ജോലിക്കായെത്തി വീട്ടുകാരിയുടെ മനസിൽ കൂടുകൂട്ടി, പിന്നെ, ഗൃഹനാഥനെ കൊന്നു
August 9, 2017, 11:35 am
ടി.വി രജീഷ്
കോഴിക്കോട്: മൊകേരിയിലെ വട്ടക്കണ്ടി മീത്തൽ ശ്രീധരനെ (47) കഴിഞ്ഞ ജൂലായ് ഒമ്പതിന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം അയൽവാസികളെയൊക്കെ അറിയിക്കുന്നത് ഭാര്യ ഗിരിജയും ഭാര്യാ മാതാവ് ദേവിയുമാണ്. സാധാരണ പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണെന്നും പിറ്റേന്ന് രാവിലെയായപ്പോൾ വിളിച്ചിട്ട് മിണ്ടുന്നില്ലെന്നുമൊക്കെ പറഞ്ഞ് ഇവർ അലമുറയിട്ടപ്പോൾ നാട്ടുകാരും കണ്ണീരണിഞ്ഞു. ആർക്കും അസ്വാഭാവികത ഒന്നും തോന്നിയില്ല. അങ്ങനെ അന്നിത് സാധാരണ മരണവാർത്തയായി. ഉറക്കത്തിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണെന്ന് വിശ്വസിച്ച് വീടുപണി നടക്കുന്ന പറമ്പിൽ തന്നെ ശ്രീധരന്റെ സംസ്കാരം നടത്തി. ഇവർ താമസിച്ചിരുന്നത് ഇതിനടുത്ത് കെട്ടിയുയർത്തിയ താൽക്കാലിക കുടിലിലായിരുന്നു.

ദുരൂഹതയുയർത്തിയ അസാന്നിധ്യം
ശ്രീധരന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ ഈ വീടുമായി അടുത്തകാലത്ത് വളരെയധികം സൗഹൃദം പുലർത്തിയിരുന്ന ഒരു വ്യക്തിയുടെ അഭാവം പലരുടെയും ശ്രദ്ധയിൽപ്പെട്ടു. ശ്രീധരന്റെ വീടുപണിക്ക് വന്ന പശ്ചിമബംഗാൾ സ്വദേശി പരിമൾ ഖർദാനാണ് (47) മരണശേഷം മുങ്ങിയത്. ഇയാളുടെ അസാന്നിദ്ധ്യമാണ് ഒടുവിൽ ശ്രീധരന്റെ ഭാര്യ ഗിരിജ (36), ഇവരുടെ മാതാവ് ദേവി (60) എന്നിവരെ കുടുക്കിയത്. കൊലപാതകം നടന്ന് 25 ദിവസം കഴിഞ്ഞാണ് പ്രതികളുടെ കൈകളിൽ വിലങ്ങുവീഴുന്നത്.

വീടുപണിക്കായി എത്തി, വീട്ടുകാരിയുടെ മനസിൽ കയറി
ഒരു വർഷം മുമ്പാണ് ശ്രീധരൻ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായി ജോലികൾ ആരംഭിക്കുന്നത്. ബാങ്കിൽ നിന്ന് കടമെടുത്തും കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ തുകയുമെല്ലാം ചേർത്തായിരുന്നു പണി തുടങ്ങിയത്. കരാറുകാരന്റെ ജോലിക്കാരനായി എത്തിയതാണ് ബംഗാൾ സ്വദേശി പരിമൾ ഖർദാൻ. ജോലിക്കായി എത്തിയയാൾ വീട്ടുകാരനാകാൻ ശ്രമിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. നാലഞ്ചുമാസം ഇവിടെ തന്നെ ജോലിയെടുത്ത പരിമൾ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തന്നെ താമസവും തുടങ്ങി. ഒപ്പം ഭക്ഷണമൊരുക്കിക്കൊടുത്ത വീട്ടുകാരിയുടെ മനസിലും. താൻ നാട്ടിൽ വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പറഞ്ഞ പരിമൾ പക്ഷെ, ഭാര്യയുമായി അകന്നുകഴിയുകയാണെന്നാണ് ഗിരിജയെ വിശ്വസിപ്പിച്ചത്.

ബംഗാളിലേക്ക് കടക്കാൻ പദ്ധതിയിട്ടു
ബംഗാളി തൊഴിലാളിയും ഗിരിജയും തമ്മിൽ അടുപ്പത്തിലാണെന്ന സംസാരം ചിലരിലൊക്കെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശ്രീധരനും ഇങ്ങനെയൊരു സംശയമുണ്ടായി. ഇതേച്ചൊല്ലി ഇരുവരും തർക്കവുമുണ്ടായതായി പറയുന്നു. ശ്രീധരനെ ഇല്ലാതാക്കിയാൽ ഒരുമിച്ച് ജീവിക്കാമെന്ന് പരിമൾ ഗിരിജയ്ക്ക് മോഹം നല്കി. ബംഗാളിലേക്ക് പോകാമെന്നും വാഗ്ദാനം നല്കിയിരുന്നുവത്രെ. ഗിരിജയുടെ സ്വപ്നത്തിൽ മാതാവ് ദേവിയും പങ്കാളിയായി. ശ്രീധരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു പിന്നീട് നടന്നത്. പത്തുവർഷം മുമ്പാണ് കൂലിത്തൊഴിലാളിയായ ശ്രീധരനും ഗിരിജയും തമ്മിൽ വിവാഹിതരായത്. ഇവർക്ക് നാലു വയസുള്ള ആൺകുട്ടിയുമുണ്ട്.

അത്താഴം കൊടുത്ത് മയക്കി, കഴുത്തുഞെരിച്ചു കൊന്നു
ജൂലായ് എട്ടിന് രാത്രിയിൽ ശ്രീധരന്റെ അത്താഴത്തിൽ ഭാര്യ ഗിരിജ ഉറക്കഗുളിക ചേർത്തു നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച ഉടൻ മയക്കത്തിലായ ശ്രീധരനെ പരിമൾ തോർത്ത് മുണ്ട് കൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. മരണ വെപ്രാളത്തിൽ പൊങ്ങിയ ശ്രീധരന്റെ കൈ താഴ്ത്തിയ ശേഷം അമർത്തിപ്പിടിച്ച് കൊലയ്ക്ക് ഗിരിജ സൗകര്യം ചെയ്തു കൊടുത്തതായും ദേവി കാലുകൾ ബലംപ്രയോഗിച്ച് പിടിച്ചതായും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം നാടുവിട്ട പരിമൾ നിലമ്പൂരിലേക്കും പിന്നീട് എറണാകുളത്തേക്കും പോയി.ഇയാളുടെ മൊബൈൽ നമ്പർ ഗിരിജയിൽ നിന്ന് മനസിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുടുക്കിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റ്യാടി സി.ഐ ടി. സജീവന്റെ നേതൃത്വത്തിൽ പൊലീസ് പരിമളിനെ പിടികൂടിയത്.

സംശയിച്ചെങ്കിലും പരാതിയുണ്ടായില്ല
ശ്രീധരന്റെ മരണശേഷം പരിമൾ ഖർദാനെ കാണാതായതിലും ഗിരിജയുടെയും ദേവിയുടെയും ചില പെരുമാറ്റങ്ങളിലും നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ശ്രീധരന്റെ മൃതദേഹത്തിൽ ക്ഷതങ്ങൾ കാണപ്പെട്ടത് അന്നുതന്നെ ചിലർ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ഹൃദയാഘാതത്തിനിടെ വെപ്രാളംകാട്ടിയ ശ്രീധരനെ തോർത്തുകൊണ്ട് ഞെരുക്കി ശ്വാസതടസം നീക്കാൻ തങ്ങൾ ശ്രമിച്ചിരുന്നുവെന്നാണ് ഗിരിജ ഇതിന് വിശദീകരണം നല്കിയത്. ഭർത്താവിന്റെ ഓർക്കാപ്പുറത്തുള്ള മരണം ഉണ്ടാക്കിയ നടുക്കമൊന്നും ഗിരിജയിൽ കാണാനില്ലെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. നാട്ടുകാരുടെ അടക്കം പറച്ചിലുകൾ പിന്നീട് വലിയ സംശയത്തിന് തന്നെ ഇടനൽകിയെങ്കിലും ആരും പരാതിയുമായി മുന്നോട്ടുവരാൻ തയ്യാറായില്ല. ശ്രീധരന്റെ ബന്ധുക്കളോട് പറഞ്ഞെങ്കിലും അവരും പൊലീസിൽ പരാതി നല്കിയില്ല.

എല്ലാം തുറന്നുപറഞ്ഞു
സി.ഐയുടെ നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ ശ്രീധരന്റേത് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് കുന്നുമ്മൽ ബ്‌ളോക്ക് പഞ്ചായത്ത് അംഗം ശശീന്ദ്രൻ അന്വേഷണമാവശ്യപ്പെട്ട് പൊലീസിൽ പരാതി നല്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 31നാണ് കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്. ഗിരിജയുമായി ഇതര സംസ്ഥാന തൊഴിലാളിക്കുണ്ടായിരുന്ന അടുപ്പം പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് ബോധ്യപ്പെട്ടു. തുടർന്ന് ഗിരിജയെയും മാതാവ് ദേവിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു.

തെളിവിനായി പരിശോധന
ആഗസ്റ്റ് മൂന്നിന് ശ്രീധരന്റെ മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുത്ത് പരിശോധന നടത്തി. ഈ പരിശോധനയെ ബന്ധുക്കളിൽ ചിലർ എതിർത്തിരുന്നെങ്കിലും ഇതെല്ലാം അതിജീവിച്ചുകൊണ്ടായിരുന്നു അന്വേഷണം മുന്നോട്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. പി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് മൃതദേഹ പരിശോധന നടത്തിയത്. കഴുത്ത് വരിഞ്ഞു മുറുക്കിയുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പരിമൾ ഖർദാൻ, ഗിരിജ, ദേവി എന്നിവരെ നാദാപുരം കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പരിമളിന് നാട്ടിൽ ഭാര്യയും അഞ്ച് കുട്ടികളുമുണ്ടെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയത്. ഒരു മകൾ വിവാഹിതയാണ്. ഒരു മകൻ തിരുവനന്തപുരത്ത് ജോലി ചെയ്യുകയാണെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ