വനിതാദിനത്തിൽ ഓർമ്മകൾ മറഞ്ഞും തെളിഞ്ഞും ലീലാമേനോൻ
March 8, 2018, 12:30 am
പ്രസന്ന
കൊച്ചി: പ്രശസ്ത പത്രപ്രവർത്തക ലീലാമേനോന്റെ മൊബൈൽ ഫോണിലേക്ക് കുറേ ദിവസങ്ങളായി നിലയ്‌ക്കാത്ത വിളികളായിരുന്നു. ഇന്നത്തെ വനിതാദിന പരിപാടികളിലേക്കുള്ള ക്ഷണമായിരുന്നു എല്ലാം. കഴിഞ്ഞവർഷം ഇതേദിവസം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സർക്കാരിന്റെ വനിതാരത്ന പുരസ്കാരം ഏറ്റുവാങ്ങിയ ലീലാമേനോൻ ഇത്തവണ ഇവിടെ ആശുപത്രിക്കിടക്കയിലാണ്. എൺപത്തഞ്ച് വയസിന്റെ അവശതകളിൽ മറഞ്ഞും തെളിഞ്ഞും നിൽക്കുന്ന ഓർമ്മകളുമായി... വനിതാശാക്തീകരണം ഫാഷനാകുന്നതിന് മുമ്പ് സ്‌ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്‌ത ലീലാമേനോൻ. മാദ്ധ്യമരംഗത്ത് സ്‌ത്രീശബ്‌ദത്തിന്റെ ശക്തമായ സാന്നിദ്ധ്യം. സ്‌ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങൾ മാദ്ധ്യമങ്ങളുടെ അജൻഡയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പത്രപ്രവർത്തക. ഇന്ന് വനിതാദിനമാണെന്ന് പോലും അവർ അറിയുന്നുണ്ടാവില്ല. പാതിമയക്കത്തിലാണെങ്കിലും വാർത്തയെന്ന് കേട്ടാൽ കണ്ണുകൾ തുറക്കും. വാർത്തയുടെ പ്രലോഭനത്തിൽ കുരുക്കിയാണ് ലീലയെ സുഹൃത്തുക്കൾ വർത്തമാനകാലത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം പത്രത്തിന്റെ ഒന്നാം പേജിലെ ഫോട്ടോ കാണിച്ചപ്പോൾ സുഹൃത്തായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി ഇനിയില്ലെന്ന യാഥാർത്ഥ്യം അവർ ഉൾക്കൊണ്ടു. ഈ രണ്ടു ചുവന്ന പൊട്ടുകാരികളും കൊച്ചിയിലെ വനിതാദിനാഘോഷങ്ങളിൽ മുഖ്യ പ്രഭാഷകരായി നിറഞ്ഞുനിന്നവരാണ്. ലീലാമേനോന്റെ പ്രിയതമൻ മേജർ ഭാസ്‌കരമേനോൻ മരിച്ചിട്ട് വർഷങ്ങളായി. അടുത്ത ബന്ധുക്കളാരും നാട്ടിലില്ല. എങ്കിലും ലീലാമേനോന് കൂട്ടിരിക്കാൻ സുഹൃത്തുക്കൾ മനസ് വയ്‌ക്കുന്നു. പത്രപ്രവർത്തനത്തിൽ വഴികാട്ടിയായ പ്രേമ മൻമഥൻ, സഖി എന്ന സന്നദ്ധ സംഘടനയുടെ മേധാവി ബീന സെബാസ്‌റ്റ്യൻ എന്നിവരുൾപ്പെട്ട സംഘമാണ് കൂട്ടിരിക്കുന്നത്. ആശുപത്രി വിശേഷങ്ങൾ കൈമാറാനായി മാത്രം ഒരു വാട്ട്സ് ആപ്പ് കൂട്ടായ്‌മയും ഉണ്ട്. ആത്മസഖിയും കവയിത്രിയുമായ സുഗതകുമാരിയുടെ പതിഞ്ഞ ശബ്‌ദം ഏതുസമയത്തും ലീല തിരിച്ചറിയുന്നുണ്ട്.
കൊച്ചിയിലെ ഫ്ളാറ്റിലെ അയൽക്കാരനും സർക്കാർ ഉദ്യോഗസ്ഥനുമായ വത്സനും കുടുംബവും മക്കളെപ്പോലെ എല്ലാം നോക്കി ഒപ്പമുണ്ട്. കേരളത്തിന്റെ നാനാഭാഗത്തു നിന്നും സഹപ്രവർത്തകയുടെ വിവരങ്ങൾ അന്വേഷിച്ച് പത്രപ്രവർത്തകരുടെ ഫോൺകാളുകളും എത്തുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ