മാലിന്യക്കൂമ്പാത്തിന് മുന്നിൽ സബ് ജഡ്‌ജി കുത്തിയിരുന്നു
June 13, 2018, 1:38 am
കൊച്ചി : പഴം - പച്ചക്കറി മാർക്കറ്റിലെ മാലിന്യക്കൂമ്പാരം നീക്കാൻ സബ് ജഡ്‌ജി നടത്തിയ കുത്തിയിരിപ്പു സമരം ഫലം കണ്ടു. അഞ്ചര മണിക്കൂർ കൊണ്ട് നഗരസഭ മാലിന്യം നീക്കി മാർക്കറ്റ് ക്ളീനാക്കി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ സെക്രട്ടറിയായ സബ് ജഡ്‌ജി എ.എം. ബഷീറാണ് വേറിട്ട പ്രതിഷേധവുമായി മാലിന്യനീക്കത്തിന് വഴിയൊരുക്കിയത്.
ഇന്നലെ രാവിലെ 10.30ന് ബ്രോഡ്‌വേയിലെ പഴം - പച്ചക്കറി മാർക്കറ്റിലെ കടകളിൽ പരിശോധന നടത്താനാണ് ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. തിരിച്ചു പോകുമ്പോഴാണ് കുന്നുപോലെ കൂട്ടിയിട്ട മാലിന്യങ്ങൾ സബ് ജഡ്‌ജി ശ്രദ്ധിച്ചത്. തുടർന്ന് അന്വേഷിച്ചപ്പോൾ ദിവസവും രണ്ടു ലോഡ് മാലിന്യം മാത്രമാണ് ഇതിൽ നിന്നു നീക്കം ചെയ്യുന്നതെന്നും ബാക്കി അവിടെത്തന്നെ കിടക്കുകയാണെന്നും സമീപത്തെ കടക്കാർ പറഞ്ഞു. കോഴിവേസ്റ്റും ഹോട്ടൽ മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്നു തള്ളുന്നുണ്ട്. മാലിന്യനീക്കം കാര്യക്ഷമമല്ലെന്നും കോടതിയുത്തരവുകളുണ്ടായിട്ടും ഫലമില്ലെന്നും കച്ചവടക്കാർ എ.എം. ബഷീറിനോടു പറഞ്ഞു. തുടർന്നാണ് മാലിന്യക്കൂമ്പാരം നീക്കുന്നതുവരെ അവിടെയിരിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ചർച്ച ചെയ്തു പരിഹരിക്കാമെന്ന് വ്യക്തമാക്കി ചിലർ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 11.40 മുതൽ മാലിന്യക്കൂമ്പാരത്തിന് സമീപം കസേരയിട്ട് ഇരിക്കാൻ അദ്ദേഹം തയ്യാറായി. വിവരം വാർത്തയായതോടെ നഗരസഭാധികൃതർ പാഞ്ഞെത്തി. മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങി. അഞ്ചരമണിക്കൂർ കൊണ്ട് 12 ലോഡ് മാലിന്യമാണ് ഇവിടെ നിന്ന് നീക്കിയത്. തുടർന്ന് ബ്ളീച്ചിംഗ് പൗഡർ വിതറിയെന്ന് ഉറപ്പു വരുത്തിയശേഷമാണ് സബ് ജഡ്ജി എ.എം. ബഷീർ മടങ്ങിയത്.

 ക്ളാസുകളും നിർദ്ദേശങ്ങളും
ഫലിച്ചില്ലെന്ന് എ.എം. ബഷീർ
കൊച്ചിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന 30 സ്പോട്ടുകൾ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലും സമാനരീതിയിലുള്ള പ്രതിഷേധവുമായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയെത്തും. പകർച്ചവ്യാധി ഭീഷണിയുള്ള നമ്മുടെ നാട്ടിൽ മാലിന്യ സംസ്കരണം ശരിയായി നടന്നില്ലെങ്കിലുണ്ടാവുന്ന ഭവിഷ്യത്ത് എല്ലാവർക്കുമറിയാം. ബോധവത്കരണ ക്ളാസുകളും നിർദ്ദേശങ്ങളും നൽകി. ഫലിക്കാതെ വന്നതുകൊണ്ടാണ് ഇങ്ങനൊരു മാർഗം സ്വീകരിച്ചത് - എ.എം. ബഷീർ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ