മൂന്നാർ: സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹരിത ട്രൈബ്യൂണലിൽ സി.പി.ഐ
December 7, 2017, 9:38 pm
സ്വന്തം ലേഖകൻ
ഇടുക്കി: മൂന്നാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദിന്റെ ഹർജിയിൽ സർക്കാരിന് നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. അടുത്ത മാസം 12ന് കേസ് ട്രൈബ്യൂണൽ പരിഗണിക്കും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളെ എതിർ കക്ഷിയാക്കിയാണ് ഹർജി. മൂന്നാറിൽ കൈയേറ്റം വ്യാപകമാണെന്നും രാഷ്ട്രീയ സ്വാധീനമുള്ള ഉന്നതരാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ പറയുന്നു. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ മോശക്കാരാക്കി സ്ഥലം മാറ്റുന്നു. പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. പരിസ്ഥിതി നാശം ഉണ്ടാക്കുന്ന മൂന്നാറിലെ യൂക്കാലിപ്‌‌റ്റസ് തോട്ടങ്ങൾ വെട്ടിമാറ്റാൻ നടപടിയെടുക്കണം, കൊട്ടക്കമ്പൂർ മേഖലയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം, കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്. ഹരിത ട്രൈബ്യൂണൽ നേരത്തേ സ്വമേധയാ എടുത്ത കേസിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ഹാജരാകാൻ പാടില്ലെന്ന് എ.ജിയുടെ ഭാഗത്ത് നിന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനെ സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് എതിർത്തിരുന്നു. തുടർന്ന് സി.പി.എം പോഷകസംഘടനയായ കർഷകസംഘം കേസിൽ സ്വന്തം നിലയിൽ അഭിഭാഷകനെ വച്ചു. തുടർന്നാണ് സി.പി.ഐ ഹരിത ട്രൈബ്യൂണലിന് മറ്റൊരു ഹർജി നൽകിയത്.

ഹ‌ർജിയിലെ പ്രധാന ആവശ്യങ്ങൾ
 പരിസ്ഥിതി ദുർബല മേഖല നിലനിറുത്തണം
 വനം-പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാൻ ഉത്തരവിടണം
 മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു
നീക്കാൻ നിർദ്ദേശം നൽകണം
 പാർക്കുകളും സാങ്‌ച്യുറികളും വനവും സംരക്ഷിക്കാൻ
വിജ്ഞാപനം ഇറക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണം

പാർട്ടി തീരുമാന
പ്രകാരം: പി. പ്രസാദ്
മൂന്നാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പാർട്ടി തീരുമാനപ്രകാരമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ് പ്രതികരിച്ചു. ഹരിത ട്രൈബ്യൂണൽ പരിഗണിക്കുന്ന കേസിൽ കക്ഷി ചേരുകയാണ് ലക്ഷ്യം.
നേരിട്ട് പരാതി
നൽകിയില്ല: കാനം
ഹരിത ട്രൈബ്യൂണലിൽ പി. പ്രസാദ് നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരുകയാണ് ചെയ്തതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൈനാവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നാറിനെ അറിയാത്തവരാണ് ഗ്രീൻ ട്രൈബ്യൂണലിൽ പരാതി നൽകിയതെന്ന എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പരാമർശം മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ