കട്ടപ്പനയിൽ 19 കോടിയുടെ ഹാഷിഷ് പിടിച്ചു
August 21, 2017, 12:10 am
കട്ടപ്പന: അന്താരാഷ്ട്ര വിപണിയിൽ 19 കോടിയോളം രൂപ വിലമതിക്കുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മൂന്നു പേരെ ഇന്നലെ പുലർച്ചെ കട്ടപ്പന ടൗണിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഒരു കിലോ ഹാഷിഷിന്റെ വില.
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ശിവസേന ഇടുക്കി ജില്ലാ മുൻ ഓർഗനൈസിംഗ് സെക്രട്ടറിയും കുങ്ഫൂ പരിശീലകനുമായ നെടുങ്കണ്ടം പുത്തൻപുരയ്ക്കൽ അഞ്ജുമോൻ (അഞ്ജുമാഷ് -38), നെടുങ്കണ്ടം കോടതിയിലെ അഭിഭാഷകൻ രാമക്കൽമേട് പതാലിൽ ബിജു (37), ശാന്തൻപാറയിലെ ഡ്രൈവർ വാക്കോടൻസിറ്റി പന്തനാൽ ഷിനോ (29) എന്നിവരാണ് അറസ്റ്റിലായത്. ഷിനോ മുമ്പ് മയക്കുമരുന്നു കേസിൽ ബംഗളൂരു പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
പുലർച്ചെ നാല് മണിയോടെ കട്ടപ്പന ഡിവൈ.എസ്. പി എൻ.സി രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. ഇവർ സഞ്ചരിച്ച കെ. എൽ 08എ എസ് 7486 കാറും കസ്റ്റഡിയിലെടുത്തു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് വട്ടവട ശാഖയിലെ ജീവനക്കാരനായ നെടുങ്കണ്ടം സ്വദേശി അബിൻ ദിവാകരനാണ് കാറിന്റെ ഉടമ. സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഇയാൾക്കു വേണ്ടി പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കി.
വിൽപനയ്ക്കായി ഇടുക്കി ജില്ലയിൽ ഹാഷിഷ് സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ. ബി വേണുഗോപാലിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്.

 ഓപ്പറേഷൻ ഹാഷിഷ്
ഹാഷിഷ് ഓയിൽ വാങ്ങാനെന്ന വ്യാജേന പൊലീസ് പ്രതികളെ കുടുക്കുകയായിരുന്നു. പല തവണ ഇടനിലക്കാർ മുഖേന പ്രതികളുമായി ബന്ധപ്പെട്ടെങ്കിലും വിജയിച്ചിരുന്നില്ല. ഹാഷിഷ് ഓയിലിനെ കുറിച്ച് പഠിച്ച് ആധികാരികമായി സംസാരിച്ചപ്പോഴാണ് പ്രതികൾ സാധനം എത്തിക്കാമെന്ന് ഏറ്റത്. ആദ്യം കിലോഗ്രാമിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും പ്രതികൾ വഴങ്ങിയില്ല. ഒടുവിൽ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കൂടിയ വില വാഗ്ദാനം ചെയ്തു കച്ചവടമുറപ്പിച്ചു. നെടുങ്കണ്ടത്തു വച്ചേ കച്ചവടം നടത്താനാവൂ എന്ന് പ്രതികൾ വാശിപിടിച്ചിരുന്നു. പൊലീസ് പലതവണ ഇടനിലക്കാർ മുഖേന ബന്ധപ്പെട്ടതോടെ ഹാഷിഷുമായി പുലർച്ചെ കട്ടപ്പന ടൗണിൽ എത്തിയ പ്രതികളെ അപ്രതീക്ഷിതമായി സ്പെഷ്യൽ സ്‌ക്വാഡ് വളയുകയായിരുന്നു.
കാറിന്റെ പിൻസീറ്റിൽ 17 പോളിത്തീൻ പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന ഹാഷിഷ് ആന്ധ്രയിൽ നിന്നു കൊണ്ടുവന്നു എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
പ്രതികളെ കട്ടപ്പന മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ