നീറ്റ് അപേക്ഷകരെയും വെട്ടിലാക്കി ആധാറിലെ തെറ്റ് തിരുത്തൽ
February 10, 2018, 12:10 am
പ്രസന്ന
കൊച്ചി: ആധാറിലെ പുതിയ പരിഷ്കാരം അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് അപേക്ഷകരെ വെട്ടിലാക്കി. നീറ്റിന് അപേക്ഷിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്. ആധാറിൽ തെറ്റുകൾ കടന്നുകൂടിയവർക്ക് അത് തിരുത്തിമാത്രമേ അപേക്ഷിക്കാനാകൂ. അക്ഷയകേന്ദ്രങ്ങൾ വഴിയാണ് ആധാറിലെ തെറ്റുകൾ തിരുത്തുന്നത്. എന്നാൽ അക്ഷയസംരംഭകരുടെ കൃഷ്ണമണി സ്കാൻ ചെയ്താൽ (ഐറിസ് സ്കാൻ) മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂവെന്ന പുതിയ നിബന്ധന വന്നതോടെ ഭൂരിഭാഗം കേന്ദ്രങ്ങളുടെയും പ്രവർത്തനം അവതാളത്തിലായി. ഇതോടെ തിരുത്തലുകൾ ആവശ്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും ഓട്ടത്തിലാണ്.

ആധാർ വിവരങ്ങൾ ചോർന്നുവെന്ന വാർത്തകളെ തുടർന്ന് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരമെന്ന് കേന്ദ്ര ഐ.ടി.മന്ത്രാലയം ആറിന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പുതിയ ഐറിസ് സ്കാനറിന് 13,000 രൂപയാണ് വില. എന്നാൽ ഏതു മോഡൽ വാങ്ങണമെന്നത് സംബന്ധിച്ചും മാർഗനിർദേശം ലഭിച്ചിട്ടില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ ദിവസം കൊണ്ട് ഈ പരിഷ്കാരം വരുത്തിയതിൽ അക്ഷയ സംരംഭകർക്കിടയിലും പ്രതിഷേധം നീറിപ്പുകയുകയാണ്.

 അപ്‌ഡേഷൻ ഇനി അത്ര എളുപ്പമല്ല

ആധാറിലെ പേരോ, മേൽവിലാസമോ, മൊബൈൽ ഫോൺ നമ്പറോ മാറ്റേണ്ടവരാണ് കുരുങ്ങിയത്. ഫിംഗർ സ്കാനറുണ്ടെങ്കിൽ സംരംഭകന്റെ വിരലടയാളം ഉപയോഗിച്ച് രണ്ടു മണിക്കൂറിനുള്ളിൽ ആധാർ അപ്‌ഡേറ്റ് ചെയ്യാൻ അക്ഷയ കേന്ദ്രങ്ങൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇനി വിരലടയാളത്തിന് പുറമെ ഓപ്പറേറ്ററുടെ കൃഷ്ണമണിയുടെ സ്കാൻ കൂടി ചേർക്കണം.

ഏതുതരം സ്കാനർ വാങ്ങണമെന്ന കാര്യത്തിലുൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതായി സംസ്ഥാന ഐ.ടി വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ കേരളകൗമുദിയോടു പറഞ്ഞു.

കഴിഞ്ഞ വർഷം ഐറിസ് സ്കാനിംഗ് നടപ്പാക്കാൻ യു.ഐ.ഡി.എ.ഐ(യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ)ശ്രമിച്ചെങ്കിലും കേരളത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. സംസ്ഥാനത്ത് ആകെ 2600 അക്ഷയകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 1000 കേന്ദ്രങ്ങളിൽ ആധാർ എൻറോൾമെന്റിന് സൗകര്യമുണ്ട്. അവശേഷിച്ച കേന്ദ്രങ്ങളിലെ അപ്ഡേഷൻ സൗകര്യമാണ് ഇപ്പോൾ ഇല്ലാതായത്.

ആധാർ കണക്കുകൾ

ആധാറുള്ളവർ( 18 വയസിന് മുകളിൽ)79.14 ശതമാനം
5 - 18 വയസിനിടയിലുള്ളവർ - 18.28 ശതമാനം
5 വയസിൽ താഴെ - 2.58
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ