അഭിമന്യു വധം: പോപ്പുലർഫ്രണ്ട് പ്രവർത്തകൻ ഉൾപ്പെടെ രണ്ടു പേർ അറസ്‌റ്റിൽ
July 13, 2018, 1:16 am
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരായ എറണാകുളം വെണ്ണല സ്വദേശി അനൂപ്, തോപ്പുംപടി കരുവേലിപ്പടി സ്വദേശി നിസാർ എന്നിവരെ അന്വേഷണസംഘം അറസ്‌റ്റു ചെയ്‌തു.
അക്രമത്തിൽ നേരിട്ടു പങ്കാളികളായവരെ നിസാർ സ്വന്തം കാറിൽ രക്ഷപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. വാഹനവും കസ്‌റ്റഡിയിലെടുത്തു. അനൂപ് ഗൂഢാലോചനയിൽ പങ്കാളിയാണ്. ഇതോടെ അറസ്‌റ്റിലായവരാടെ എണ്ണം ഒമ്പതായി. അക്രമികളെ വിളിച്ചുവരുത്തിയ കോളേജിലെ മൂന്നാംവർഷ അറബിക് ബിരുദ വിദ്യാർത്ഥി ചേർത്തല അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദിന്റെ അയൽവാസികളായ ഷാജഹാൻ, ഷിറാസ് അലി എന്നിവരെ കസ്‌റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലനത്തിന് നേതൃത്വം നൽകുന്ന ഇവർ പ്രതികളാണോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് 11 ദിവസത്തിനു ശേഷവും നേരിട്ടു പങ്കെടുത്തുവരെ പിടികൂടാനായില്ല. സംസ്ഥാനമൊട്ടാകെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പൊലീസ് കസ്‌റ്റഡി അവസാനിച്ചതോടെ ആദ്യം അറസ്‌റ്റിലായ കോട്ടയം കങ്ങഴ പത്തനാട്​ ചിറക്കൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടാങ്ങൽ നാരകത്തനാംകുഴിയിൽ ഫാറൂഖ്​ അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ റിയാസ്​ ഹുസൈൻ (37)എന്നിവരെ എറണാകുളം ജുഡിഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി 17 വരെ റിമാൻഡ്​ ചെയ്​തു.
 എൻ.ഐ.എ ഉടൻ വരില്ല
അഭിമന്യുവിന്റെ കൊലപാതക കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉടൻ ഏറ്റെടുക്കില്ല. കേസിൽ തീവ്രവാദ സ്വഭാവമുണ്ടോയെന്ന് സംസ്ഥാന പൊലീസ് ഇതുവരെ എൻ.ഐ.എയെ അറിയിച്ചിട്ടില്ല. എൻ.ഐ.എ അന്വേഷിക്കുന്ന തീവ്രവാദ കേസുകളിൽ ജാമ്യത്തിൽ കഴിയുന്നവരോ കുറ്റ വിമുക്തരാക്കപ്പെട്ടവരോ കൊലപാതകത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് എൻ.ഐ.എ പരിശോധിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല. തീവ്രവാദ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്താൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. യു.എ.പി.എ ചുമത്തുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് എൻ.ഐ.എ നിലപാട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ