അങ്കമാലി കൂട്ടക്കൊലപാതകം: കണ്ണിൽച്ചോരയില്ലാത്ത കൊടും ക്രൂരതയുമായി ബാബു
February 13, 2018, 12:02 am
സ്വന്തം ലേഖകൻ
അങ്കമാലി: സ്വത്തിനെച്ചൊല്ലി ദീർഘകാലമായി തുടരുന്ന കുടിപ്പക തീർക്കാൻ ജ്യേഷ്ഠനെയും ജ്യേഷ്ഠന്റെ ഭാര്യയെയും മകളെയും അനുജൻ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. നിലവിളി കേട്ടെത്തിയവരെയും വാക്കത്തി വീശി ഓ‌ടിച്ചു. മൂന്നുപേരുടെ ജീവനെടുത്തശേഷം ബൈക്കിൽ സ്ഥലംവിട്ട് കുളത്തിൽ ചാടിയ ഇയാളെ നാട്ടുകാരാണ് പിടിച്ചുവെച്ച് പൊലീസിൽ ഏല്പിച്ചത്.

അങ്കമാലി ടൗണിൽ നിന്ന് അകലെയാണ് മൂക്കന്നൂർ ഗ്രാമം. അഞ്ചു സഹോദരങ്ങൾക്ക് വീതിച്ചുനൽകിയ സ്ഥലത്തെ ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. മൂന്നുമുതൽ നാലുവരെ സെന്റ് സ്ഥലമാണ് സഹോദരങ്ങൾക്ക് വീതമായി ലഭിച്ചത്. തനിക്ക് ലഭിച്ച സ്ഥലത്ത് താമസിക്കാതെ നാലു കിലോമീറ്ററോളം ദൂരെ കാളാർകുഴി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് പ്രതി ബാബു.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ബാബു ഒരു മരം വെട്ടുകാരനുമായി എത്തിയത്. തടി വെട്ടുന്നത് സംബന്ധിച്ച് ജ്യേഷ്ഠനുമായി തർക്കമായി. തർക്കം രൂക്ഷമായപ്പോൾ ബാബുവിന് വിഹിതമായി ലഭിച്ച സ്ഥലത്തെ പഴയവീട്ടിൽ നിന്ന് വാക്കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. മുറ്റത്തു നിൽക്കുകയായിരുന്ന വത്സയെയാണ് ആദ്യം വെട്ടിയത്. നിലത്തുവീണ വത്സയെ നിരവധി തവണ ശരീരമാസകലം വെട്ടി. അവർ വീട്ടുമുറ്റത്ത് മരിച്ചുവീണു. തടയാൻ ശ്രമിച്ച ശിവനെയും ആക്രമിച്ചു. രക്ഷപെടാൻ സമീപത്തെ സഹോദരൻ ഷാജിയുടെ വീട്ടിലേയ്ക്ക് ഓടിയെങ്കിലും ബാബു പിന്നാലെയെത്തി ശിവനെ പലതവണ വെട്ടുകയായിരുന്നു. പിന്നീടാണ് ശിവന്റെ മകൾ സ്‌മിതയെയും ആക്രമിച്ചത്. ശിവന്റെ ഇരട്ടകളായ മക്കളിൽ ഒരാളെയും വെട്ടിപ്പരിക്കേൽപ്പിച്ചു.

വെട്ടേറ്റവരുടെ നിലവിളി കേട്ട് ശിവന്റെ സഹോദരന്റെ ഭാര്യ ഉഷ എത്തിയെങ്കിലും ബാബു അവരെയും ആക്രമിക്കാൻ ശ്രമിച്ചു. സമീപവാസികളായ ചിലർ വന്നെങ്കിലും അവർക്കു നേരെയും വാക്കത്തി വീശിയെത്തിയതോടെ അവരും ഓടി രക്ഷപെടുകയായിരുന്നു. മൂന്നുപേരെ കൊലപ്പെടുത്തിയിട്ടും വാക്കത്തി വീശി ഭീഷണി മുഴക്കിയതിനാൽ ആർക്കും വെട്ടേറ്റവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഒടുവിൽ സ്ഥലത്തുനിന്ന് ബൈക്കിൽ കയറി ഇയാൾ സ്ഥലം വിടുകയായിരുന്നു. മൂക്കന്നൂരിൽ ബന്ധു നടത്തുന്ന അക്ഷയ സെന്ററിലാണ് ഇയാൾ എത്തിയത്. ബന്ധു സ്ഥലത്തില്ലാതിരുന്നതിനാൽ അവിടെ നിന്ന് കറുകുറ്റി വഴി ചിറങ്ങര ക്ഷേത്രക്കുളത്തിലേയ്ക്ക് ബൈക്കോടിച്ച് വീഴുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവർ കരയ്ക്ക് കയറ്റി പൊലീസിന് കൈമാറുകയായിരുന്നു.

സ്വത്തിനെച്ചൊല്ലി ദീർഘകാലമായി ശിവനുമായി കലഹത്തിലായിരുന്നു ബാബുവെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥിരം മദ്യപാനിയായ ഇയാൾ ഇടയ്ക്കിടെ സഹോദരങ്ങളോട് കലഹിക്കുന്നത് പതിവാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ