അക്ഷരങ്ങളാണ് മായയുടെ കരുത്ത്
March 14, 2018, 12:28 am
സുരേഷ് അങ്കമാലി
അങ്കമാലി: 'എഴുത്ത് എനിക്ക് സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ്. ഓർമയുടെ ഇലച്ചീന്തിൽ, പട്ടുവിരിച്ച് ഊഞ്ഞാലുകെട്ടി, ഒരു പൂമ്പാറ്റയായി ഞാൻ എന്റെ തൊടിയിലും മുറ്റത്തും ഇറങ്ങിച്ചെന്ന് സ്വയം മറന്ന് ആസ്വദിച്ച് എഴുതിയതാണ് ഈ കവിതകൾ'....
30 വർഷമായി ശയ്യാവലംബിയായ കഴിയുന്ന കവയിത്രി മായാ ബാലകൃഷ്ണന്റെ രണ്ടാമത്തെ കവിതാസമാഹാരമായ 'നിഷ്‌കാസിതരുടെ ആരൂഢ'ത്തിലെ വരികളാണിവ. നായത്തോട് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹത്തിനു സമീപത്ത് കാവുങ്ങൽ അദ്ധ്യാപക ദമ്പതികളായ പരേതനായ കെ.എസ്. ബാലകൃഷ്ണൻനായരുടെയും പി.കെ. വിജയമ്മയുടെയും മകളായ മായയ്ക്ക് 90 ശതമാനം ചലനശേഷി ഇല്ല. എങ്കിലും അക്ഷരഭൂമിയിൽ തന്റേതായ ഇടം കണ്ടെത്തി ഈ 48കാരി.
ഏറെ നാളായി കരുതിവെച്ച കുറെ കവിതകൾ 'തുടികൊട്ട്' എന്ന പേരിൽ അച്ചടിച്ചു വരും മുമ്പേ നവമാദ്ധ്യമങ്ങളുടെ ലോകത്ത് മായ ശ്രദ്ധേയയായി. തോല്ക്കാനുള്ളതല്ല ജീവിതമെന്നുറപ്പിച്ച മനക്കരുത്തിൽ നിന്നാണ് കവിതകൾ ഓരോന്നും പിറന്നത്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത കവിതാസമാഹാരവും എത്തി. പ്രതിരോധവും പ്രത്യാശയും ചേർന്ന കാഴ്ചപ്പാടുകളാണ് രണ്ടാമത്തെ പുസ്തകത്തിൽ.
മനസ് കവിതയെഴുത്തിന്റെ ലഹരിയിലാകുമ്പോൾ ശാരീരിക അസ്വാസ്ഥ്യങ്ങൾ മറക്കും. ടാബ് നെഞ്ചിൽ വച്ച് കൈകൾ കൊണ്ട് പതിയെ ടൈപ്പ് ചെയ്യും. പ്രസിദ്ധീകരിച്ച രണ്ട് കവിതാസമാഹാരത്തിലുമായി 73 കവിതകളുണ്ട്.
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് റുമെറ്റോയ്ഡ് ആർത്രൈറ്റിസ് രോഗം മായയെ പിടികൂടുന്നത്. ആദ്യതവണ പരീക്ഷ എഴുതാൻ സാധിച്ചില്ല. പിന്നീട് ചികിത്സയ്ക്കിടെ പരീക്ഷയെഴുതി 78 ശതമാനം മാർക്ക് നേടി. കാലടി ശ്രീശങ്കര കോളജിലെ പ്രീഡിഗ്രി പഠനം തുടരാനായില്ല. 1988 ആയപ്പോഴേക്കും രോഗത്തിന്റെ കാഠിന്യത്താൽ പൂർണമായും തന്നിലേക്ക് ഒതുങ്ങി.
എഴുത്തിനെ ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ട് അഞ്ചു വർഷമായി. ഫേസ്ബുക്കാണ്പ്രധാന മാദ്ധ്യമം. ഇതിലൂടെ കവിതകൾ ലോകമറിഞ്ഞു. വിദേശത്തും സ്വദേശത്തും ഒട്ടേറെ വായനക്കാരായി. ഫേസ്ബുക്കിൽ ഉൾപ്പടെയുള്ള കൂട്ടുകാരാണ് കവിതകൾ പുസ്തകമാക്കാൻ മുന്നിട്ടിറങ്ങിയത്. സോഷ്യൽ മീഡിയയിൽ വിശാലമായ എഴുത്തിടം കണ്ടെത്താനായതും സൗഹൃദങ്ങളെ എത്തിപ്പിടിക്കാൻ കഴിഞ്ഞതുമാണ് തന്റെ വിജയത്തിന് പിന്നിലെന്നു മായ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ