സി.പി.എമ്മിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി കായലിൽ ചാടിയ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്താനായില്ല
June 14, 2018, 3:41 am
 നാവികസേനയും കോസ്‌റ്റൽ പൊലീസും തെരച്ചിൽ നടത്തി
കൊച്ചി: സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി കായലിൽ ചാടിയ എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്‌ണനെ (74) കണ്ടെത്താനായില്ല. നാവികസേനയും കോസ്‌റ്റൽ പൊലീസും ഇന്നലെ സംയുക്തമായി തെരച്ചിൽ നടത്തി.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈപ്പിനിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടിൽ നിന്ന് കൃഷ്‌ണൻ കായലിൽ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ആത്മഹത്യാക്കുറിപ്പ് ഏല്പിക്കുകയും ചെയ്‌തു. ഇക്കഴിഞ്ഞ മാർച്ച് 31ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെ കൃഷ്‌ണന് പ്രസിഡന്റ് സ്ഥാനം നഷ്‌ടമായി. സ്ഥാനനഷ്‌ടമല്ല ആത്മഹത്യയ്‌ക്ക് പിന്നിലെന്നും തന്നെ പാർട്ടിയിൽ നിന്ന് പുകച്ചു പുറത്താക്കുകയാണ് സി.പി.എം എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയെന്നും കത്തിൽ പറയുന്നു. താൻ തെറ്റുകളുടെ കൂമ്പാരമാണെന്നും വലിയൊരു തെറ്റ് ചെയ്തിട്ടുണ്ടെന്നും കത്തിലുണ്ട്. ലോക്കൽ കമ്മിറ്റിയംഗമായ കൃഷ്‌ണൻ കഴിഞ്ഞ ദിവസം നടന്ന ലോക്കൽ കമ്മിറ്റിയിലും കായലിൽ ചാടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും പങ്കെടുത്തിരുന്നു. ബോട്ട് ലാസ്‌ക്കറിന്റെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തു.
പത്ത് വർഷമായി പഞ്ചായത്ത് അംഗമായ കൃഷ്ണൻ രണ്ടരവർഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. 23 അംഗ പഞ്ചായത്തിൽ 8 അംഗങ്ങൾ മാത്രമാണ് ഇടതുമുന്നണിക്ക്. രണ്ട് വിമത കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ മത്സരിച്ച് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്. ആർ.എം.എസ് റിട്ട. ജീവനക്കാരൻ കൂടിയ കൃഷ്ണന് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ