Thursday, 23 November 2017 8.18 PM IST
സോളമൻ കാമറമാനായി, ധിക്കാരം വൈറലായി, ജീവനക്കാരി ഔട്ടായി
November 13, 2017, 12:34 am
ചെറുതോണി: ആമേൻ സിനിമയിലെ സോളമനെ പോലെ നാണം കുണുങ്ങി നിൽക്കാൻ ഇടുക്കി കൊന്നത്തടി സ്വദേശിയായ സോളമൻ തയ്യാറായില്ല. അനീതി കണ്ടപ്പോൾ ശക്തമായി പ്രതികരിച്ചു. സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പണിയെടുക്കാത്ത സർക്കാർ ജീവനക്കാരിക്ക് പണിയും കിട്ടി.
ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികളോട് ധിക്കാരപരമായി പെരുമാറിയ താത്കാലിക ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ജീവനക്കാരി മോശമായി പെരുമാറുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ നടപടിയെടുക്കുകയായിരുന്നു.
രോഗികൾക്ക് ഒ.പി. ചീട്ട് നൽകാതെ ധാർഷ്‌ട്യം കാണിച്ച ജീന ജോർജ്ജിനെയാണ് സസ്‌പെൻഡ് ചെയ്തത്. സി.പി.എം നേതാവും വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വ്യക്തിയുടെ ഭാര്യയാണ് ഇവർ.
കഴിഞ്ഞ ദിവസമാണ് സംഭവം. ആശുപത്രിയിലെ ഒ.പി. കൗണ്ടറിൽ ക്യൂ നിന്ന വൃദ്ധരും കൈകുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളുമടക്കം നൂറോളം രോഗികൾക്ക് ജീവനക്കാരി ചീട്ട് നൽകിയില്ല.
ക്യൂവിൽ നിന്ന അടിമാലി സ്വദേശിയായ സോളമൻ കാരണം തിരക്കി. എന്നാൽ ചീട്ട് നൽകാൻ കഴിയില്ലെന്ന പറഞ്ഞ് ജീവനക്കാരി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. രോഗികൾ പ്രതിഷേധിച്ചപ്പോൾ സീനിയർ ഡോക്ടറായ നവാസ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. രോഗികൾ ഡോക്ടറുടെ നിർദ്ദേശം പാലിച്ചെങ്കിലും ധിക്കാരം തുടർന്ന ജീവനക്കാരി രോഗികളോട് കയർത്ത് സംസാരിച്ചു. ഇതെല്ലാം സോളമൻ മൊബൈൽ കാമറയിൽ പകർത്തി. ഈ ദൃശ്യങ്ങൾ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതാണ് നടപടിയിലേക്ക് നയിച്ചത്.

12ലക്ഷം കാണികൾ
സോഷ്യൽ മീഡിയയിൽ കഴി‌ഞ്ഞ ദിവസം വൈകിട്ട് വരെ 12 ലക്ഷം പേർ ഈ ദൃശ്യങ്ങൾ കണ്ടു. 28,000 ലൈക്കുകളും 92,000 ഷെയറുകളും 8,000 കമന്റുകളുമാണ് ലഭിച്ചത്.

സസ്പെൻഷൻ മുൻപും
മുൻപ് സാമ്പത്തിക ക്രമക്കേടിന് സസ്‌പെൻഷനിലായ ജീന ജോർജ്ജ് കോടതിയെ സമീപിച്ചാണ് തിരികെ കയറിയത്. ഇതിൽ അന്വേക്ഷണം നടക്കുകയാണ്. പുതിയ വിവാദത്തെ തുടർന്ന് ജീവനക്കാരി ഇന്നലെ ജോലിക്ക് എത്തിയില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ