Friday, 31 March 2017 6.08 AM IST
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്നു,​ ഒടുവിൽ കാമുകൻ കാലനായി
February 17, 2017, 9:28 am
എം.കെ സതീശൻ
ഇരിട്ടി: നഗരത്തിൽ പഴയപാലം റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ ഉപയോഗിക്കാത്ത കിണറിൽ നിന്ന് കഴിഞ്ഞ ജനുവരി 21നാണ് അഴുകിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. തികച്ചും ദുരൂഹതയായിരുന്നു കിണറിൽ ഒളിഞ്ഞുകിടന്നിരുന്നത്. ദുർഗന്ധം പ്രദേശമാകെ വ്യാപിച്ചപ്പോഴാണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതു തന്നെ. മൃതദേഹം പുറത്തെടുത്തപ്പോഴും അന്വേഷണം ആരംഭിച്ചപ്പോഴും ആരുടേതാണ് മൃതദേഹം എന്നുപോലും തിരിച്ചറിയാനാകാതെ പൊലീസ് സംഘം വട്ടംകറങ്ങുകയായിരുന്നു. എന്നാൽ, അന്വേഷണം ഇരിട്ടിയിലെ കൊലപാതകത്തിന്റെ മാത്രമല്ല, അങ്ങു കർണാടക വനത്തിനുള്ളിൽ ഒരു വർഷത്തിന് മുകളിൽ പഴക്കമുള്ളൊരു കൊലയുടെ രഹസ്യംകൂടിയാണ് പുറത്തുകൊണ്ടുവന്നത്. ഇത്രയേറെ നിഗൂഢതകൾ ആ കിണറിനുള്ളിൽ ഒളിച്ചിരുന്നുവെന്ന് സത്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോ നാട്ടുകാരിലാരെങ്കിലുമോ പ്രതീക്ഷിച്ചതല്ല.

കർണാടക തുംകൂർ സ്വദേശിയായ പന്തൽ തൊഴിലാളി മഞ്ജുനാഥ (40)നിലേക്ക് അന്വേഷണം എത്തുന്നത് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ ചിലരുടെ മൊഴിയിലൂടെയാണ്. മൃതദേഹം കണ്ടെത്തുന്നതിന് കുറച്ചുനാൾ മുമ്പുവരെ നാടോടി സംഘം പറമ്പിൽ താമസിച്ചിരുന്നു. ഏറ്റവും ഒടുവിൽ താമസിച്ചിരുന്നത് മഞ്ജുനാഥയെന്നയാളും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണെന്ന് അറിഞ്ഞ പൊലീസ് പിന്നെ മഞ്ജുനാഥനെ അന്വേഷിച്ചു നീങ്ങി. മഞ്ജുനാഥൻ കുറച്ചുദിവസം മുമ്പ് അതിരാവിലെ രണ്ട് കുട്ടികളുമായി ഇരിട്ടിയിൽ നിന്ന് പോകുന്നത് നഗരത്തിലെ സിസി ടിവി കാമറയിലും പതിഞ്ഞിരുന്നു. ഇയാൾ സമീപത്തെ ചിലരുമായി പരിചയപ്പെടുകയും ഫോൺ നമ്പർ കൈമാറുകയുമൊക്കെ ചെയ്തിരുന്നു. അങ്ങിനെ മഞ്ജുനാഥന്റെ വിലാസം തേടിപ്പിടിച്ച് തുംകൂരിലെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഇരിട്ടിയിലേക്ക് വിളിപ്പിച്ചു. എന്നാൽ, ഇയാളുടെ നീക്കത്തിൽ പന്തികേട് തോന്നിയ പൊലീസിന് ഒടുവിൽ കർണാടകയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം ഒന്നും വിട്ടുപറയാതെ പിടിച്ചുനിന്ന മഞ്ജുനാഥ് ശോഭയുടെ കൊലപാതക വിവരം പിന്നീട് വെളിപ്പെടുത്തി. തന്റെ മാതൃസഹോദരി പുത്രി കൂടിയായ ശോഭ ഭാര്യയല്ലെന്നും ഭർ‌ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയെയും കുട്ടികളെയും സഹായിക്കാൻ ഒപ്പം കൂടിയതാണെന്നും വെളിപ്പെടുത്തി. ഭാര്യാഭർത്താക്കന്മാരെ പോലെ കഴിഞ്ഞിരുന്ന തങ്ങൾക്കിടയിൽ ഉണ്ടായ തർക്കമാണ് ശോഭയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുട്ടികളെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവിടെ മജിസ്റ്റിക് റെയി‌ൽവേ സ്റ്റേഷനിൽ വച്ച് കാണാതായെന്നുമായിരുന്നു ഇയാളുടെ മൊഴി.

ശോഭയുടെ കൊലപാതകത്തിൽ ബന്ധുവായ മഞ്ജുനാഥിനെ അറസ്റ്റുചെയ്ത പൊലീസ് തങ്ങളുടെ ജോലി പൂർത്തിയാക്കിയെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ, ശോഭയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ മഞ്ജുനാഥ് കുട്ടികളെ അപായപ്പെടുത്തിയിട്ടുണ്ടാകുമോ? അതോ വല്ല ഭിക്ഷാടന മാഫിയയ്ക്കും വില്പന നടത്തിയോ? എന്ന ചോദ്യം ബാക്കിയായി. ഇക്കാര്യത്തിൽ പൂർണമായൊരു ഉത്തരം പ്രതീക്ഷിച്ചില്ലെങ്കിലും അന്വേഷണം ആരംഭിക്കുന്നതിനാണ് പൊലീസ് കഴിഞ്ഞ ഫെബ്രുവരി 14ന് മഞ്ജുനാഥനെ കസ്റ്റഡിയിൽ വാങ്ങിയത്. വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങിയെങ്കിലും ശോഭയുടെ ഭർത്താവ് രാജുവിനെ കുറിച്ച് എന്തെങ്കിലും ഇയാൾക്ക് അറിവുണ്ടായിരുന്നുവെന്ന് കരുതിയേയില്ല. രാജു നേരത്തെ ശോഭയെ ഉപേക്ഷിച്ചുപോയതാണെന്നും ഇയാളെ കണ്ടെത്തി തരാമെന്ന് താൻ ശോഭയ്ക്ക് വാക്കുകൊടുത്തിട്ടുണ്ടായിരുന്നുവെന്നുമാണ് ഇയാൾ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് പൊലീസിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മഞ്ജുനാഥൻ മനസുതുറക്കുകയായിരുന്നു. അവിടെയാണ് അന്വേഷണസംഘം ശരിക്കും ഞെട്ടിപ്പോയതും.

രാജു എവിടെയും പോയതല്ലെന്നും ശോഭയും താനുംകൂടി അയാളെ കൊലപ്പെടുത്തി കത്തിക്കുക ആയിരുന്നുവെന്നുമുള്ള വെളിപ്പെടുത്തൽ കർണാടക പൊലീസ് കുറേക്കാലം അന്വേഷിച്ച് അടച്ചുവച്ച കൊലപാതക കേസിലെ ദുരൂഹതകൾ കൂടി നീക്കുകയായിരുന്നു. കർണാടകയിലെ സാത്താനഹള്ളി എന്ന സ്ഥലത്ത് രാജുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ ശോഭയുടെ ബന്ധുവായ മഞ്ജുനാഥനും കുറച്ചുകാലം താമസിക്കാനെത്തി. ശോഭയുടെ മാതൃസഹോദരി പുത്രൻ കൂടിയായ മഞ്ജുനാഥൻ ഇതെല്ലാം മറന്ന് ശോഭയോട് വഴിവിട്ട അടുപ്പം കാണിച്ചുതുടങ്ങി. ഈ ബന്ധം വളർന്നപ്പോഴേക്കും രാജു അതിന് തടസമാകുമെന്ന് ഇരുവരും ഭയന്നു. ഇതോടെ രാജുവിനെ ഇല്ലാതാകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു.

2015 ഡിസംബർ 21ന് രാജുവിനെയും കൂട്ടി ശോഭയും മഞ്ജുനാഥും ഇയാളുടെ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഉജ്ജനഹള്ളിയെന്ന ഗ്രാമത്തിലെ വിജനമായ വനപ്രദേശത്ത് എത്തി. വാഹനത്തിൽ വച്ച് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തിലെ കുഴിയിൽ ചുള്ളിക്കമ്പുകൾ അടുക്കിവച്ച് കത്തിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് വനപാലകർ എത്തിയതോടെ ഇരുവരും രക്ഷപ്പെട്ടു. മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. പരാതിക്കാരുമില്ലാത്തതിനാൽ കേസ് ഫയൽ അടച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയപ്പെടാത്തതിനാൽ കൊലയാളികളെയും തിരിച്ചറിയാതെ വരികയായിരുന്നു.

സംഭവത്തെ തുടർന്നാണ് മഞ്ജുനാഥും ശോഭയും നാടോടി സംഘത്തോടൊപ്പം കേരളത്തിലും എത്തിയത്. ശോഭയോടൊപ്പം വളരേനാൾ താമസിച്ച മഞ്ജുനാഥൻ ഇടയ്ക്ക് ഇയാളുടെ തുംകൂരിലുള്ള ഭാര്യയുടെയും കുട്ടിയുടേയും അടുത്തേക്ക് പോകാൻ ശ്രമിച്ചു. ഇത് ശോഭയുമായുള്ള അകൽച്ചയ്ക്ക് കാരണമായി. ഇരുവരും വഴക്കു കൂടുമ്പോൾ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതാണ് മഞ്ജുനാഥനെ വീണ്ടുമൊരു കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജനുവരി 14ന് രാത്രി കഴുത്ത് ഞെരിച്ച് ശോഭയെ കൊലപ്പെടുത്തിയ മഞ്ജുനാഥൻ മൃതദേഹം കിണറിൽ തള്ളി കുട്ടികളുമായി സ്ഥലംവിടുകയായിരുന്നു. ഈ കൊലപാതകവും തെളിയാൻ പോകുന്നില്ലെന്ന് കണക്കുകൂട്ടിയ മഞ്ജുനാഥൻ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.

ശോഭയുടെ കുട്ടികളായ ആറുവയസുകാരൻ ആര്യനെയും നാലുവയസുകാരി അമൃതയെയും ബംഗളൂരുവിൽ വച്ച് മുംബയ് ട്രെയിനിൽ കയറ്റിവിടുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. കാണാതായ കുട്ടികളെ കുറിച്ച് അന്വേഷിക്കുന്ന ബോസ്കോ എന്ന സന്നദ്ധ സംഘടനയ്ക്കും റെയിൽവേ പൊലീസിനും വിവരം കൈമാറിയ പൊലീസ് കുട്ടികളുടെ ഫോട്ടോകളും നല്കിയിട്ടുണ്ട്. മഞ്ജുനാഥനെ 20ന് പൊലീസ് കോടതിയിൽ തിരികെ ഹാജരാക്കും. കണ്ണൂർ നർക്കോട്ടിക്കൽ ഡിവൈ.എസ്.പി വി.എൻ വിശ്വനാഥന്റെ മേൽനോട്ടത്തിൽ പേരാവൂർ സി.ഐ എൻ. സുനിൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ കെ. സുധീർ, എസ്.ഐ എസ്. അൻഷാദ്, എ.എസ്.ഐ രമേശ് ബാബു, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കർണാടകയിലും കേരളത്തിലുമായി അന്വേഷണം നടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ