കർഷകരുടെ നെഞ്ചിടിപ്പേറ്റി വെളിച്ചെണ്ണ ഇറക്കുമതി
July 10, 2018, 8:55 pm
പ്രത്യേക ലേഖകൻ

പ്രത്യേക ലേഖകൻ
വെളിച്ചെണ്ണയും ഇറക്കുമതി ചെയ്യുന്നു: ആശങ്കയിൽ നാളികേര കർഷകർ
കൊച്ചി: തെങ്ങുകൾക്ക് രോഗബാധ, ന്യായവില ലഭിക്കുന്നില്ല... ഇങ്ങനെ നാളികേര കർഷകരുടെ ദുരിതങ്ങൾ പറഞ്ഞാലൊടുങ്ങില്ല. അതിന് പിന്നാലെയാണ് ദാ വെളിച്ചെണ്ണ ഇറക്കുമതിയെന്ന ഭീഷണിയും വന്നിരിക്കുന്നത്. ഭീഷണിയെന്ന് പറഞ്ഞുകൂടാ. കേന്ദ്ര സർക്കാരിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതികളുടെ മറവിൽ വൻകിട കമ്പനികൾ വെളിച്ചെണ്ണ ഇറക്കുമതി ആരംഭിച്ചുകഴിഞ്ഞു. കൊപ്രായ്ക്ക് പിന്നാലെ വെളിച്ചെണ്ണ ഇറക്കുമതിയും വരുന്നതോടെ
നാളികേര കർഷകർ ആശങ്കയിൽ മുങ്ങിത്താഴുകയാണ്.
മുംബയിലെ ഒരു സ്ഥാപനമാണ് വെളിച്ചെണ്ണ ഇറക്കുമതി ആരംഭിച്ചത്. കഴിഞ്ഞ മാസം ഏഴായിരം ടൺ വെളിച്ചെണ്ണയാണ് അവർ ഇറക്കുമതി ചെയ്തത്. മൂല്യവർദ്ധിത ഉല്പന്നമാക്കി കയറ്റുമതി ചെയ്യാൻ കേന്ദ്രം നൽകിയ അനുമതി പ്രകാരമാണ് വെളിച്ചെണ്ണ ഇറക്കുമതി. കൂടുതൽ കമ്പനികൾ ഇതേ രീതി സ്വീകരിച്ചാൽ കർഷകർക്ക് വിനയാകുമെന്നാണ് ആശങ്ക.
നാളികേര ഉല്പാദനത്തിൽ മുൻപന്തിയിലുള്ള ഇന്തോനേഷ്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന് കൊപ്ര ഇറക്കുമതി വ്യാപകമാണ്. കയറ്റുമതി പ്രോത്സാഹന പദ്ധതിയിലാണ് നികുതിയില്ലാത്ത ഇറക്കുമതി. ഇറക്കുമതി ചെയ്യുന്ന കൊപ്രയിൽ നിന്നുള്ള വെളിച്ചെണ്ണയുടെ 75 ശതമാനം ഉല്പന്നമാക്കി തിരിച്ച് കയറ്റുമതി നടത്തണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം നിരവധി വൻകിട കമ്പനികൾ കൊപ്രയും ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇറക്കുമതി ചെയ്യുന്ന കൊപ്രയിൽ നിന്ന് പൂർണമായും എണ്ണയെടുക്കാതെ പിണ്ണാക്ക് വിൽക്കുന്നതായും ആരോപണമുണ്ട്. ബിസ്കറ്റ് നിർമാണത്തിന് അസംസ്കൃത വസ്തുവായി എണ്ണ പൂർണമായെടുക്കാത്ത പിണ്ണാക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരം കമ്പനികളുമായുള്ള ധാരണയിലാണ് ഇറക്കുമതി ചെയ്യുന്ന കമ്പനികൾ എണ്ണ പൂർണമായി എടുക്കാത്തത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് കർഷകർ ആരോപിക്കുന്നു.

വില 30 ശതമാനം വരെ ഇടിഞ്ഞു
കൊപ്ര ഇറക്കുമതി വ്യാപകമായതോടെ ആഭ്യന്തര കൊപ്രയുടെ വില 30 ശതമാനം വരെ ഇടിഞ്ഞു.
ഐ.വി. ശങ്കരൻ , ജനറൽ സെക്രട്ടറി ആൾ ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷൻ

കർഷകർ ദുരിതത്തിൽ
വ്യാപകമായ രോഗബാധയും ന്യായവില ലഭിക്കാത്തതും മൂലം കർഷകർ ദുരിതത്തിലാണെന്ന് ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധ. ഇതുമൂലം ഉല്പാദനം ഇടിഞ്ഞു. ന്യായവില ലഭിക്കാത്തതാണ് കേരളത്തിലെ കർഷകരുടെ പ്രതിസന്ധി. കേരളത്തിൽ പത്തു രൂപ കർഷകന് ലഭിക്കുന്ന ഒരു നാളികേരം ഹൈദരാബാദിൽ 25ഉം വിജയവാഡയിൽ 30 ഉം ഡൽഹിയിൽ 50ഉം രൂപയ്ക്കാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഇടനിലക്കാരാണ് കൊള്ളലാഭം നേടുന്നത്. ഒഡിഷയിലെ മാതൃകയിൽ ഇടനിലക്കാരില്ലാതെ നേരിട്ട് വില്പനയ്ക്ക് സംവിധാനം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

ഡൽഹിയിൽ കർഷകറാലി
ഡോ.എം.എസ്. സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് നാളികേര കർഷകർ ആഗസ്റ്റിൽ ഡൽഹിയിലെ ജന്തർമന്ദിറിൽ റാലിയും ധർണയും നടത്തും. ഒൗചിത്യമില്ലാത്ത ഇറക്കുമതി സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടും.

ജേക്കബ് പുളിക്കൻ, കോ ഓഡിനേറ്റർ
നാളികേര കർഷക ഫെഡറേഷൻ

കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ഇറക്കുമതി

മൂല്യവർദ്ധിത ഉല്പന്നമാക്കി കയറ്റുമതി ചെയ്യാൻ കേന്ദ്രഅനുമതി
കൊപ്ര ഇറക്കുമതി നേരത്തെ വ്യാപകം
ഇറക്കുമതി ഇന്തോനേഷ്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന്

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ