പീഡനവീരൻ വൈദികൻ കുട്ടികളെ കാമവെറിക്കിരയാക്കി
July 20, 2017, 10:40 am
കൽ​പ്പ​റ്റ: മീനങ്ങാടിക്കടുത്തുള്ള ബാലഭവനിൽ കൊട്ടിയൂർ സ്വദേശിയും താമരശേരിയിൽ താമസക്കാരനുമായ ഫാ. സജി ജോസഫ് ഡയറക്ടറായി ചുമതലയേൽക്കാനെത്തിയത് മുതൽ നടന്നുവന്ന കാര്യങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു പുരോഹിതന്റെ ഹോബി. വൈദികന്റെ ക്രൂര പീഡനം അന്തേവാസികളായ കുട്ടികൾ പുറത്തുപറയാൻ മടിച്ചു. ബാലഭവനിൽ താമസിക്കുന്ന കുട്ടികളെ കിടപ്പുമുറിയിലേക്ക് വൈദികൻ വിളിച്ചു വരുത്തുകയായിരുന്നു. പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് താമസിച്ച് പഠിക്കാനാണ് ആർ.സി സഭയുടെ കീഴിൽ ബാലഭവൻ സ്ഥാപിച്ചത്. മൂന്നുവർഷം മുമ്പാണ് ഫാ. സജി ജോസഫ് എന്ന നാല്പതുകാരൻ ഡയറക്ടറായി ചുമതലയേറ്റത്. അന്ന് ബാലഭവനിൽ 36 കുട്ടികളാണുണ്ടായിരുന്നു. ക്രമേണ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പതിവായി. കാരണം ആരും തിരക്കിയിരുന്നില്ല. കഴിഞ്ഞ മാർച്ചായപ്പോൾ താമസക്കാരായി ശേഷിച്ചത് നാലു കുട്ടികൾ മാത്രം. സ്കൂൾ അവധിയായതോടെ ഇവരെയും വിട്ടയച്ച് പൂട്ടിയ സ്ഥാപനം ഈ അദ്ധ്യയന വർഷത്തിൽ തുറന്നതേയില്ല. കുട്ടികൾ ആരും എത്താതിരുന്നതാണ് കാരണം.

ജൂൺ 28നാണ് പീഡന സംഭവം പുറത്തറിയുന്നത്. അനധിക്കാലത്ത് വീട്ടിലെത്തിയ കുട്ടികളുടെ ശാരീരിക അസ്വസ്ഥതകൾ മനസിലാക്കിയ മാതാപിതാക്കൾ കുട്ടികളോട് വിവരം തിരക്കുകയായിരുന്നു. എട്ട്, ഒമ്പത് ക്ളാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളാണ് പീഡനകഥ പുറത്തുപറഞ്ഞത്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ പലപ്പോഴായി ഈ വിദ്യാർത്ഥികൾ പീഡനത്തിനിരയായിട്ടുണ്ട്. മാതാപിതാക്കൾ പരാതിയുമായി സ്ഥാപനത്തിന് മുന്നിലെത്തി. എന്നാൽ, പൊലീസിൽ പരാതി കൊടുക്കാൻ ഇവരാരും തയ്യാറായില്ല.

പീഡന വീരൻ ആന്ധ്രയിലേക്ക്
ചൈൽഡ് ലൈനിൽ വിവരമെത്തിയതോടെയാണ് പൊലീസിന് പരാതി കൈമാറുന്നത്. ഇതറിഞ്ഞ വൈദികൻ സ്ഥലംവിടുകയും ചെയ്തു. കൊട്ടിയൂരിൽ നേരത്തെ 16കാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ വൈദികനായ റോബിൻ സ്വീകരിച്ച അതേമാർഗം തന്നെ ഫാദർ സജിയും സ്വീകരിച്ചു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോബിൻ പൊലീസിന്റെ പിടിയിലാകുന്നത്. തനിക്ക് ഏറെ സ്വാധീനമുള്ള ആന്ധ്രപ്രദേശിലേക്കാണ് സജി ജോസഫ് മുങ്ങിയത്. ആന്ധ്രയിലെ ബീമഡോലെ എന്ന സ്ഥലത്താണ് ബിരുദപഠനമുൾപ്പെടെ വൈദികൻ നടത്തിയത്. വൈദികപഠനവും ഇവിടെ നടത്തിയ സജി ജോസഫ് ആറു വർഷത്തോളം ജോലി ചെയ്യുകയും ചെയ്തിരുന്നു. സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പ്രിൻസിപ്പലായി വരെ ജോലി നോക്കിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതാണ് കേരളത്തിലേക്ക് തിരിച്ചയയ്ക്കാൻ കാരണം. വൈദികന്റെ വഴിവിട്ട പോക്ക് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാളെ സഭ സ്ഥലംമാറ്റുകയായിരുന്നു. തു​ടർ​ന്ന് പോ​ട്ട ആ​ശ്ര​മ​ത്തി​ലും മൂ​ന്ന് വർ​ഷ​ത്തോ​ളം പ്ര​വർ​ത്തി​ച്ചു. അവിടെ നിന്നാണ് ബാലഭവനിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഈ നാടുകടത്തലിനൊന്നും വൈദികന്റെ സ്വഭാവം ശുദ്ധീകരിക്കാനായില്ല.

ബന്ധുക്കൾ വിളിച്ചുവരുത്തി
രണ്ടുദിവസം ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിഞ്ഞശേഷം മംഗളൂരുവിലെത്തിയ ഇയാൾ ഒ​രു ബ​ന്ധു​വി​ന്റെ തോ​ട്ട​ത്തിൽ ക​ഴി​ഞ്ഞു വരികയായിരുന്നു. അവിടെ പൊലീസ് തന്നെ തിരഞ്ഞുവരുമെന്നായപ്പോൾ ഇവിടെ നിന്നും മുങ്ങി. പ്രതി അന്വേഷണ സംഘത്തെ ശരിക്കും വട്ടംകറക്കി. എന്നാൽ, കൗശലക്കാരനായ പ്രതിയെ കുടുക്കാൻ പൊലീസ് ബന്ധുക്കളിൽ ചിലരെ ഉന്നംവച്ചു. ഇതോടെ ബന്ധുക്കൾ ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. താമരശേരിയിൽ എത്തിയ പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് അന്വേഷണസംഘം പിടികൂടിയത്. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്. പോക്സോ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്ന പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ‌് ചെയ്തിരിക്കുകയാണ്. കൂടുതൽ പരാതികൾ വരികയാണെങ്കിൽ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തേക്കും. ഡി​വൈ.​എ​സ്.​പി​ മുഹമ്മദ് ഷാഫിയു​ടെ മേൽ​നോ​ട്ട​ത്തിൽ മീ​ന​ങ്ങാ​ടി സി.ഐ എം.​വി. പ​ള​നി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വ​നി​താ സി.​ഐ. ഉ​ഷാ​കു​മാ​രി​ കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ