ശശിയുടെ 'ചെത്ത്' പാട്ട് ഒടുവിൽ നാടറിഞ്ഞു
August 7, 2018, 9:47 am
കെ.എസ്. സന്ദീപ്
കൊച്ചി: വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു... ശശി പാടുകയാണ്. പക്ഷേ, ആരും ഈ ഗാനമാധുര്യം രുചിച്ചില്ല. കേട്ടില്ല, അറിഞ്ഞില്ല എന്നു പറയേണ്ടി വരും. തെങ്ങിൻ മുകളിലിരുന്നുള്ള പാട്ടു കേൾക്കാൻ ആരുമുണ്ടാകില്ലല്ലോ. പക്ഷേ, ശശിയെ അടുത്തറിയുന്ന ചിലർ വിട്ടില്ല. ആ ഗാനാലാപനം റെക്കാഡ് ചെയ്‌ത് ഫേസ്ബുക്കിലിട്ടു. വൈറലോട് വൈറൽ. പാണാവള്ളിക്കാരുടെ സ്വന്തം ശശിയേട്ടൻ സൂപ്പർഹിറ്റ്.
ചേർത്തലയ്‌ക്ക് സമീപമുള്ള പ്രദേശമാണ് പാണാവള്ളി. തേറും കുടുക്കയുമായി ഉടുപ്പിടാതെ നീങ്ങുന്ന ശശിയേട്ടനെ എല്ലാവർക്കുമറിയാം. 21-ാം വയസിൽ ശശി ചെത്താൻ തെങ്ങുകയറിത്തുടങ്ങി. ചെത്തിനിടയിൽ ഇഷ്ട ഗാനങ്ങൾ ഒന്നൊന്നായി പാടും. 56-ാം വയസിലും ശബ്ദസൗകുമാര്യത്തിന് ഉലച്ചിലില്ല.

ശശി മൂന്നാം ക്‌ളാസിൽ വച്ചാണ് പാടിത്തുടങ്ങിയത്. ക്ളാസ് മീറ്റിംഗുകളിലെ താരം. ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ പത്താം ക്‌ളാസിൽ പഠനം നിറുത്തി പണിക്കുപോയി. സംഗീതം പഠിച്ചിട്ടില്ല. ചിലർ സംഗീതപഠനത്തിന് ഉപദേശിച്ചു. പ്രതിഭയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞ ഹാർമോണിസ്‌റ്റ് ചക്കരക്കുളം സുരേഷ് വീട്ടിലെത്തി ശശിക്ക് എല്ലാ ഞായറാഴ്ചയും ക്ളാസെടുത്തു. ഇതിനിടയിൽ തൊടുപുഴയിലേക്ക് ചെത്തു മാറ്റി. അതോടെ പഠനം നിലച്ചു.
പിന്നീട് ക്ഷേത്രങ്ങളിലെ ഭജനകളിൽ പാടി. പാണാവള്ളിയിലെ ചെമ്പൈ സ്‌മാരക കലാകേന്ദ്രത്തിൽ ചേർന്നെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല. ഗാനമേളകളുടെ വസന്തകാലത്ത് കൊച്ചിൻ കോറസിൽ പാട്ടുകാരനായി. ചെത്തും പാട്ടും ഒരുമിച്ചു കൊണ്ടു പോകാനാവാതെ ആ അവസരവും അടഞ്ഞു.
പാട്ടുകൾ മനസിലിട്ട് സ്വന്തം ശൈലിയിൽ പാടുന്നതാണ് ശശി സ്‌റ്റൈൽ. പാണാവള്ളി അഞ്ചു തുരുത്തിൽ ആറു തെങ്ങുകൾ മാത്രമാണ് ഇപ്പോൾ ചെത്തുന്നത്. ദിവസം 150 രൂപ കിട്ടും. ജീവിതം ഇതുവരെ പച്ച പിടിച്ചിട്ടില്ല. ഇപ്പോഴും ഭജനകളിൽ മാത്രമാണ് ശശിയുടെ ഇടം. രണ്ടു പെൺമക്കളെ കെട്ടിച്ചു. ഇളയ മകൻ വെൽഡറാണ്. അച്‌ഛനൊപ്പം ഭജനകളിൽ പാട‌ും. ഭാര്യ പ്രസന്ന കയർ തൊഴിലാളിയായിരുന്നു.
പാട്ടുകളോടുള്ള കമ്പം മൂത്ത് ശശി മക്കൾക്ക് പേരിട്ടു, 'ശ്രുതി ലയ വിന്യാസം'. മൂത്ത മകൾ ശ്രുതി, രണ്ടാമത്തേത് ലയ, മൂന്നാമത്തേത് വിന്യാസ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ