ഇൗ കുറുക്കൻ വെജിറ്റേറിയനാണേ...
March 13, 2018, 12:00 pm
മനുഷ്യരെ പട്ടിണിക്കിട്ട് പരീക്ഷണങ്ങൾ നടത്തിയിരുന്ന ഹിറ്റ്ലർ സ്റ്റൈലിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ട്. ഇതെല്ലാം പഴയതല്ലേ എന്നുപറഞ്ഞ് തള്ളിക്കളയുന്നവരുടെ ശ്രദ്ധയ്ക്ക്- ഇപ്പോഴും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് 'ജുമാൻജി'യെന്ന കുഞ്ഞിക്കുറുക്കൻ. ജുമാൻജിയുടെ ഉടമസ്ഥ സോണിയ സേ എന്ന വനിതയാണ് ഭ്രാന്തൻ പരീക്ഷണങ്ങളുടെ പേരിൽ ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികളുടെ കടുത്ത വിമർശനങ്ങൾക്ക് ഇരയാകുന്നത്. പൊതുവെ മാംസഭുക്കുകളായ 'ഫെനിക് ഫോക്‌സസ്' വിഭാഗത്തിൽപ്പെടുന്നതാണ് ജുമാൻജി. എലി , മുയൽ, മുട്ട , ഇഴജന്തുക്കൾ, പ്രാണികൾ തുടങ്ങിവയാണ് പ്രധാന ഭക്ഷണം. ഇവയുടെ ശരീര പ്രകൃതിയും ഇതിന് അനുയോജ്യമായതാണ്. ഇതൊന്നും കണക്കിലെടുക്കാതെ സോണിയ ജുമാൻജിയെ 'വെജിറ്റേറിയനാക്കാനായി ' സസ്യങ്ങൾ തീറ്റിച്ചതാണ് കാര്യങ്ങൾ കീഴ്മേൽ മറിയാൻ കാരണം. ജുമാൻജിയോട് സ്നേഹമില്ലാത്തതുകൊണ്ടാണ് ഇതെന്ന് കരുതരുതേ. മക്കളെക്കാൾ സോണിയ സ്നേഹിക്കുന്നത് ജുമാൻജിയെയാണ്.

കഴിഞ്ഞ ദിവസം സോണിയ ജുമാൻജിയുടെ പടം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇതിന്റെ അടിക്കുറിപ്പാണ് വിവാദങ്ങൾ വഴിമരുന്നിട്ടത്. തന്റെ കുഞ്ഞിക്കുറുക്കന് ഇത്രനാളും സസ്യാഹാരം മാത്രമാണ് നൽകുന്നതെന്നാണ് സോണിയയുടെ വെളിപ്പെടുത്തൽ ! ഭ്രാന്തൻ ആശയങ്ങൾ പാവം ജന്തുവിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം. വളർത്തു മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന 'പെറ്റ' എന്ന അന്താരാഷ്ട്ര സംഘടനയും സോണിയയുടെ പരീക്ഷണങ്ങളെ വിമർശിച്ച് രംഗത്തെത്തി. പാവം ജുമാൻജിയുടെ ശരീരത്തിലെ രോമം കൊഴിയാൻ കാരണം ക്രമരഹിതമായ ഭക്ഷണക്രമമാണെന്നാണ് അവരുടെ കണ്ടെത്തൽ.
എന്നാൽ, ഈ ആരോപണം നിഷേധിച്ച് സോണിയ തന്നെ രംഗത്തെത്തി. കടുത്ത ശൈത്യമാതയിനാൽ ജുമാൻജിയുടെ തൊലിപ്പുറത്ത് അലർജി വന്നതാണെന്നും തണുപ്പ് സീസൺ അവസാനിക്കുന്നതോടെ ഇത് മാറാറുണ്ടെന്നുമാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനിടെ ബാഴ്‌സലോണയിലെ 'വീഗൻ പെറ്റ് ഫുഡ്' എന്ന പേരിൽ സസ്യാഹാരികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം പ്രചാരകർ സോണിയയെ പിന്തുണച്ച് രംഗത്തെത്തി. വളർത്ത് മൃഗങ്ങളിൽ ഇവർ നടത്തിയ പരീക്ഷണങ്ങളുടെ യൂട്യൂബ് വീഡിയോ സഹിതം തെളിവായി ഇവർ ഷെയർ ചെയ്തിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ