Thursday, 23 November 2017 8.16 PM IST
വിലയില്ലാതെ കറുത്തപൊന്ന്; കണ്ണീരൊഴിയാതെ കർഷകർ
November 14, 2017, 5:24 am
സോജൻ സ്വരാജ്
ഇടുക്കി: ഇറക്കുമതി കുതിച്ചതോടെ, കേരളത്തിന്റെ അഭിമാന കാർഷികവിളയായ കറുത്തപൊന്നിന്റെ വില കുത്തനെ ഇടിഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 700 രൂപവരെ ഉയർന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില, സംസ്ഥാനത്തെ പ്രധാന ഉത്‌പാദന കേന്ദ്രമായ ഇടുക്കിയിലെ ഹൈറേഞ്ചുകളിൽ 390 - 400 രൂപയാണ്. വില കൂടേണ്ട സീസണായിട്ടും, ഫലം വിപരീതമായതോടെ കർഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷകളും കണ്ണീരണിഞ്ഞു.
കിലോയ്ക്ക് 700 രൂപയുള്ളപ്പോഴാണ് കർഷകർ വിളവെടുപ്പ് ആരംഭിച്ചത്. തുടർന്ന്, രണ്ടാഴ്‌ചയ്‌ക്കിടെ വില 630 - 650 രൂപയിലേക്ക് താഴ്‌ന്നു. തുടർന്നുള്ള ഓരോ ആഴ്‌ചയിലും വില 30 രൂപ മുതൽ 50 രൂപവരെ ഇടിയുന്ന കാഴ്‌ചയാണ് ദൃശ്യമായത്. രണ്ടുമാസംകൊണ്ട് വില, 400 രൂപയ്‌ക്ക് താഴെയെത്തി. ഉത്‌പാദനക്കുറവ് മറികടക്കാൻ ശ്രീലങ്ക, വിയറ്ര്‌നാം എന്നിവിടങ്ങളിൽ നിന്ന് നിലവാരം തീരെക്കുറഞ്ഞ കുരുമുളക് വൻതോതിൽ ഇറക്കുമതി ചെയ്‌തതാണ് തിരിച്ചടിയായതെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ ഉത്‌പാദിപ്പിക്കുന്ന കുരുമുളകിനേക്കാൾ കുറഞ്ഞ വിലയിലാണ് ഇറക്കുമതി. യാതൊരുവിധ ഗുണനിലവാര പരിശോധനകൾ ഇല്ലാതെയാണ് ഇവ വ്യാപകമായി ഇറക്കുമതി ചെയ്യുന്നതെന്നും കേരളത്തിന്റെ കമ്പോളത്തെ തകിടംമറിക്കുകയാണ് ഇതുവഴി ഇറക്കുമതിക്കാർ ചെയ്യുന്നതെന്നും കർഷകർ പറയുന്നു. ശ്രീലങ്ക, വിയറ്ര്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള കുരുമുളകിന് കേരളത്തിലെ കുരുമുളകിനെക്കാൾ വലിപ്പം കൂടുതലാണ്. എന്നാൽ, വില കുറവുമാണ്. കേരളത്തിൽ ഉത്‌പാദിപ്പിക്കുന്ന കുരുമുളകുമായി കൂട്ടിക്കലർത്തിയാണ് ഇവയുടെ വില്‌പന. വില കൂപ്പുകുത്തുന്നു എന്നുമാത്രമല്ല, ഈ കൂട്ടിക്കലർത്തൽ കേരളത്തിന്റെ സ്വന്തം കുരുമുളകിന്റെ നിലവാരത്തെയും ബാധിക്കുന്നുണ്ട്.

മഴയും ചതിച്ചു
പ്രതീക്ഷിച്ചിരുന്നപ്പോൾ കിട്ടാത്ത മഴ, അപ്രതീക്ഷിതമായി പെയ്‌തതും കുരുമുളക് വിലയെ തകിടംമറിച്ചു. പ്രതികൂലമായി പെയ്‌ത കനത്തമഴ, കുരുമുളക് ചെടികളിൽ ദ്രുതവാട്ടം, അഴുകൽ എന്നീ രോഗബാധകൾക്ക് കളമൊരുക്കി. കുരുമുളക് വള്ളികളുടെ അടിഭാഗത്ത് നിന്ന് ചുവന്ന ദ്രാവകം ഉണ്ടാകുകയും തുടർന്ന് ഇല മഞ്ഞളിച്ച് കുരുമുളക് തിരികളും ഇലകളും പൊഴിയുകയും ചെയ്യുന്ന രോഗവും ബാധിച്ചു. ഇതോടെ, ഉത്‌പാദനം കുറഞ്ഞു. എന്നാൽ, ഇറക്കുമതി വർദ്ധിച്ചതോടെ വില താഴേക്കും പതിച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ