ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊന്ന കേസ് : ഒന്നാം പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
January 13, 2018, 1:55 am
കൊച്ചി : ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡി. സെഷൻസ് കോടതി ഇന്നലെ വിധി പറയാനിരിക്കെ ഒന്നാം പ്രതി വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഇന്നലെ കോടതിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
കോലഞ്ചേരി മീമ്പാറ ഒാണംപറമ്പിൽ രഞ്ചിത്താണ് (32) ഒതളങ്ങ കഴിച്ച് മരിക്കാൻ ശ്രമിച്ചത്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ചോറ്റാനിക്കര അമ്പാടിമലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ അമ്മയും കാമുകനായ രഞ്ചിത്തും ഇയാളുടെ സുഹൃത്ത് തിരുവാണിയൂർ കരിക്കോട്ടിൽ ബേസിലും ചേർന്ന് 2014 ഒക്ടോബർ 30 ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
രഞ്ചിത്തുമായുള്ള ജീവിതത്തിന് തടസമായതിനാലാണ് ഇവർ കുട്ടിയെ കൊലപ്പെടുത്തിയത്. അമ്മ രണ്ടാം പ്രതിയും ബേസിൽ മൂന്നാം പ്രതിയുമാണ്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അമ്മയുടെ വഴിവിട്ട ജീവിതത്തിന് തടസമായ കുട്ടിയെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി പത്തിന് കോടതി കണ്ടെത്തിയിരുന്നു. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടതോടെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. രഞ്ചിത്ത് ജയിലിലേക്ക് എത്തിയത് വിഷക്കായ കഴിച്ചതിനുശേഷമാണെന്നാണ് ജയിലധികൃതരുടെ വിശദീകരണം. ജനുവരി പത്തിന് രാത്രിയോടെയാണ് രഞ്ചിത്തിന് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ