വഴിവിട്ട ബന്ധം മറയ്ക്കാൻ വൃദ്ധയെ അവർ ഇല്ലാതാക്കി
February 17, 2017, 12:37 pm
കാസർകോട്: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയത് അവിഹിത ബന്ധം മറിച്ചുവയ്ക്കാനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പെരിയാട്ടടുക്കത്തിനടുത്തുള്ള മുനിക്കൽ കാട്ടിയടുക്കത്തെ കെ. ദേവകിയുടെ (68) കൊലപാതകത്തിലെ ദുരൂഹതകളാണ് ചുരുളഴിയുന്നത്. ഇക്കഴിഞ്ഞ ജനുവരി 13ന് വൈകിട്ട് 5.30ഓടെയാണ് ദേവകിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെരിയയിൽ താമസക്കാരനും കാർ ഷോറൂമിലെ ക്ളീനിംഗ് സൂപ്പർവൈസറുമായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യം ഒരു തുമ്പും ലഭിക്കാതെ വട്ടം കറങ്ങിപ്പോയിരുന്നു. കൊല്ലപ്പെട്ട ദേവകിയുടെ ശരീരത്തിൽ നിന്നും കൈനഖങ്ങൾക്കിടയിൽ നിന്നും ലഭിച്ച മുടിയിഴകളാണ് ഒടുവിൽ പ്രതിയെ തിരിച്ചറിയാൻ സഹായകമായത്. മുടിയിഴകൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഓടിട്ട വീടിനകത്ത് വിരിച്ച തുണിയിൽ പാവാട ധരിച്ച് കമിഴ്ന്നു കിടന്ന നിലയിലാണ് ദേവകിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കുരുക്കിയ പഴകിയ തുണി അവിടെതന്നെയുണ്ടായിരുന്നു. വീടിന് സമീപത്ത് തന്നെ താമസിക്കുകയായിരുന്ന മകൻ ശ്രീധരൻ അലക്കിയുണക്കാൻ ഇട്ടിരിക്കുന്ന തുണികൾ തിരിച്ചെടുക്കാത്തത് ശ്രദ്ധയിൽപ്പെട്ടാണ് വീട്ടിലേക്ക് പോയി നോക്കിയതെന്നാണ് പറഞ്ഞിരുന്നത്. നാലു മക്കളുണ്ടായിരുന്നെങ്കിലും ഭർത്താവ് പക്കീരന്റെ മരണശേഷം ദേവകി തനിച്ചായിരുന്നു താമസം. താനും ഭാര്യയും രാവിലെ ജോലിക്കുപോകുന്നവരാണെന്നും വൈകിട്ടെത്തിയപ്പോഴാണ് സംഭവം കാണുന്നതെന്നും ഇയാൾ മൊഴി നല്കി.

അജ്ഞാതനുപിന്നാലെ
ദേവകിയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ മാസങ്ങളായി താമസിച്ചിരുന്ന അജ്ഞാതനെ കുറിച്ചാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. ബൈക്കിലായിരുന്നു ഇയാളുടെ വരവും പോക്കും. താമസയോഗ്യമല്ലാത്ത വീടായിരുന്നിട്ടും ഇയാൾ എന്തിനു ഇവിടെയെത്തിയെന്നു ആർക്കും അറിയില്ലായിരുന്നു. കൊല്ലപ്പെട്ട ദേവകിയുടെ മകൻ ശ്രീധരന്റെ വീട്ടിൽ നിന്നാണ് യുവാവ് വെള്ളമെടുത്തിരുന്നത്. അതിൽ കവിഞ്ഞുള്ള കാര്യം ശ്രീധരനും അറിവുണ്ടായിരുന്നില്ല. ഈ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കാസർകോട്ടേക്കും തിരിച്ചു കോഴിക്കോട്ടേക്കുമുള്ള നാലു ട്രെയിൻ ടിക്കറ്റുകൾ കണ്ടെത്തി. ജനലിനു മുകളിൽ അടുത്തിടെ തുറന്ന ഒരുകെട്ടു ബീഡിയും കണ്ടെത്തി. എന്നാൽ, ഈ അന്വേഷണമൊന്നും കൊലപാതകത്തിന്റെ ദുരൂഹതകളുമായി പൊരുത്തപ്പെട്ടില്ല. വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തിൽ മുറുക്കിയുമാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായി. കൊലയ്ക്ക് ശേഷം പെട്ടെന്ന് കണ്ണിൽപ്പെടാവുന്ന തെളിവുകളൊന്നും അവശേഷിച്ചിട്ടില്ല. അതേസമയം തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടില്ല. അടുത്ത ബന്ധുക്കളിലേക്കായി പൊലീസ് അന്വേഷണം. പൊലീസിനെ ശരിക്കും കുഴക്കിയത് തനിച്ചു താമസിക്കുന്ന ഈ വൃദ്ധയെ എന്തിനു കൊലപ്പെടുത്തിയതെന്ന സംശയമാണ്. ഒടുവിൽ മൃതദേഹത്തിൽ നിന്നും കിട്ടിയ ഒരു ചാണോളം വരുന്ന മുടിയും തുണിക്കടിയിൽ നിന്നും കിട്ടിയ കുറ്റിമുടിയും വഴികാട്ടുകയായിരുന്നു.

മുടിയിൽ പിടിച്ച് പൊലീസ് കയറി
മുടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച പൊലീസ് ദേവകിയുടെ മകൻ ശ്രീധരൻ ഉൾപ്പെടെയുള്ള നിരവധി പേരുടെ മുടി സാമ്പിൾ ശേഖരിച്ചു പരിശോധിച്ചു. ദേവകിയുടേയോ, ബന്ധുക്കളുടേയോ വീടുമായി ബന്ധമുള്ള ആരുടെയെങ്കിലും മുടിയായിരിക്കാമെന്ന് നിഗമനത്തിലാണ് പെരിയയിലെ യുവാവിലേക്കും അന്വേഷണമെത്തിയത്. ദേവകിയുടെ ഉറ്റബന്ധുവായ യുവതി ജോലി നോക്കുന്ന ഷോറൂമിലെ ജീവനക്കാരനാണ് പെരിയ സ്വദേശി. ഇയാൾ യുവതിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. കൊല നടന്ന ദിവസം ഉച്ചമുതൽ പിറ്റേന്ന് വൈകിട്ടുവരെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും സംശയത്തിനിടയാക്കി ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവെങ്കിലും തനിക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. സംശയം നീങ്ങാത്തതിനെ തുടർന്നാണ് മുടിയുടെ സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചത്.

അവിഹിതം കണ്ടു
ദേവകിയുടെ അടുത്ത ബന്ധുവായ യുവതിയുമായി ഇയാൾക്കുണ്ടായ അവിഹിത ബന്ധം ദേവകി കൈയോടെ പിടികൂടിയിരുന്നു. സ്ത്രീയുടെ ഭർത്താവ് ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതത്തിലായതിനാൽ മലയ്ക്ക് പോയി തിരിച്ചു വന്നാലുടൻ ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് ദേവകി മുന്നറിയിപ്പ് നൽകി. ഇതു പുറത്തുവരാതിരിക്കാനാണ് ദേവകിയെ കൊലപ്പെടുത്തിയതെന്നാണ് ഒടുവിൽ പൊലീസിന് മനസിലാക്കാനായത്.
സംഭവത്തിൽ സ്ത്രീയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനുള്ള സാഹചര്യവുമുണ്ട്.യുവതിയുടെ ഭർത്താവിനും സംഭവത്തിൽ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, തെറ്റിദ്ധാരണയിലൂടെയാണ് അയാൾ അതിൽ പെട്ടുപോയത്. ദേവകിയിൽ നിന്നും ഇയാൾ, സ്വർണാഭരണം വാങ്ങി പണയം വെച്ചിരുന്നു. ഇത് തിരിച്ച് ചോദിക്കുമെന്നും മറ്റുള്ളവരോട് വിവരം പറയുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാളെ ഗൂഢാലോചനയിൽ പങ്കാളിയാക്കിയതെന്ന് കരുതുന്നു. ഇയാളെ പൊലീസ് മാപ്പുസാക്ഷിയാക്കുമെന്നാണ് സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ