10 മാസമായി കൂലിയില്ലാത്ത തൊഴിലുറപ്പ്
July 9, 2017, 9:51 am
ഒ.സി.മോഹൻരാജ്
തൊഴിലുറപ്പ് പദ്ധതി കുടിശിക 630 കോടി
കൂലി കിട്ടാതെ 40 ലക്ഷം തൊഴിലാളികൾ

കണ്ണൂർ: കൂലി ഉറപ്പില്ലെങ്കിൽ പിന്നെ എന്തു തൊഴിലുറപ്പ്... ? കിട്ടാനുള്ള കുടിശികയ്ക്ക് ഇനിയും എത്രകാലം കൈനീട്ടണം...? അടങ്ങാത്ത അമർഷത്തോടെയാണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ഈ ചോദ്യങ്ങളുയർത്തുന്നത്. കുട്ടികൾക്ക് സ്കൂളിൽ ഫീസ് അടയ്ക്കാനുണ്ട്... ഓരോ ദിവസവും കഴിച്ചുകൂട്ടാൻ അടുക്കളയിൽ അത്യാവശ്യത്തിന് സാധനമെങ്കിലും വേണ്ടേ... കടം വാങ്ങിയത് തിരിച്ചുകൊടുക്കണ്ടേ... പലർക്കും കൂലി കിട്ടാതായിട്ട് 10 മാസമായി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഒരു ഉറപ്പും പറഞ്ഞുകേൾക്കുന്നില്ല. പണം അനുവദിക്കാതെ കേന്ദ്രം പദ്ധതി തന്നെ തകർക്കുകയാണെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂലിക്കുടിശിക 630 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. 40 ലക്ഷത്തോളം പേർക്കാണ് ഇവിടെ കുടിശിക കിട്ടാനുള്ളത്. നേരത്തെ ദിവസവേതനം 240 രൂപയായിരുന്നു. അത് പിന്നീട് 258 രൂപയായി വർദ്ധിപ്പിച്ചെന്നല്ലാതെ കൂലി കൃത്യമായി കൈയിലെത്തുന്നില്ല. പദ്ധതി തുടങ്ങിയശേഷം ഇത്രയും കൂലി കുടിശികയുണ്ടായിട്ടില്ല.
100 ദിവസം ജോലിയെടുത്ത തൊഴിലാളികൾപോലും 10 മാസ കുടിശികക്കാരുടെ കൂട്ടത്തിലുണ്ട്. വൈകാതെ കിട്ടുമെന്നുകരുതിയാണ് മാസങ്ങളായി പണി ചെയ്യുന്നതെന്നു തൊഴിലാളികൾ പറയുന്നു.

പരിഹാരം തേടി ഹൈക്കോടതിയിൽ
കേന്ദ്ര സർക്കാർ നേരിട്ട് നൽകുന്ന കൂലി മുടങ്ങിയതിനെക്കുറിച്ച് പ്രത്യേക വിശദീകരണമെന്നുമില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. എല്ലാ ജില്ലകളിലെയും തൊഴിലാളിപ്രതിനിധികൾ ഒന്നിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ. തൊഴിലുറപ്പ് തൊഴിലാളികൾ കൂലിക്കായി കോടതിയെ സമീപിക്കുന്നത് രാജ്യത്ത് ഇതാദ്യമായിരിക്കും.
ഈ വിഷയത്തിൽ സി.ഐ.ടി.യു 10ന് സമരം തുടങ്ങാനും തീരുമാനമുണ്ട്. ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ 18ന് തൃശൂരിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തും.


''10 മുതൽ 15 വരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തും. കുടിശികക്കാര്യത്തിൽ പിന്നെയും തീരുമാനം നീണ്ടാൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങും''
കെ.പി. സഹദേവൻ,
സി. ഐ.ടി.യു സംസ്ഥാന സെക്രട്ടറി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ