ഒറ്റയ്ക്കെന്ന പേടി വേണ്ട,​ വിളിപ്പുറത്ത് ആളുണ്ട്
March 11, 2018, 12:04 am
എ.ആർ.വിജയൻ
പിറവം: ഇവിടെ ആരും തുണയില്ലെന്ന ഭീതി വയോധികർക്കു വേണ്ട. മക്കളോ മറ്റ് സഹായികളോ ഇല്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധജനങ്ങളുടെ തുണയ്ക്കായി  'അലാറം' ഘടിപ്പിച്ചുകൊണ്ടുള്ള കരുതൽ പദ്ധതിക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് രൂപം നൽകി. ആദ്യഘട്ടമായി പിറവം, മുളന്തുരുന്തി ബ്ലോക്ക് പഞ്ചായത്തിൽ മാർച്ച് അവസാനത്തോടെ ഇത് നടപ്പാക്കും. അമേരിക്ക, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിൽ നിലവിലുള്ള ഈ സംരംഭം കേരളത്തിൽ ആദ്യമാണ്.
മരടിലെ നിലവിലുള്ള കൺട്രോൾ റൂം ഇതിനായി ഉപയോഗപ്പെടുത്തും. രണ്ട് അംഗങ്ങളുള്ള വയോജന കുടുംബത്തിന് ഏകദേശം 3000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യനീതി വകുപ്പിനാണ് നിർവഹണ ചുമതല. ആശാവർക്കർമാർ, ജനമൈത്രി പൊലീസ്, നെഹ്റു യുവജന കേന്ദ്രം പ്രവർത്തകർ എന്നിവരുടെ സഹകരണവുമുണ്ടാകും.

അലാറം പ്രവർത്തനം?
 മൊബൈൽ സിമ്മിലൂടെ പ്രവർത്തിക്കുന്ന അലാറമാണ് പ്രധാന സംവിധാനം. ഈ ഉപകരണം വീട്ടിലുള്ളവർക്ക് എളുപ്പം കൈയെത്താവുന്നിടത്ത് സ്ഥാപിക്കും. കോഡ്‌ലസ് റസീവറും ഇതിലുണ്ടാവും. അതിലൂടെ പദ്ധതിയുടെ പരിധിയിലുള്ളവരുമായിലുള്ളവരുമായി സംസാരിക്കാം. അവശ്യഘട്ടത്തിൽ ഇതിലെ ബട്ടൺ അമർത്തിയാൽ ജില്ലാ കൺട്രോൾ റൂമിലും വോളന്റിയർമാരുടെ ഫോണിലും സന്ദേശമെത്തും. ഇവർ ഉടനെ വീട്ടിലെത്തും. വാർഡുതോറും ഓരോ വോളന്റിയർമാരുണ്ടാകും. നിശ്ചിത സമയത്തിനകം ആളെത്തിയില്ലെങ്കിൽ കൺട്രോൾ റൂമിൽ നിന്ന് അടുത്ത വാർഡിലെ വോളന്റിയർമാർക്കും സന്ദേശം പോകും.

 ദിവസവും കരുതൽ
ദിവസേന രണ്ടു പ്രാവശ്യം വീടുകളിലെ അലാറം മുഴങ്ങും. അപ്പോൾ റസീവ്‌ ബട്ടൺ അമർത്തിയില്ലെങ്കിൽ രണ്ട് മണിക്കൂർ കഴിയുമ്പോൾ വീണ്ടും അലാറം കേൾക്കും. അപ്പോഴും പ്രതികരണമുണ്ടായില്ലെങ്കിൽ വോളന്റിയമാർ വീട്ടിലെത്തും. തുടക്കത്തിൽ കുടുംബശ്രീ, സാക്ഷരത പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരാകും വോളന്റിയർമാരായി പ്രവർത്തിക്കുക.

 1200 വീടുകളിൽ ഉടനെ
മുളന്തുരുത്തി ബ്ളോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 1200 വീടുകളിൽ അലാറം പദ്ധതി ആദ്യം നടപ്പാക്കും. ഇതിന് ചെലവുവരുന്ന 3.6 കോടി രൂപ ജില്ലാ പഞ്ചായത്ത് വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ ടെക്‌നിക്കൽ ഓഫീസർമാർ സാങ്കേതിക സഹായം നല്കും. പരിശീലനം അടുത്തയാഴ്ച തുടങ്ങും.
ആശ സനിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ