ദുരന്തം കൊച്ചി കപ്പൽശാലയിൽ കപ്പലിൽ പൊട്ടിത്തെറി; 5 മരണം
February 14, 2018, 1:00 am
പ്രത്യേക ലേഖകൻ
 മരിച്ച അഞ്ച് പേരും മലയാളികൾ അപകടം വാതകച്ചോർച്ചയെ തുടർന്ന്
 പരിക്കേറ്റ 7 പേരിൽ ഒരാളുടെ നില അതീവ ഗുരുതരം
കൊച്ചി: കൊച്ചി കപ്പൽശാലയിൽ കപ്പലിലെ അറ്റകുറ്റപ്പണിക്കിടെ വാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കമ്മിഷന്റെ (ഒ.എൻ.ജി.സി) സാഗർ ഭൂഷൺ എന്ന കപ്പലിൽ ഇന്നലെ രാവിലെ 9.15 നായിരുന്നു അപകടം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷണം ആരംഭിച്ചു.
തൃപ്പൂണിത്തുറ എരൂർ വെസ്റ്റ് ഇല്ലത്തുപറമ്പ് ലെയിനിൽ സുവർണനഗർ 72 എ-യിൽ ചെമ്പനേഴത്ത് വീട്ടിൽ സി.എസ്. ഉണ്ണിക്കൃഷ്ണൻ (46), പത്തനംതിട്ട അടൂർ ഏനാത്ത് കിതരപ്പറമ്പ് കടിക ചാരുവിള വടക്കേതിൽ ജെവിൻ റെജി (29), തേവര മമ്മാഞ്ഞിമുക്ക് മാളിയേക്കൽ റോഡ് കുറപ്പശേരി പുത്തൻവീട്ടിൽ കെ.ബി. ജയൻ (40), തൃപ്പൂണിത്തുറ എരൂർ വെളിയിൽ മഠത്തിപ്പറമ്പ് വീട്ടിൽ കണ്ണൻ എം.വി (35), വൈപ്പിൻ മാലിപ്പുറം പള്ളിപ്പറമ്പിൽ മാമ്മുസുറുക്ക പള്ളിപ്പറമ്പിൽ എം.എം. റംഷാദ് (26) എന്നിവരാണ് മരിച്ചത്.
കപ്പൽശാലയുടെ സീനിയർ ഫയർമാനായ സി.എസ്. ഉണ്ണിക്കൃഷ്ണൻ 15 വർഷമായി ഷിപ്പ്‌യാർഡ് ഫയർ ഡിപ്പാർട്ട്മെന്റിലാണ്. സുബ്രഹ്മണ്യന്റെയും പത്മാവതിയുടെയും മകൻ. ഭാര്യ: സിന്ധു. മക്കൾ: ആര്യ (പ്ലസ് ടു വിദ്യാർത്ഥിനി ), ആതിര (8-ാം ക്ലാസ് വിദ്യാർത്ഥിനി). സംസ്‌കാരം നടത്തി. സേഫ്ടി അസിസ്റ്റന്റായ ജെവിൻ റെജി കപ്പൽശാലയുടെ കരാർ ജീവനക്കാരനാണ്. പരേതനായ റജി അലക്സാണ്ടറുടെ മകൻ. ഫയർ ആൻഡ് സേഫ്ടിയിൽ പരിശീലനം നേടിയാണ് ഷിപ്പ്‌യാർഡിൽ രണ്ട് വർഷം മുൻപ് ജോലിയിൽ കയറിയത്. ഭാര്യ: മല്ലപ്പള്ളി സ്വദേശിയും കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ പി.ആർ.ഒയുമായ റൂബി. ഏകമകൻ മൂന്ന് വയസുകാരനായ ജോഹൻ. മാതാവ് യു.പി മഥുരയിൽ ആരോഗ്യവകുപ്പിൽ നഴ്സായ മറിയാമ്മ. അവിടെ ബി.സി.എ രണ്ടാം വർഷ വിദ്യാർത്ഥിയായ ജെറിൽ റജി ഏക സഹോദരനാണ്. സംസ്കാരം പിന്നീട്. ജനറൽ വർക്കറായ കെ.ബി. ജയൻ കരാറുകാരനായ ശിവപ്രസാദ് ടി.ഡിയുടെ ജീവനക്കാരനാണ്. തിരുവനന്തപുരം സ്വദേശിയായ ജയൻ തേവരയിൽ സഹോദരനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ : വിദ്യ. ഏകമകൻ : പ്രവീൺ. മൃതദേഹം വൈകിട്ട് പച്ചാളം ശ്‌മശാനത്തിൽ സംസ്കരിച്ചു. കേറ്റീസ് എന്റർപ്രൈസസ് എന്ന കരാർ സ്ഥാപനത്തിന്റെ സൂപ്പർവെസറാണ് റംഷാദ്. റേഷൻ വ്യാപാരി എം.എച്ച്.എം ഷെറീഫിന്റെ മകൻ. എട്ട് മാസം മുമ്പാണ് കപ്പൽശാലയിൽ ജോലിയിൽ പ്രവേശിച്ചത്. മെക്കാനിക്കൽ എൻജിനിയറാണ്. മാതാവ്: റംല. സഹോദരി: ഷൻസീന. സംസ്കാരം നടത്തി.
വെൽഡിംഗ് തൊഴിലാളിയായ എം.വി. കണ്ണൻ കേറ്റീസിന്റെ വർക്കറാണ്. അച്ഛൻ: വേലു, അമ്മ: അമ്മിണി, ഭാര്യ: മായ, മക്കൾ: സഞ്ജന (9-ാം ക്ലാസ്), സംജിത്ത് (5-ാം ക്ലാസ്). 12 വർഷമായി കൊച്ചിൻ ഷിപ്പ്‌യാർഡിലെ താത്കാലിക ജീവനക്കാരനാണ്. സംസ്‌കാരം നടത്തി.


പൊട്ടിത്തെറി വാട്ടർ ടാങ്കിലെ
ഉരുക്കു പ്ളേറ്റ് മാറ്റുന്നതിനിടെ
അപകടത്തിൽപ്പെട്ട കപ്പൽ അറ്റകുറ്റപ്പണിക്കായി ഡ്രൈഡോക്കിലായിരുന്നു. കടലിലായിരിക്കെ ജലനിരപ്പിന് താഴെ വരുന്ന കപ്പലിന്റെ മുൻഭാഗത്ത് വെള്ളം കയറ്റുന്ന ഹോട്ട് വാട്ടർ ടാങ്ക് ഒന്നിലെ ഉരുക്കു പ്ളേറ്റ് മാറ്റി പുതിയത് വെൽഡ് ചെയ്യുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഗ്യാസിന്റെ മണം വന്നതിനെത്തുടർന്ന് ഫയർ ആൻഡ് സേഫ്ടിയിലെ ജെവിനും ഉണ്ണിക്കൃഷ്ണനും അറിയിച്ചതനുസരിച്ച് ഫയർ വിഭാഗം കപ്പലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പൊട്ടിത്തെറി നടന്നതായി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. കുമാർ പറഞ്ഞു.
ടാങ്കിനുള്ളിലായിരുന്ന 12 പേരാണ് അപകടത്തിൽപ്പെട്ടത്. ടാങ്കിലെ ഗ്യാസ് നിർവീര്യമാക്കിയ ശേഷമാണ് മാൻഹോൾ വഴി താഴെയിറങ്ങി പരിക്കേറ്റവരെ പുറത്തെടുത്തത്. അഞ്ച് പേരും ടാങ്കിനുള്ളിൽ തന്നെ മരിച്ച നിലയിലായിരുന്നു. കപ്പൽശാലയുടെയും ഫയർ ഫോഴ്സിന്റെയും സംഘങ്ങളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 11.20ന് അവസാനത്തെ ആളെയും പുറത്തെടുത്തു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ