ലൈംഗിക അടിമയാക്കാൻ ലൗജിഹാദ്:പ്രതിയുടെ അമ്മയ്ക്കെതിരെയും കേസ്
January 14, 2018, 12:19 pm
കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം, ഭീഷണിപ്പെടുത്തി മതം മാറ്റിയ കേസിൽ മുഖ്യപ്രതിയുടെ അമ്മയും കുടുങ്ങും. മാഹി പരിമടം സ്വദേശി അബ്ദുൾ റഷീദിന്റെ ഭാര്യ സീനത്തിനെതിരെയാണ് പൊലീസ് കേസെടുക്കുന്നത്. ഇവരുടെ മകൻ മുഹമ്മദ് റിയാസാണ് പത്ത് പ്രതികളുള്ള കേസിലെ മുഖ്യപ്രതി.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യും മുമ്പേ സീനത്ത് പെൺകുട്ടിയെ നിരന്തരം വിളിച്ച് മതം മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു. അഞ്ച് നേരവും നിസ്കരിച്ചോ എന്ന് വരെ തിരക്കിയിരുന്നതായി പെൺകുട്ടിയുടെ മൊഴിയിലുണ്ട്. അമ്മയുടെ അറിവോടെയും നിർദ്ദേശ പ്രകാരവുമാണ് മതം മാറ്റവും നിക്കാഹും നടന്നത്. ഈ സാഹചര്യത്തിലാണ് ഇവരെയും പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചത്.
ബംഗളുരുവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായിരിക്കെ രഹസ്യ കാമറ വഴി മുഖ്യപ്രതി പകർത്തിയ ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മതം മാറ്റത്തിന് സമ്മതിപ്പിച്ചത്.
വിവാഹം രജിസ്റ്റർ ചെയ്യാൻ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
ഇതിന് പെൺകുട്ടിയുടെ പിതാവിന്റെ പേരിൽ ബംഗളുരുവിൽ വ്യാജവിലാസം ഉണ്ടാക്കി. റിയാസിനൊപ്പമാണ് പെൺകുട്ടി സൗദിയിലെത്തിയത്. സിറിയയിലേക്ക് കടത്തുമെന്ന് മനസിലാക്കി പെൺകുട്ടി ഗുജറാത്തിൽ കഴിയുന്ന മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് വിമാന ടിക്കറ്റ് ഇ മെയിലിൽ ലഭ്യമാക്കി രക്ഷപ്പെടുകയായിരുന്നു. അയൽ ഫ്ളാറ്റിൽ താമസിച്ചിരുന്നയാളാണ് ടാക്സി ഏർപ്പാടാക്കി വാടക നൽകിയത്.

 പെൺകുട്ടി രഹസ്യ മൊഴി നൽകി
താൻ ചതിക്കപ്പെട്ടതിനെ പറ്റി പെൺകുട്ടി മജിസ്ട്രേട്ടിന് രഹസ്യ മൊഴി നൽകിയിട്ടുണ്ട്. റിയാസുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതും വിവാഹത്തിന് സമ്മതിപ്പിച്ചതും വ്യാജരേഖ ചമച്ചതുമെല്ലാം മൊഴിയിലുണ്ടെന്നാണ് വിവരം.
മതം മാറ്റത്തിലെ തീവ്രവാദ ബന്ധം എൻ.ഐ.എ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് മതം മാറ്റത്തിന് ഒത്താശ ചെയ്യുന്നതെന്ന് ഹർജിയിൽ പറയുന്നു. ഈ മാസം 23ന് കേസ് പരിഗണിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ