കേരളത്തെ ആയുർവേദ ഹബ്ബാക്കും: മന്ത്രി കെ.കെ. ശൈലജ
April 14, 2018, 5:50 am
കൊച്ചി: കേരളത്തെ ആയുർവേദ ഹബ്ബാക്കി മാറ്രാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പുനർനവ ആയുർവേദ ഹോസ്‌പിറ്റലിന്റെ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങൾ ഹോട്ടൽ ലെ മെറിഡിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുർവേദ ടൂറിസം, ബിസിനസ്, ചികിത്സ എന്നിവ സമന്വയിപ്പിച്ച് സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടമായി കണ്ണൂരിലെ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തിൽ ഇരിക്കൂർ പുഴയുടെ തീരത്ത് 300 ഏക്കറിൽ മ്യൂസിയം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. സ്ഥലം ഏറ്റെടുത്ത്, രണ്ട് മാസത്തിനകം തറക്കല്ലിടും. ആയുർവേദത്തിന്റെ അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിയിൽ ആയുർവേദ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
രജതജൂബിലി പ്രമാണിച്ച് പുനർനവ ആവിഷ്‌കരിച്ച സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പുനർനവ ഡയറക്‌ടർ ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കേപ് അവാർഡ് സൗദി ആസ്ഥാനമായ അൽ ഹോകൈർ ഗ്രൂപ്പ് ചെയർമാൻ ഷെയ്‌ക് അബ്‌ദുൾ മൊഹ്‌സിൻ അൽ ഹോകൈറിനും മെഡിക്കൽ ടൂറിസം അവാർഡ് കെ.എ. അബൂബക്കർ കിഴക്കേക്കരക്കും മന്ത്രി സമ്മാനിച്ചു. ഗുരുവന്ദനം പരിപാടിയിൽ മുതിർന്ന ആയുർവേദ അദ്ധ്യാപകരായ ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി, ഡോ.പി.കെ മോഹൻലാൽ, ഡോ.ടി. ശങ്കരൻകുട്ടി, ഡോ.പി. ശ്രീകണ്‌ഠൻ നായർ, ഡോ.പി.കെ. ശാന്തകുമാരി, പ്രൊഫ. ജോൺ കെ. ജോർജ്, പ്രൊഫ. വിദ്യാധരൻ, പ്രൊഫ. വസന്തകോകിലം എന്നിവരെ ആദരിച്ചു.
എം.എൽ.എമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, മരട് നഗരസഭാ ചെയർപേഴ്‌സൺ സുനില സിബി, ഡോ.പി.എം. വാര്യർ, കെ. ചന്ദ്രൻപിള്ള, എ.എൻ. രാധാകൃഷ്‌ണൻ, എ.കെ. മസൂദ് , ഡോ.എസ്. സജികുമാർ, പുനർനവ ചെയർമാൻ ഡോ.എ.എം. അൻവർ, മെഡിക്കൽ ഡയറക്‌ടർ ഡോ. ജസീല അൻവർ എന്നിവർ സംസാരിച്ചു.
പ്രിവന്റീവ് കാർഡിയോളജിയെക്കുറിച്ചുള്ള ദേശീയ സെമിനാർ 'ഹൃദയപൂർവം പുനർനവ'യിൽ ഡോ.എം.ആർ.വി. നമ്പൂതിരി, ഡോ. വിനോദ് തോമസ്, ഡോ.എൽ. മഹാദേവൻ, പ്രൊഫ. ജയ്ദീപ് സി. മേനോൻ, ഡോ.എസ്. ഗോപകുമാർ എന്നിവർ പ്രഭാഷണം നടത്തി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ