ഷട്ടർ അഞ്ചും തുറന്നിട്ടും താഴാൻ മടിച്ച് ഇടുക്കി
August 11, 2018, 12:08 am
പി.എസ്.സോമനാഥൻ
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റർ വീതം തുറന്നിട്ടും ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് വഴിവച്ചു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതാണ് പ്രശ്നമായത്. ഇന്നലെ രാത്രിയോടെ ജലനിരപ്പിൽ വളരെ നേരിയ വ്യതിയാനമുണ്ടായെങ്കിലും ഡാമിലേക്ക് ഒഴികി നിറയുന്ന ജലം വെല്ലുവിളി ഉയർത്തുകയാണ്.
അഞ്ച് ഷട്ടറുകളിൽ ഒരെണ്ണം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50,000 ലിറ്റർ എന്നതോതിൽ വെള്ളം തുറന്നുവിട്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. വ്യാഴാഴ്ച ഷട്ടർ തുറക്കുമ്പോൾ ജലനിരപ്പ് 2398.98 അടി ആയിരുന്നത് ഇന്നലെ രാവിലെ 7 മണിക്ക് 2401 ആയി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 419.67 ഘനമീറ്റർ (419.6 ലക്ഷം ലിറ്റർ) എന്നതോതിൽ ഉയരുകയായിരുന്നു.

രാവിലെ 7നും 7.05 നുമായി രണ്ട് ഷട്ടറുകൾ കൂടി തുറന്ന് സെക്കൻഡിൽ 120 ഘനമീറ്റർ (1.20 ലക്ഷം ലിറ്റർ) ജലം പുറത്തേക്ക് ഒഴുക്കി. ഇതോടൊപ്പം മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനത്തിന് സെക്കൻഡിൽ 116 ഘനമീറ്റർ വെള്ളം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും സ്ഥിതി നിയന്ത്രണവിധേയമായില്ല. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 3 ലക്ഷം ലിറ്ററായി ഉയർത്തി. അപ്പോഴും അണക്കെട്ടിലെ ജലനിരപ്പ് ക്രമേണ ഉയർന്നുകൊണ്ടേയിരുന്നു.

തുറന്നുവിട്ട ജലപ്രവാഹം കലങ്ങിമറിഞ്ഞ് ചെറുതോണി മുതൽ ആലുവ വരെ പെരിയാറിന്റെ തീരത്ത് പ്രളയഭീതി പരത്തി. ഇടമലയാർ അണക്കെട്ട് തുറന്നിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ വെള്ളം കൂടി എത്തുന്നത് എറണാകുളം ജില്ലയിൽ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന ആശങ്കയുമുണ്ടായി. അടിയന്തര സാഹചര്യം പരിഗണിച്ച് പരമാവധി സുരക്ഷാക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമായി ഇടമലയാർ ഷട്ടർ അടയ്ക്കാനും ഇടുക്കിയിലെ ബാക്കി ഷട്ടറുകൾ കൂടി തുറക്കാനുമുള്ള തീരുമാനമാണ് പിന്നീടുണ്ടായത്.

ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും തുറന്നു. എന്നിട്ടും ഇടുക്കി വഴങ്ങിയില്ല. രാവിലെ 7 മുതലുള്ള ആദ്യത്തെ 6 മണിക്കൂറിൽ 0.60 അടി ജലനിരപ്പുയർന്നു.
3 മണിയോടെ അഞ്ചാമത്തെ ഷട്ടറും തുറുന്നു. സെക്കൻഡിൽ 6 ലക്ഷം ലിറ്റർ എന്നതോതിൽ ജലം പുറത്തേക്ക് ഒഴുക്കി. ഇതോടെ അണക്കെട്ടിൽ നാമമാത്രമായ വ്യതിയാനം പ്രകടമായെങ്കിലും സ്ഥിതി നിയന്ത്രണവിധേയമായില്ല. വൈകിട്ട് അഞ്ചിന് സെക്കൻഡിൽ 750 ഘനമീറ്റർ വെള്ളം (7.5 ലക്ഷം ലിറ്റർ) തുറന്നുവിട്ടു. ഈ സമയത്തും 2401.76 അടി ജലനിരപ്പുമായി ഇടുക്കി ഡാം വഴങ്ങാതെ നിന്നു. രാത്രി 8ന് എത്തിയത് 2401.70ൽ മാത്രം. അഞ്ച് ഷട്ടറും തുറന്ന് വെള്ളമൊഴുക്കുന്നത് ഇതാദ്യമാണ്. 1976ൽ കമ്മിഷൻ ചെയ്ത ഇടുക്കി അണക്കെട്ട് മൂന്നാമത്തെ തവണയാണ് തുറക്കുന്നത്. 1981 ലും 1992 ലും പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെത്തുടർന്ന് തുറക്കേണ്ടി വന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ