നടിയെ ആക്രമിച്ച കേസ് : വിചാരണയ്‌ക്ക് ഇന്ന് തുടക്കം
March 14, 2018, 12:18 am
നിയമകാര്യ ലേഖകൻ
കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണത്തീയതി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് കേസ് പരിഗണിക്കുന്നത്. ചലച്ചിത്ര നടൻ ദിലീപ് ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനായി റിമാൻഡിൽ കഴിയുന്ന പൾസർ സുനിയടക്കമുള്ള പ്രതികൾക്ക് പ്രൊഡക്‌ഷൻ വാറന്റും ജാമ്യത്തിൽ കഴിയുന്ന ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് സമൻസും കോടതി നൽകിയിരുന്നു.

2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. നടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പൾസർ സുനിയെയും വിജേഷിനെയും പൊലീസ് എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയിൽ നിന്ന് പിടികൂടുകയായിരുന്നു. നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നൽകിയശേഷം കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചു. തുടർന്നാണ് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത്.

എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹ ബന്ധം തകരാൻ കാരണം യുവനടിയാണെന്നതിനാൽ ദിലീപിന് ഇവരോട് പകയുണ്ടെന്നും അശ്ളീലദൃശ്യം പകർത്താൻ സുനിക്ക് ക്വട്ടേഷൻ നൽകിയെന്നും അന്വേഷണസംഘം കണ്ടെത്തി. തുടർന്നാണ് അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതികൾ ദൃശ്യം പകർത്തിയ മൊബൈലും മെമ്മറികാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

 പ്രതികൾ
1. വേങ്ങൂർ എലമ്പക്കാമ്പള്ളി നെടുവേലിക്കുടിയിൽ പൾസർ സുനി
2. കൊരട്ടി തിരുമുടിക്കുന്ന് പൗവ്വത്തുശ്ശേരിയിൽ മാർട്ടിൻ ആന്റണി
3. തമ്മനം മണപ്പാട്ടിപറമ്പിൽ മണികണ്ഠൻ
4. കതിരൂർ മംഗലശേരി വി.പി. വിജേഷ്
5. ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പിൽ വടിവാൾ സലിം എന്ന സലിം
6. തിരുവല്ല പെരിങ്ങറ പഴയ നിലത്തിൽ പ്രദീപ്
7. കണ്ണൂർ ഇരിട്ടി പൂപ്പള്ളിയിൽ ചാർലി തോമസ്
8. ചലച്ചിത്ര നടനും ആലുവ സ്വദേശിയുമായ നടൻ ദിലീപ്
9. പത്തനംതിട്ട കോഴഞ്ചേരി സ്നേഹ ഭവനിൽ മേസ്തിരി സനിൽ എന്ന സനിൽകുമാർ
10. കാക്കനാട് ചെമ്പുമുക്ക് കുന്നത്തു വീട്ടിൽ വിഷ്‌ണു
11. ആലുവ ചുണങ്ങുംവേലി ചെറുപറമ്പിൽ അഡ്വ. പ്രദീഷ് ചാക്കോ
12. എറണാകുളം ബ്രോഡ്‌വേയിൽ പാതപ്ളാക്കൽ അഡ്വ. രാജു ജോസഫ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ