നാടിന്റെ ദാഹം തീർക്കാൻ കാസിമിന്റെ കിണർ
March 8, 2018, 1:30 am
പി.എസ്. സോമനാഥൻ
തൊടുപുഴ: എത്ര കൊടിയവേനലിലും ഇടവെട്ടി ഗ്രാമത്തിൽ ആരും കുടിവെള്ളമില്ലാതെ അലയേണ്ടി വരില്ല. കാരണം ഗ്രാമത്തിന്റെ സമാന്തര ജല അതോറിട്ടിയായി ഇടവെട്ടി ഇല്ലിക്കൽ മുഹമ്മദ് കാസിമിന്റെ ചെറുകിണറുണ്ട് ! ഇടവെട്ടിയിലെ നൂറോളം കുടുംബങ്ങളാണ് കാസിമിന്റെ ഈ കിണറിനെ ആശ്രയിക്കുന്നത്. പരിസരവാസികളുടെ ഇരുപതിലേറെ മോട്ടോറുകൾ ഈ കിണറ്റിൽ നിന്ന് സ്ഥിരമായി വെള്ളം ശേഖരിക്കുന്നുണ്ട്. അകലെ താമസിക്കുന്നവർ വാഹനത്തിൽ മോട്ടോറും ടാങ്കുകളുമായി വന്ന് ആവശ്യാനുസരണം  വെള്ളം ശേഖരിച്ചുകൊണ്ടു പോകും.  ഇതിനെല്ലാം പുറമേ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന ശാസ്താംപാറ പ്രദേശത്തേക്ക് സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ  ദിവസം 12,000 ലിറ്റർ  വീതം കുടിവെള്ളം കൊണ്ടുപോകുന്നതും ഈ കൊച്ചു കിണറ്റിൽ നിന്നാണ്.

കുടിവെള്ളം കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ആരോടും നയാപൈസ പ്രതിഫലം പറ്റാതെയാണ് മുഹമ്മദ് കാസിമിന്റെ ജലദാനമെന്നതാണ് ഏറെ ശ്രദ്ധേയം. കാസിമിന്റെ അമ്പത് സെന്റോളം വരുന്ന റബർ തോട്ടത്തിലാണ് കഷ്ടിച്ച് രണ്ടാൾ താഴ്ചയുള്ള കിണർ കുഴിച്ചിരിക്കുന്നത്. പരിസരത്തെ പലകിണറുകളിൽ നിന്നും ചേറുചുവയുള്ള വെള്ളം കിട്ടുമ്പോൾ കാസിമിന്റെ കിണർ മാത്രം തെളിനീര് ചുരത്തും. തുണ്ടുഭൂമികളിൽ വീടുവച്ച് താമസിക്കുന്ന പാവപ്പെട്ട അയൽവാസികൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടരുതെന്ന കാര്യത്തിൽ കാസിമിന് നിർബന്ധമുണ്ട്.  അതുകൊണ്ടുതന്നെ ഇനി ആരെങ്കിലും മോട്ടോറും പമ്പുസെന്റുമായി വന്നാലും പറ്റില്ലെന്ന് പറയില്ല. നാട്ടിലെ അറിയപ്പെടുന്ന വാഹന- റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനാണ് കാസിം.

''എത്രയെടുത്താലും തീരാത്ത ഈ അക്ഷയഖനി എനിക്ക് തന്നത് സാക്ഷാൽ പടച്ചതമ്പുരാനാണ്.  അത് അർഹരായവർക്കെല്ലാം വീതിച്ചു നൽകുകയെന്ന ദൗത്യം മാത്രമാണ് എനിക്കുള്ളത് ''
-കാസിം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ