന്ന വൺ കാറ്റഗറി സംവിധാനം ഒരു വിഭാഗം ജീവനക്കാരുടെ എതിർപ്പ് മൂലം എങ്ങുമെത്തുന്നില്ല. ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർമാരെയും ഫയർമാൻമാരെയും ഒറ്റ കാറ്റഗറിയാക്കുന്ന സംവിധാനം പല സംസ്ഥാനങ്ങളിലും നിലവിൽ വന്നുകഴിഞ്ഞു. എന്നാൽ ഫയർമാൻമാരും ഹെവി ലൈസൻസ് എടുക്കേണ്ടി വരുമെന്നും ജോലിഭാരം കൂടുമെന്നും പറഞ്ഞാണ് കേരളത്തിൽ ചില ഉദ്യോഗസ്ഥർ ഈ സംവിധാനത്തെ എതിർക്കുന്നത്.

സ്റ്റേഷനിൽ ഫയർ എൻജിനടക്കമുള്ള വാഹനങ്ങളുടെയും തീ അണയ്ക്കുന്ന ഉപകരണങ്ങളുടെയും കൈകാര്യച്ചുമതല ഫയർമാൻ ഡ്രൈവർമാർക്കാണ്. സമാന യോഗ്യതയുള്ളവരാണ് ഫയർമാൻമാരും.

സ്റ്റേഷനിൽ ശരാശരി രണ്ട് ഫയർമാൻ ഡ്രൈവർമാരാണ് ദിവസവും ഡ്യൂട്ടിയിലുണ്ടാവുക. അത്യാഹിതമുണ്ടായാൽ ഫയർമാൻ ഡ്രൈവറുൾപ്പെടെ അഞ്ച് പേരടങ്ങുന്ന ഫയർ എൻജിൻ ക്രൂ സംഭവ സ്ഥലത്തേക്ക് പോകും. പിന്നാലെ അടുത്ത ഫയർമാൻ ഡ്രൈവറുടെ നേതൃത്വത്തിൽ ആംബുലൻസ് ജീപ്പും പോകേണ്ടി വരും. ഇതോടെ സ്റ്റേഷനിൽ വീണ്ടുമൊരു കാൾ വന്നാൽ ഫയർ എൻജിൻ ഉണ്ടെങ്കിലും പോകാനാവില്ല.

ഡ്രൈവറില്ലെങ്കിൽ കാഴ്ചക്കാർ

36 ജീവനക്കാരുള്ള ഒരു സ്റ്റേഷനിൽ നിന്ന് അഞ്ചോ ആറോ പേരടങ്ങുന്ന സംഘം പുറത്തു പോയാൽ മുപ്പതോളം ജീവനക്കാർ ഫയർമാൻ ഡ്രൈവർ ഇല്ലാത്തതിനാൽ വെറും കാഴ്ചവസ്തുക്കളാകും. നിലവിലെ ഈ അവസ്ഥ പരിഹരിക്കാനാണ് വൺ കാറ്റഗറി ആലോചിച്ചത്. നടപ്പായാൽ വീണ്ടും നിയമനം നടത്താതെ ശുപാർശയുള്ള 30 പുതിയ സ്റ്റേഷനുകൾ തുടങ്ങാം.

 ഒരു ഫയർ സ്റ്റേഷനിൽ : (അവധി കൂട്ടാതെ)
ഫയർമാൻ ഡ്രൈവർ : 7
ഫയർമാൻ : 24
ലീഡിംഗ് ഫയർമാൻ : 4
ഡ്രൈവർ മെക്കാനിക് : 1
ഓഫീസർമാർ : 2
ആകെ : 38

 വൺ കാറ്റഗറി നടപ്പാക്കുമ്പോൾ :

ജൂനിയർ ഫയർ ഓഫീസർ (ഫയർമാൻ ഡ്രൈവറും ഫയർമാനും ഉൾപ്പെടെ ) - 20
സീനിയർ ഫയർ ഓഫീസർ (ലീഡിംഗ് ഫയർമാനും ഡ്രൈവർ മെക്കാനിക്കും ഉൾപ്പെടെ)- 8
ഓഫീസർമാർ - 2
ആകെ : 30

ടോമിൻ ജെ. തച്ചങ്കരി
ഫയർഫോഴ്സ് ഡി.ജി.പി
'വൺ കാറ്റഗറി നടപ്പാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. ജീവനക്കാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ