Friday, 31 March 2017 6.03 AM IST
പഴുതടച്ചുള്ള പ്ലാനിൽ കാലിയ ക്ലോസ്
February 17, 2017, 12:57 am
ശ്രീധരൻ പുതുക്കുന്ന്
കാലിയയുടെ കൊലപാതകം മുത്തലിബിനെ കൊന്നതിനുള്ള വധശിക്ഷ (ഡെക്ക്)
കാസർകോട്: ഉറ്റ ചങ്ങാതിയായാലും തെറ്റിക്കഴിഞ്ഞാൽ പിന്നെ ജീവനെടുക്കുക എന്ന സിദ്ധാന്തമാണ് കാലിയ റഫീഖിന്റേത്. 3 വർഷം മുമ്പ് ഉപ്പളയിലെ ക്വട്ടേഷൻ സംഘത്തിലെ പ്രമാണി മുത്തലിബിനെ കുടുംബത്തിന്റെ മുന്നിലിട്ട് വെടിവച്ചും വെട്ടിയും കൊന്നത് പകയുടെ ആഴം വ്യക്തമാക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ ഗുണ്ടാത്തലവനെ വകവരുത്താൻ പല ആക്‌ഷനും നടന്നെങ്കിലും തലനാരിഴയ്ക്ക് ഇവയിൽ നിന്നെല്ലാം രക്ഷപ്പെടുകയായിരുന്നു കാലിയ. എന്നാൽ മൂന്നു പ്ലാനുമായി ആക്‌ഷന് ഇറങ്ങിയ എതിർസംഘക്കാർക്ക് ഇത്തവണ പിഴച്ചില്ല. കൂട്ടാളികൾക്ക് 'ഭായി'യായ കാലിയയുടെ ജീവൻ ഒടുവിൽ നടുറോഡിലൊടുങ്ങി.
വീതി കൂടിയ ഹൈവേയിൽ കാർ വെട്ടിച്ച് കടന്നുകളയാതിരിക്കാൻ കൊലയാളികൾ ടിപ്പർ ലോറിയിലാണെത്തിയത്. മുത്തലിബിനെ കൊലപ്പെടുത്തിയ അതേ രീതിയിൽ വെടിവച്ചും വെട്ടിയും ശിക്ഷ നടപ്പാക്കി.
നേരത്തേ കാസർകോട്ടെ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ കാലിയയെ ക്വട്ടേഷൻ സംഘത്തലവൻ കസായി അലി കുത്തിയിരുന്നു. എന്നാൽ കാലിയ അദ്ഭുതകരമായി രക്ഷപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് തോക്കുമായി നേരിട്ട യുവാവിനെ കാലിയ പിടികൂടി ബന്ദിയാക്കി. തനിക്കെതിരെ ക്വട്ടേഷൻ ഏല്പിച്ചവരുടെ പേരുകൾ പിന്നീട് ഷൂട്ട് ചെയ്ത് പ്രാദേശിക ചാനലുകൾക്കും പൊലീസിനും എത്തിക്കുകയായിരുന്നു കാലിയ.
ഒറ്റുകൊടുക്കുന്നവരോട് ഒരു ദാക്ഷിണ്യവും ഇയാൾ കാണിച്ചിരുന്നില്ല. അവസാന സവാരിയായി മാറിയ കാലിയയുടെ മംഗളൂരു യാത്രയെക്കുറിച്ച് എതിർസംഘത്തിന് കൃത്യമായ വിവരം ചോർന്നുകിട്ടിയത് ഒപ്പമുണ്ടായിരുന്ന ചിലരിൽ നിന്നാണെന്നാണ് വിവരം. കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. മുങ്ങിയ മറ്റു രണ്ടുപേരിൽ ഒരാൾ കാറിലുണ്ടായിരുന്ന പണവുമായാണ് കടന്നുകളഞ്ഞതെന്ന് കരുതുന്നു.
തുടരത്തുടരെയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് എതിർസംഘം മൂന്ന് പ്ളാനുകൾ തയ്യാറാക്കി കാലിയയ്ക്കായി വലവീശിയത്.
ഇടയ്ക്കിടെ മംഗളൂരു വഴി മുംബയിലേക്ക് യാത്ര ചെയ്യാറുള്ള കാലിയയുടെ നീക്കം കൃത്യമായറിഞ്ഞ് ചൊവ്വാഴ്ചത്തെ ആക്‌ഷൻ നിശ്ചയിച്ചു. ഈ റൂട്ടിൽ മൂന്നു കേന്ദ്രങ്ങൾ കൊലയാളിസംഘം കണ്ടുവച്ചിരുന്നെന്നാണ് വിവരം. കേരള അതിർത്തി പിന്നിട്ട് തലപ്പാടിക്കും നേത്രാവതി പാലത്തിനുമിടയിലാണ് ആദ്യസ്ഥലം കണ്ടുവച്ചത്. യാത്രയ്ക്കിടയിൽ കാലിയ ഭക്ഷണം കഴിക്കാറുള്ള കുന്താപുരം അങ്കോലയിലെ ഒരു ഹോട്ടലിന്റെ പരിസരത്ത് വച്ച് കൃത്യം നടത്താനായിരുന്നു രണ്ടാമത്തെ പ്ളാൻ. ഇതും നടന്നില്ലെങ്കിൽ മുംബയ്ക്കടുത്ത് വച്ച് ആക്രമിക്കാമെന്നത് ഫൈനൽ പ്ളാനായിരുന്നു. തലപ്പാടിക്കും നേത്രാവതി പാലത്തിനുമിടയിൽ ചൊവ്വാഴ്ച രാത്രി വാഹനത്തിരക്ക് കുറവായിരുന്നത് കൊണ്ടുതന്നെ ആദ്യ സ്‌പോട്ടിൽ തന്നെ ആക്‌ഷൻ നടപ്പാക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ