കേരളത്തിൽ പ്രിയം വാഗമണ്ണും മൂന്നാറും
August 26, 2017, 12:03 am
സോജൻ സ്വരാജ്
 വാഗമണ്ണിലെത്തിയത് മൂന്നു തവണ  ഇടുക്കിയിലുണ്ടാക്കിയത് രണ്ട് അപകടം

ഇടുക്കി: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന് കേരളത്തിൽ പ്രിയം വാഗമണ്ണും മൂന്നാറും. ഏറ്റവും മുന്നിൽ തുറന്ന വാഹനത്തിൽ നാലു വശത്തേയ്ക്കും തോക്കും ചൂണ്ടി നിൽക്കുന്ന സുരക്ഷാഭടൻമാർ, അതിന് പിന്നിലായി നൂറോളം സുരക്ഷാഭടൻമാരുടെ അകമ്പടി വാഹനങ്ങൾ, അതിലേറെ അനുയായികൾ ഇതിന് നടുവിലായി അത്യാഡംബര ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങ്. ഇത്തരത്തിൽ കൗതുക കാഴ്ചകളുണർത്തി അതിവേഗം കടന്നു പോകുന്ന ഗുർമീത് റാം റഹീം സിങ്ങിന്റെ വരവ് ഇവിടത്തെ ആളുകൾക്ക് മറക്കാനാവാത്തതാണ്. 2014 മേയിലാണ് വാഗമണ്ണിൽ റഹീം സിങ്ങും അനുയായികളും ഒടുവിലായി വന്നു പോയത്. ഇതിന് ഒന്നര മാസം മുമ്പ് രണ്ടു തവണ വാഗമണ്ണിൽ വന്നിരുന്നു. അതിന് മുമ്പ് 2010 ജൂൺ 16 മുതൽ 27 വരെ മൂന്നാറിലും തേക്കടിയിലും എത്തിയിരുന്നു. ഒൻപതു ദിവസം മൂന്നാറിലും ഒരു ദിവസം തേക്കടിയിലും താമസിച്ച ശേഷമാണ് അന്ന് മടങ്ങിയത്. ധ്യാനത്തിനും സുഖവാസത്തിനും ചില ഷൂട്ടിംഗിനുമായാണ് ഇവിടെയെത്തുന്നതെന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും ഇവരുടെ വരവിന്റെ ലക്ഷ്യം പൊലീസിനോ ഇന്റലിജൻസ് വിഭാഗത്തിനോ അറിവുണ്ടായിരുന്നില്ല.

 വരുമ്പോഴും പോകുമ്പോഴും അപകടം
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലായിരുന്നു ഗുർമീത് റാം റഹീം സിങ്ങിന്റെ സഞ്ചാരം. ഇതിന് തന്റെ സ്വന്തം സുരക്ഷാഭടൻമാരും മറ്റ് സംസ്ഥാനങ്ങളുടെ പൊലീസിന്റെ സംരക്ഷണവും ഉണ്ടാകും. റഹിം സിങ്ങും അനുയായികളും കടന്നു പോകുന്ന വഴികളിൽ ട്രാഫിക് ഒരുക്കുക പൊലീസിന് ശ്രമകരമായ ജോലിയായിരുന്നു. 2010 ൽ മൂന്നാറിലെത്തിയപ്പോഴും മൂന്നാറിൽ നിന്നും തേക്കടിയിലേയ്ക്ക് പോയപ്പോഴും ഗുർമീത് റാം റഹീം സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. മൂന്നാർ പോതമേടിനടുത്ത് റിസോർട്ട് ജീവനക്കാരനായിരുന്ന റഷീദ് എന്നയാളെ ഇടിച്ച ശേഷം വാഹനം നിറുത്താതെ പോയി. പിന്നിട് ഇടിച്ച വാഹനത്തെ നാട്ടുകാർ തടഞ്ഞുവച്ചതോടെ റഹീം സിങ്ങിന്റെ അനുയായികളെത്തി അപകടത്തിൽ പരിക്കേറ്റ് കാലൊടിഞ്ഞയാൾക്ക് വിദഗ്ധ ചികിത്സ നൽകാമെന്ന് പറഞ്ഞതോടെയാണ് വിട്ടയച്ചത്. പിന്നീട് മൂന്നാറിൽ നിന്നും തേക്കടിയിലേയ്ക്ക് പോകും വഴിയാണ് പെട്ടിക്കട നടത്തുന്ന കട്ടപ്പന സ്വദേശിയായ ശശിധരൻ എന്നയാളെ വാഹനം ഇടിച്ചിട്ട് നിർത്താതെ പോയത്. ഇയാൾക്ക് നൽകാമെന്ന് പറഞ്ഞ ചികിത്സാ ചിലവ് നൽകിയില്ലന്നും പരാതിയുയർന്നിരുന്നു.

 പൊലീസിനെയും സഞ്ചാരികളെയും വലച്ച് സ്വാമിയുടെ കുളി

മടക്കയാത്രയിൽ സ്വാമി വെള്ളച്ചാട്ടത്തിൽ കുളിയ്ക്കാനിറങ്ങിയത് പോലീസിനെയും വിനോദസഞ്ചാരികളെയും ഒരു പോലെ വലച്ചു. മൂന്നാർ മറയൂർ പാതയിലുള്ള ലക്കം വെള്ളച്ചാട്ടം കാണാനായി സ്വാമിയും സംഘവും വാഹനം നിറുത്തി. പത്തു മിനിട്ടു മാത്രമെ ഇവിടെ ചിലവഴിക്കു എന്നാണു ഒപ്പമുണ്ടായിരുന്ന പൊലീസിനെ അറിയിച്ചത്. എന്നാൽ വെള്ളച്ചാട്ടം കണ്ടതോടെ സ്വാമിക്ക് കുളിക്കാൻ ആശയായി. ഇതോടെ ഇവിടെ നിന്നിരുന്ന വിനോദസഞ്ചാരികളെ പൊലീസും സ്വാമിയുടെ സുരക്ഷ സേനയും ചേർന്നു ഓടിച്ചു. പിന്നീട് വിനോദസഞ്ചാരികളെ മൂന്നു മണിക്കൂറോളം വെള്ളച്ചാട്ടം കാണാൻ അനുവദിച്ചില്ല. രാവിലെ ഒൻപതരയോടെ വെള്ളച്ചാട്ടത്തിലെത്തിയ സ്വാമി ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു മടങ്ങിയത്.

 പരിധിയിൽ മറ്റാരും പാടില്ല

ഗുർമീത് റാം റഹീം സിങ്ങ് തന്റെ അനുയായികളുമായി ഒരിടത്ത് താമസിക്കാൻ എത്തുമ്പോൾ ആ പ്രദേശം പൂർണമായും അവർ വിലയ്ക്കെടുക്കും. സ്വാമിയും അനുയായികളും കൂടി കിലോ മീറ്റർ പരിധികളിലുള്ള മുഴുവൻ റിസോർട്ടുകളും വാടകയ്ക്കെടുത്താണ് താമസിക്കുക. 50 ലേറെ റിസോർട്ടുകളിലായിട്ടാരിക്കും സംഘം താമസിക്കുക. പുറത്തു നിന്നുള്ളവർക്ക് ആർക്കും ഇവിടേയ്ക്ക് പ്രവേശനമില്ല. പൊലീസ് വന്നാൽ പോലും പുറത്തു നിൽക്കണം.

 വാഗമണ്ണിൽ വന്നിറങ്ങിയത് ജീവകാരൂണ്യവുമായി
2014 ൽ വാഗമണ്ണിൽ വന്ന ഗുർമീത് റാം റഹീം സിങ്ങ് മെഡിക്കൽ ക്യാമ്പും തോട്ടം തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണവുമൊക്കെ നടത്തിയിരുന്നു. ഇവിടെ ആശ്രമം സ്ഥാപിക്കാനായി 300 ഏക്കർ ഭൂമി ഏകദേശം കച്ചവടം ഉറപ്പിച്ചെങ്കിലും പിന്നിട് നടന്നില്ല.

 വലിപ്പമേറിയ ടി.വി കോയമ്പത്തൂരിൽ നിന്ന്
സ്വാമിയും സംഘവും താമസിച്ചു മടങ്ങുമ്പോൾ അവിടെ നടന്നതെന്താണന്ന് ആളുകൾക്ക് അറിയില്ലെങ്കിലും ചില സംഭവങ്ങൾ പുറത്തുവരാറുണ്ട്. അത്തരത്തിലൊന്നാണ് സ്വാമി താമസിച്ചിരുന്ന റിസോർട്ടിലെ ടെലിവിഷന് വലിപ്പം പോരാത്തതിന് ഒറ്റ ദിവസം കൊണ്ട് കോയമ്പത്തൂരിൽ നിന്നും വരുത്തിച്ചത്. സ്വാമിക്കായി ആലപ്പുഴയിലെ കുട കമ്പനിയിൽ നിന്നും പ്രത്യേകം കുട പണിയിപ്പിച്ച് വരുത്തുകയും ചെയ്തിരുന്നു.


crr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ