നഷ്ടം പഴങ്കഥ: ടി.സി.സി ലാഭപാതയിൽ
February 12, 2018, 2:42 pm
സുഭാഷ്‌ കുന്നത്തേരി
കളമശ്ശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്‌ ( ടി. സി.സി) തിരിച്ചുവരവിന്റെ പാതയിൽ . ആറു വർഷം തുടർച്ചയായി നഷ്ടത്തിലായിരുന്ന കമ്പനി പുതിയ എം.ഡി.കെ ഹരികുമാർ ചുമതലയേറ്റ ശേഷം ലാഭത്തിലെത്തി.
ഈ സാമ്പത്തിക വർഷം കഴിയാൻ രണ്ട് മാസം ശേഷിക്കെ ബാധ്യതകൾ എല്ലാം തീർത്ത് 20 കോടി രൂപ കമ്പനി ലാഭമുണ്ടാക്കി. ലാഭം 25 കോടിയാക്കാനാകുമെന്നാണ് ഹരികുമാറിന്റെ ആത്മവിശ്വാസം. അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിലും ഉല്പന്നങ്ങൾ വിൽക്കുന്നതിലും ഇടനിലക്കാരെ ഒഴിവാക്കിയതോടെയാണ് കമ്പനി പച്ചപിടിച്ചു തുടങ്ങിയത്.
കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി നവംബർ മുതൽ 400 ടൺ കാസ്റ്റിക് സോഡ വിദേശത്തേക്ക് കയറ്റി അയച്ചു. ഉൽപാദനക്ഷമതയും 175 ടൺ ആയി വർദ്ധിപ്പിച്ചു. ശേഷി 250 ടണ്ണുമാക്കി. വിദേശങ്ങളിലെ കാസ്റ്റിക്ക് സോഡയുടെ ഡിമാൻഡ് മുതലെടുക്കാനാണ് ഇനി ശ്രമം.
കമ്പനിയുടെ ചെലവിൽ 60 ശതമാനവും വൈദ്യുതിക്കാണ്. പ്രതിദിനം 4.8 ലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിയിരുന്നു. വൈദ്യുതി ബോർഡുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. കുടിശിക തീർത്ത് തർക്കങ്ങൾ അവസാനിപ്പിച്ചു. വൈദ്യുതി ചിലവ് 33 ശതമാനം കുറിക്കാനുമായി.
കമ്പനിയിൽ നന്ന് ഒന്നും തന്നെ പുറന്തള്ളുന്നില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. കോടികൾ ചിലവഴിച്ചാണ് അവശിഷ്ടങ്ങൾ സംസ്കരിക്കുന്നത്. കമ്പനിക്കുള്ളിൽ തന്നെ ഹരിതവനം നിർമ്മിച്ചു. ചെടികൾക്കും മറ്റ് ആവശ്യങ്ങൾക്കും കമ്പനിയിലെ വെള്ളം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്.
2012 ൽ പൊതുമേഖലയിലെ ഏറ്റുവും നല്ല പ്രവർത്തനമികവിന് പ്രധാനമന്ത്രിയിൽ നിന്നും അവാർഡ് വാങ്ങിച്ചയാളാണ് ഹരികുമാർ. പത്ത് വർഷം മുമ്പ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഡൽഹി എച്ച്.ഐ.എല്ലിനെ കരകയറ്റിയത് ഇദ്ദേഹമാണ്. ഈ കമ്പനിയുടെ സി.എം ഡി ആയി ചുമതലയേറ്റപ്പോൾ 25 കോടിയായിരുന്നു നഷ്ടം. പിന്നീട് തുടർച്ചയായി ലാഭത്തിലായി. ആ കരുത്തുമായാണ് ഹരികുമാർ കളമശ്ശേരി ടി.സി.സിയുടെ സാരഥ്യം ഏറ്റെടുക്കാൻ എത്തിയത്.




അടുത്ത ലക്ഷ്യം
 നാല് വർഷത്തിനുള്ളിൽ 600 കോടി രൂപ ലാഭം  ഉൽപാദന ശേഷം 350 ടൺ.

ടി.സി.സി
ഏലൂരിൽ 52 വർഷം മുമ്പ് ആരംഭിച്ച ടി.സി.സി കഴിഞ്ഞ ആറു വർഷമായി നഷ്ടത്തിലായിരുന്നു. ഉല്പാദനവും വിറ്റുവരവും ഇടിഞ്ഞു.
കാസ്റ്റിക് സോഡയും ഉപഉല്പന്നങ്ങളായ ക്ലോറിനും ഹൈഡ്രോ ക്ലോറിക്ക് ആസിഡും സോഡിയം ഹൈപ്പോക്ലോറൈറ്റുമാണ് കമ്പനി നിർമ്മിക്കുന്നത്.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ