പുത്തൻ ബ്രാൻഡിംഗുമായി പുതുഭാവത്തിൽ വി-ഗാർഡ്
February 13, 2018, 6:37 am
കൊച്ചി: പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും പുതുതലമുറയുടെ താത്പര്യങ്ങൾക്ക് അനുയോജ്യവുമായ കാഴ്‌ചപ്പാടുമായി വി-ഗാർഡ് കുതിപ്പിനൊരുങ്ങി. നാല്പതു വർഷം പിന്നിടുന്ന വി - ഗാർഡ് ഇൻഡസ്ട്രീസ് പുതിയ ലോഗോ പുറത്തിറക്കി. കടും കറുപ്പിലും റോയൽ ഗോൾഡ് നിറത്തിലുമാണ് പുതിയ ലോഗോ രൂപകല്‌പന ചെയ്‌തത്. വി- ഗാർഡിന്റെ മുഖമുദ്ര‌യായ കംഗാരുവിനെ ചുറുചുറുക്കും നവീനതയും പുരോഗതിയും അടിസ്ഥാനമാക്കി പരിഷ്‌കരിച്ചിട്ടുണ്ട്. കുതിച്ചുപായുന്ന കംഗാരുവാണ് മുദ്ര‌യിലുള്ളത്. 'വീടിനെ സജ്ജമാക്കൂ, നല്ലൊരു നാളേ‌ക്കായി' എന്ന മുദ്രാവാക്യവും ഉപയോഗിച്ചിട്ടുണ്ട്.
നാല്പതു വർഷം കൊണ്ട് അതുല്യമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായി വി -ഗാർഡ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഗുണമേന്മയും വിശ്വാസ്യതയും മുഖമുദ്ര‌യാക്കി വിപണിക്ക് അനുസൃതമായ പ്രവർത്തനം തുടരും. പുതിയ ബ്രാൻഡിന്റെ പ്രതിച്ഛായ ഉപഭോക്താക്കളും വിപണിയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ മുന്നേറ്റത്തിനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ ബ്രാൻഡിംഗെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. സുസജ്ജമായ എൻജിനീയറിംഗ് ഉത്പന്നങ്ങളാണ് വി - ഗാർഡ് നൽകുന്നത്. വിശ്വസ്‌തമായ ബ്രാൻഡ് എന്ന നിലയിൽ ജീവിതം മാറ്റിമറിക്കുന്ന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തവും ആകർഷകവുമായ ഉത്പന്നങ്ങൾ അവതരിപ്പിച്ച് ഉപഭോക്തൃശൃംഖല വർദ്ധിപ്പിക്കുമെന്ന് ഡയറക്‌ടറും സി.ഒ.ഒയുമായ വി. രാമചന്ദ്രൻ പറഞ്ഞു. ഉപഭോക്താവ്, വിപണി, സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കി നാല്പതു വർഷം മുന്നിൽ കണ്ടാണ് ആസൂത്രണമെന്ന് അദ്ദേഹം പറഞ്ഞു.
സമഗ്രമായ മാറ്റവും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞുമാണ് പുതിയ ബ്രാൻഡ് ഒരുക്കിയതെന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് നന്ദഗോപാൽ നായർ ‌പറഞ്ഞു.
ഇന്റലിജന്റ് വാട്ടർ ഹീറ്റർ, എൽ.ഇ.ഡിയോടു കൂടിയ സ്‌മാർട്ട് ഫാൻ എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചു. മോഡുലാർ സ്വിച്ച്, എയർ കൂളർ എന്നിവയും കൂടുതൽ സ്‌മാർട്ട് ഉത്പന്നങ്ങളും വിപണിയിലെത്തിക്കും. 2,500 കോടി രൂപയുടെ വിറ്റുവരവാണ് വി- ഗാർഡ് പ്രതീക്ഷിക്കുന്നതെന്ന് മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ