കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം,ഫ്രാങ്കോയ്‌ക്കെതിരെ രണ്ട് നിർണായക തെളിവുകൾ
September 14, 2018, 8:10 am
കെ.എസ്. സന്ദീപ്
കൊച്ചി: കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ രണ്ടു നിർണായക തെളിവുകൾ പുതുതായി ലഭിച്ചെന്ന് അറിയുന്നു.പുതിയ തെളിവുകൾ എന്താണെന്ന് വെളിപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായില്ല. പീഡനം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളാണെന്ന് സൂചനയുണ്ട്.

രണ്ടു ദിവസത്തിനുള്ളിൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കും. ഫ്രാങ്കോ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് മുമ്പേ അറസ്‌റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ 'കേരളകൗമുദി'യോട് പറഞ്ഞു.

ഫ്രാങ്കോ 19 ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ജലന്ധർ പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയ്‌ക്ക് കൈമാറി. ജലന്ധർ പൊലീസ് ബിഷപ്പ് ഹൗസിലെത്തി നോട്ടീസ് ഫ്രാങ്കോയ്‌ക്ക് നേരിട്ട് നൽകും. 19 ന് തന്നെ ബിഷപ്പ് ഹാജരാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ലെന്ന് കേസിന്റെ തുടക്കത്തിൽ ഫ്രാങ്കോ വ്യക്തമാക്കിയിരുന്നു.

പഴയ സംഭവമായതിനാൽ സാക്ഷി മൊഴികളിൽ ചിലതിന് ബലക്കുറവാണ്. ഇവർ കോടതിയിൽ മൊഴി മാറ്റുകയോ വിശ്വാസയോഗ്യമല്ലാതാകുകയോ ചെയ്‌താൽ വൻതിരിച്ചടിയാകും. അതിനാലാണ് അറസ്‌റ്റ് വൈകുന്നത്.

കന്യാസ്‌ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ നടപടിയെടുത്തതിനു ശേഷമാണ് മാനഭംഗപ്പെടുത്തിയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സഭാ അധികാരികൾക്ക് നേരെത്ത പരാതി നൽകിയെന്നും നീതി ലഭിക്കാത്തതിനാൽ പൊലീസിനെ സമീപിച്ചെന്നുമായിരുന്നു കന്യാസ്‌ത്രീയുടെ മറുപടി. എന്നാൽ, കന്യാസ്‌ത്രീ പരാതി നൽകിയിട്ടുണ്ടെന്ന് സമ്മതിക്കാൻ സഭാ അധികാരികളിൽ ആരും തയ്യാറായില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ