Thursday, 23 November 2017 8.16 PM IST
ശീതകാല പച്ചക്കറി കലവറ കാലിയാക്കി പച്ചക്കറി സീസൺ കളമൊഴിയുന്നു പിടിമുറുക്കുക തമിഴ്നാട് പച്ചക്കറിയും വിലക്കയറ്റവും
November 14, 2017, 8:18 pm
സോജൻ സ്വരാജ്
ഇടുക്കി: സീസൺ പൂർത്തിയാക്കാൻ കാത്തിരിക്കാതെ മാസങ്ങൾക്ക് മുമ്പേ കേരളത്തിലെ ശീതകാല പച്ചക്കറി കലവറയിലും പ്രധാന കേന്ദ്രങ്ങളിലും പാടമൊഴിയുന്നു. ശീതകാല പച്ചക്കറിയുടെ കലവറയായ വട്ടവട, കാന്തല്ലൂർ മേഖലകളിലെ പച്ചക്കറികളിൽ 80 ശതമാനത്തോളം പച്ചക്കറികളും വിളവെടുത്തു. സാധാരണ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കുറഞ്ഞയളവിലെങ്കിലും ഉല്പാദനം തുടരുന്നതാണ് സ്ഥിതി. എന്നാൽ ഇക്കുറി പതിവ് തെറ്റിച്ച് നേരത്തെ കളം കാലിയായി. ഡിസംബർ വരെ സജീവമായി നില്ക്കുന്ന വിളവെടുപ്പ് നേരത്തെ അവസാനിച്ചത് വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കും. ഹോർട്ടികോർപ്പ് മുൻ വർഷങ്ങളേക്കാൾ കൂടുതൽ പച്ചക്കറി സംഭരിച്ചിരുന്നു. സംസ്ഥാനത്തെ പച്ചക്കറി വിതരണത്തിൽ ഗണ്യമായ പങ്കു വഹിക്കുന്നതാണ് ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ്. ഇതിലുണ്ടാകുന്ന കുറവ് വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് വഴിയൊരുക്കും. തമിഴ്നാട്ടിൽ നിന്നുള്ള വിഷ പച്ചക്കറിക്ക് ഇത് കൂടുതൽ വിപണിയൊരുക്കുകയും ചെയ്യും.

 80 ശതമാനം വിളവെടുത്തു
കേരളത്തിന്റെ ശീതകാല പച്ചക്കറി കലവറയായ വട്ടവട, കാന്തല്ലൂർ പാടങ്ങളിലെ 1000 ഹെക്ടറോളം പാടങ്ങളിലാണ് കൃഷിയുള്ളത്. ഇതിൽ ഏകദേശം 300 ഹെക്ടർ കൃഷിയിടത്തിലാണ് ഇനി വിളവെടുപ്പ് അവശേഷിക്കുന്നത്. അതിൽ 70 മുതൽ 80 ശതമാനം വരെ വിളവെടുത്തു കഴിഞ്ഞു. വട്ടവടയെ അപേക്ഷിച്ച് കാന്തല്ലൂർ മേഖലകളിലാണ് അല്പമെങ്കിലും കൂടുതലായി അവശേഷിക്കുന്നത്. കഴിഞ്ഞ ഓണം സീസണിൽ 50 ടൺ വരെ ദിവസേന ഉല്പാദിപ്പിച്ചിരുന്നിടത്ത് ഇപ്പോൾ ദിവസേന 20 ടണ്ണാണ് ശരാശരി ഉല്പാദനം.

ശീതകാല പച്ചക്കറിയിനങ്ങൾ
കാബേജ്, കോളിഫ്‌ളവർ, ബീറ്റ്‌റൂട്ട്, സവാള, ബീൻസ്, ഉരുളക്കിഴങ്ങ്, ബട്ടർ ബീൻസ്,
കാരറ്റ്, ഉരുളക്കിഴങ്ങ്, മല്ലിയില, സോയാബീൻസ്, വെളുത്തുള്ളി

 ഉല്പാദിപ്പിക്കുന്ന കൃഷിയിനങ്ങൾ
കൃഷിയിനങ്ങളിൽ ബട്ടർ ബീൻസ്, വെളുത്തുള്ളി എന്നിവയുടെ ആവശ്യക്കാർ ഏറെയും തമിഴ്‌നാട്ടിലാണ്. മറ്റുള്ളവയ്ക്ക് കേരളത്തിൽ പ്രിയമേറെയാണ്. ഒരേക്കർ സ്ഥലത്ത് ഉരുളക്കിഴങ്ങ് കൃഷിയിറക്കിയാൽ 100 ചാക്കാണ് വിളവ് പ്രതീക്ഷിക്കുന്നത്. ബീൻസ് ഒരേക്കറിൽ 4000 കിലോയും, കാരറ്റ് 7500 കിലോ വരെയും ലഭിക്കും. 90 മുതൽ 100 ദിവസം വരെയാണ് വിളവെടുപ്പ് കാലം.

 മഴ വില്ലനായപ്പോൾ വിളവിൽ കുറവ്
സർക്കാരിൽ നിന്നും അനുകൂല നിലപാടുകൾ ലഭിച്ചതോടെ കഴിഞ്ഞ സീസണിൽ കൂടുതൽ കർഷകർ കൃഷിയിറക്കിയിരുന്നു. എന്നാൽ മൊത്തം ഉല്പാദനവുമായി തട്ടിച്ച് നോക്കുമ്പോൾ ഉല്പാദനത്തിൽ ഇതനുസരിച്ച് വർദ്ധനവുണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മുതൽ മുന്നോട്ടുള്ള മാസങ്ങളിൽ കൃഷിയിറക്കിയ ഉത്പന്നങ്ങളാണ് ഇപ്പോൾ വിളവെടുക്കുന്നത്. കൃഷിയുടെ തുടക്കത്തിൽ മഴ ലഭിക്കാതിരിക്കുകയും വളർച്ചയുടെ അവസാനഘട്ടത്തിൽ അതിശക്തമായ മഴ ലഭിക്കുകയും ചെയ്തത് ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ