ആരെയും മയക്കും, ആരും വീണുപോകും...കൊലക്കേസിൽ കുടുങ്ങിയ ബിനി
August 2, 2017, 11:45 am
പ്രദീപ് മാനന്തവാടി
മാനന്തവാടി: ആരുടെയും മനം മയക്കുന്ന സൗന്ദര്യം. അന്നനട, ഇറുകിയ വസ്ത്രധാരണം. രാത്രി ഉറങ്ങുമ്പോൾ പോലും മേക്കപ്പ് ഒഴിവാക്കില്ല. അതാണ് ബിനി മധു എന്ന 37കാരി. സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവർ നേടിയെടുത്തു. പക്ഷെ, കണക്കു കൂട്ടലുകൾ എവിടെയോ തെറ്റി. ഒടുവിൽ എത്തിയത് വൈത്തിരിയിലെ സബ് ജയിലറയിൽ. പണക്കാരായ സുന്ദരന്മാരെ തേടിയായിരുന്നു ബിനിയുടെ യാത്ര. ആ യാത്രയിൽ അവർ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനായിരുന്നു തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർകുന്ന് എസ്.എൽ മന്ദിരത്തിൽ സുലിൽ എന്ന 30കാരൻ.

വെഞ്ഞാറമൂട്ടിലെ വിവാഹ വേദിയിൽ കൂടിക്കാഴ്ച
മൂന്നുവർഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. അന്വേഷിച്ചപ്പോൾ നല്ല 'ചെമ്പ്' കൈയിലുണ്ടെന്ന് മനസിലായി. താമസിയാതെ യുവാവുമായി ചങ്ങാത്തം കൂടി. ഒറ്റ നോട്ടത്തിൽ തന്നെ വശീകരിക്കുന്ന കണ്ണുകളാണ് ബിനിയുടേത്. പാവം സുലിൽ ഒന്നും അറിഞ്ഞില്ല. കുറച്ചുനാൾ കഴിഞ്ഞ് ബിനിക്കൊപ്പം സുലിൽ വയനാട്ടിൽ എത്തി. കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട ജോലിക്ക് വയനാട്ടിൽ എത്തിയെന്നാണ് സ്വദേശത്ത് സുലിൽ അറിയിച്ചിരുന്നത്. മാനന്തവാടി എരുമത്തെരുവിൽ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെൺകുട്ടി കൂടെയുണ്ടായിരുന്നു. ഭർത്താവ് ഗൾഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആ സാഹോദര്യത്തെ ആദ്യം ആരും സംശയിച്ചില്ല. പക്ഷെ പിന്നീട് പന്തികേട് മണക്കാൻ തുടങ്ങി.

കണ്ണ് സ്വത്ത് വിറ്റുകിട്ടിയ തുകയിൽ
സുലിലിന്റെ പക്കൽ ലക്ഷക്കണക്കിന് പണം ഉണ്ടെന്ന് ബിനിക്ക് എങ്ങനെയോ വിവരം കിട്ടി. ഈ തുകയിലായി ബിനിയുടെ കണ്ണ്. മാനന്തവാടിയിൽ നിന്ന് എട്ട് കിലോ മീറ്റർ അകലെ കൊയിലേരിയിൽ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം. സുലിലിനെ പരമാവധി ഇതിനായി അവർ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂർക്കാവ് പനമരം റോഡരികിൽ ഉൗർപ്പള്ളിയിൽ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭർത്താവിന്റെയും പേരിൽ. വീടുപണിക്ക് സുലിലിന്റെ അകമഴിഞ്ഞ സഹായം. നാൽപ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി ബിനി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തിൽ ഗംഭീരമായി നടത്തി. കുറച്ചു നാട്ടുകാരൊക്കെ വന്നെത്തി. വന്നവരിൽ വി.ഐ.പികൾ ഉണ്ടായിരുന്നു. പലരും ബിനിയുമായി ചങ്ങാത്തത്തിന് മത്സരിക്കുന്നവർ, ബിനി ആഗ്രഹിക്കുന്ന പോലെ സഹായിക്കുന്നവർ.

ഗൃഹപ്രവേശനത്തിന് ശേഷം ബന്ധത്തിൽ വിള്ളൽ
സുലിലിന് താനൊരു ഇരയാണെയെന്ന സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കൾക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. ഇതിനിടെ ഗൾഫിൽ നിന്ന് ബിനിയുടെ ഭർത്താവ് മടങ്ങിയെത്തി. ബിനിയുടെ യുവാവിനൊപ്പമുള്ള താമസം ഭർത്താവിന് തീരെ ദഹിച്ചില്ല. ബിനിയുമായി കലഹിച്ച് ഭർത്താവ് ലോഡ്ജിൽ താമസം തുടങ്ങി. ബിനിയാകട്ടെ സുലിലിനോടൊപ്പവും. പക്ഷെ, താമസമൊരുമിച്ചാണെങ്കിലും ഇരുവരും മാനസികമായി അകന്നിരുന്നു. 40 ലക്ഷത്തോളം രൂപയാണ് സുലിൽ തിരികെ ചോദിക്കുന്നത്. ഇത് തിരിച്ചു കൊടുക്കുക ബിനിക്ക് സാധ്യവുമല്ല. അങ്ങനെയാണ് സുലിലിനെ വക വരുത്താൻ ഒരു ലോക്കൽ ക്വട്ടേഷൻ ബിനി നൽകുന്നത്.

കബനിപ്പുഴയിൽ മൃതദേഹം
2016 സെപ്തംബർ 26നാണ് സുലിലിന്റെ മൃതദേഹം കബനിപ്പുഴയോരത്ത് കാണുന്നത്. മുങ്ങിമരിച്ചുവെന്നാണ് എല്ലാവരും കരുതിയത്. സുലിലിനെ ഇല്ലാതാക്കാൻ ബിനി വീട്ടുജോലിക്കാരി വേലിക്കോത്ത് കുഞ്ഞിമാളു എന്ന അമ്മു(38)വിനെയാണ് ചുമതലപ്പെടുത്തുന്നത്. കൊലപാതകത്തിന് ആസൂത്രണം മുറുകിയപ്പോൾ ബിനി തിരുവനന്തപുരത്തേക്ക് സ്ഥലംവിട്ടു. അമ്മു ഏർപ്പാടാക്കിയ സംഘം സുലിലുമായി സൗഹൃദം സ്ഥാപിച്ച് മദ്യപിക്കാനായി വിളിച്ചു. അങ്ങനെ അവർ കർണാടകയിലെ കുട്ടത്തേക്ക് കൊണ്ടുപോയി ഇഷ്ടംപോലെ മദ്യം വാങ്ങിക്കൊടുത്തു. തിരികെ വരുമ്പോൾ മാനന്തവാടി ടൗണിൽ സുലിലിനെ ഉപേക്ഷിച്ചു.
മാനന്തവാടിയിൽ എത്തിയ സുലിൽ കൊയിലേരിയിൽ സന്ധ്യയോടെ വന്നു. മദ്യപിച്ചതിനാൽ യാതൊരു ബോധവും ഇല്ലായിരുന്നു. ഉൗർപ്പള്ളിയിലെ കടയിൽ നിന്ന് രാത്രി ഏഴേ കാലിന് സിഗരറ്റും വാങ്ങി പോകുന്നത് കണ്ടവരുണ്ട്. അടുത്ത ദിവസം കാണുന്നത് തൊട്ടടുത്ത കബനി പുഴയിൽ സുലിലിന്റെ മൃതദേഹം.
മദ്യപിച്ച് ലക്കുകെട്ടെത്തിയ സുലിലിനെ കമ്പിപ്പാരക്കൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. എന്നിട്ട് മൃതദേഹം കിഴക്കോട്ടൊഴുകുന്ന കബനിയിലേക്ക് തള്ളി.

ക്വട്ടേഷൻ സംഘം എല്ലാം തുറന്നടിച്ചു
പൊലീസ് മരണം ആത്മഹത്യയാക്കി ആദ്യം ചുരുക്കി. അവിടെയും ബിനിയുടെ തൊലിവെളുപ്പ് വിജയിച്ചുവെന്നു പറയാം. പക്ഷെ, കേസ് വീണ്ടും പൊങ്ങി. അപ്പോഴാണ് ബിനിയുടെ ചിത്രം തെളിയുന്നത്. ക്വട്ടേഷൻ അതി മനോഹരമായി നടപ്പാക്കിയ അമ്മുവിനെയും കൊയിലേരി ഉൗർപ്പള്ളി സ്വദേശികളായ മണിയാറ്റിങ്കൽ പ്രശാന്ത് എന്ന ജയൻ (36), പൊയിൽകോളനിയിൽ കാവലൻ (52) എന്നിവരെയും കഴിഞ്ഞദിവസം പൊലീസ് പൊക്കി. പാവങ്ങൾ എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞു. ബിനിക്ക് എത്രകാലം ഒളിച്ചിരിക്കാൻ പറ്റും? അങ്ങനെയാണ് ബിനിയെ പൊലീസ് പിടികൂടുന്നത്. മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ പി.കെ. മണിയാണ് കഴിഞ്ഞദിവസം രാത്രി ബിനിയെ അറസ്റ്റ് ചെയ്തത്. സുലിലിന്റെ മരണം കൊലപാതകമാണെന്ന് തുടക്കത്തിൽ തന്നെ ആരോപണം ഉയർന്നിരുന്നു. പക്ഷെ ആരും അന്നു ചെവി കൊണ്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ സുലിലിന്റെയും യുവതിയുടേയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

കള്ളുഷാപ്പിലെ ജോലിക്കാരി
സുലിൽ മരിച്ച ദിവസം തന്നെ ബിനി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ നീക്കം ചെയ്തത് സംശയം ജനിപ്പിച്ചിരുന്നു. കൂടാതെ പ്രദേശവാസികൾ ഒന്നടങ്കം ആരോപണവുമായി രംഗത്ത് വരികയും ചെയ്തു. തിരുവനന്തപുരത്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന മദ്യരാജാവിന്റെ ബന്ധുവാണ് ബിനിയുടെ ഭർത്താവ് . ബിനി പണ്ട് കള്ള് ഷാപ്പിലെ ജോലിയും ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഷാപ്പ് പൂട്ടിയപ്പോൾ ബ്യൂട്ടീഷ്യനായി ഗൾഫിലേക്ക് പറന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ നാട്ടിൽ നിൽക്കാതെ മാനന്തവാടിക്കടുത്ത കാട്ടിക്കുളത്തായിരുന്നു താമസം. പിന്നെയാണ് മാനന്തവാടി എരുമത്തെരുവിലേക്ക് മാറിയത്. അവിടെ നിന്ന് കൊയിലേരിയിലേക്കും താമസം മാറ്റി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ