ദേവകിയുടെ ദുരൂഹ മരണം:ക്രൈംബ്രാഞ്ചിന് കഴിയുമോ ഉത്തരം കണ്ടെത്താൻ ?
August 14, 2017, 12:41 pm
എ.വി സുരേഷ് കുമാർ
കാസർകോട്: പെരിയാട്ടടുക്കം മുനിക്കൽ കാട്ടിയടുക്കത്തെ 68കാരി കെ. ദേവകി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ആഗസ്റ്റ് 13ന് ഏഴുമാസം തികയുന്നു. കഴിഞ്ഞ ജനുവരി 14ന് വൈകിട്ടാണ് ഒറ്രയ്ക്ക് താമസിക്കുന്ന വീട്ടിൽ ദേവകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കമിഴ്ന്നുകിടന്നിരുന്ന മൃതദേഹം അർദ്ധനഗ്നമായിരുന്നു. എന്നാൽ മോഷണമോ മാനഭംഗമോ നടന്നതായി തെളിവുകൾ ലഭിച്ചില്ല. ദേവകിക്ക് ശത്രുക്കൾ ഉള്ളതായി നാട്ടുകാർക്കറിയില്ല. ഇതുകൊണ്ടു തന്നെയാണ് ആര്, എന്തിന് കൊന്നു എന്ന ചോദ്യം അന്നും ഇന്നും നാട്ടുകാർ ഉന്നയിക്കുന്നത്. ബേക്കൽ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഇപ്പോൾ കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസ് തുറന്നിരിക്കുകയാണ്. ദേവകിയുടെ മരണം നടന്ന വീട്ടിൽനിന്നു വിളിപ്പാടകലെ മറ്രാെരു വീട്ടിലാണ് ഓഫീസ്.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എത്തിയിരിക്കുന്നത്. ലോക്കൽ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തവരെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. മൊഴിയെടുക്കൽ പൂർത്തിയായ ശേഷം അവ വിശകലനം ചെയ്ത്, ആവശ്യമെന്നു തോന്നുന്നവരെ വീണ്ടും വിളിപ്പിക്കും. കേസിന് തുമ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിൽ നിന്നെത്തിയ സംഘം.

1. മൂത്തമകൻ കണ്ടു, ചലനമറ്റ മാതാവിനെ
ദേവകിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയായാണ് മൂത്തമകൻ ശ്രീധരന്റെ താമസം.വീട്ടിൽ നിന്ന് വിളിപ്പാടകലെയുള്ള ചെങ്കൽപ്പണയിൽ മെഷീൻ ഓപ്പറേറ്ററാണ് ശ്രീധരൻ. പണ ഉടമ സ്ഥലത്തില്ലാത്തതിനാൽ ചെങ്കൽ പണയുടെ ചുമതല ശ്രീധരന് നല്കിയിരുന്നു. അതിനാൽ അന്നു രാവിലെ പണയിലേക്ക് പോകേണ്ടിവന്നു. ശ്രീധരന്റെ ഭാര്യ പതിവുപോലെ ജോലി ചെയ്യുന്ന പെരിയ ബസാറിലെ കാർ ഷോറൂമിലേക്കും പോയി. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് തലേന്നാൾ അമ്മ അലക്കി ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ പുറത്തുതന്നെ കിടക്കുന്നത് കണ്ടത്. ഇതേതുടർന്ന് അമ്മയെ തിരക്കി ശ്രീധരൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. പാതി ചാരിയിരുന്ന മുൻ വാതിലിലൂടെ ദേവകിയമ്മ തറയിൽ കിടക്കുന്ന കാഴ്ച പുറത്തുനിന്നേ കണ്ടു. തറയിൽ തുണിവിരിച്ച് കമിഴ്ന്ന് കിടന്നിരുന്ന അമ്മയെ വാരിയെടുക്കാൻ ശ്രമിച്ചുവെങ്കിലും അസ്വാഭാവികത തോന്നിയതിനാൽ പകച്ചുനിന്നു. ദേഹത്തിന് വല്ലാത്ത കനം. കഴുത്തിൽ തുണികൊണ്ടുള്ള കുരുക്ക് പിന്നീടാണ് ശ്രദ്ധയിൽപ്പെടുന്നത്. അമ്മ ജീവനോടെ ഇല്ലെന്ന സത്യം മനസ്സിലായതോടെ നിലവിളിയായി. തുടർന്ന് നാട്ടുകാരും ആയൽവാസികളും തടിച്ചുകൂടി.

2. നിലവിളി കേട്ടില്ലെന്ന് അയൽക്കാരൻ
ദേവകി മരിച്ചുകിടന്ന വീടിന്റെ വടക്കുഭാഗത്ത് 50 മീറ്റർ മാറി ചെങ്കൽപ്പണ തൊഴിലാളി സുനിൽകുമാർ താമസിക്കുന്നുണ്ട്. അന്നു രാത്രി പത്തു മണിവരെ ദേവകിയമ്മയുടെ വീട്ടിൽ നിന്ന് ടി.വിയുടെ ശബ്ദം കേട്ടിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നല്കിയ മൊഴി. ഈ വീടിന്റെ അരികെകൂടി നടന്നാൽ ബട്ടത്തൂരിലെ ദേശീയപാത കടന്നുപോകുന്ന ദേവൻ പൊടിച്ചപാറ ഭാഗത്തേക്ക് എത്താനാകും. വീടിന്റെ പിൻവശം പാറക്കൂട്ടവും കാടുമാണ്. ആ ഭാഗത്ത് ആൾ താമസമില്ല. വീടിനോട് ചേർന്ന് ഒരു പുതിയ ഒഴിഞ്ഞ വിദേശമദ്യക്കുപ്പി കണ്ടെത്തിയിരുന്നു. ദേശീയപാതയിലെ മുനിക്കൽ ബങ്ങാട് റോഡിൽ നിന്ന് കാട്ടിയടുക്കത്തെ ഉയർന്ന പ്രദേശത്താണ് സംഭവം നടന്ന വീട്. 14 സെന്റ് സ്ഥലത്തിന്റെ പട്ടയം ദേവകിക്ക് വർഷങ്ങൾക്ക് മുമ്പ് ലഭിച്ചതാണ്. പള്ളിക്കര ഗ്രാമപഞ്ചായത്ത് വീടിന് താത്കാലിക നമ്പർ നല്കിയിരുന്നു. ദേവകി മരിക്കുന്നതിന് നാലുമാസം മുമ്പാണ് വീട്ടിൽ വൈദ്യുതി കിട്ടിയത്. പകൽ ചിലപ്പോൾ മക്കളുടെ വീട്ടിൽ പോകുമായിരുന്നുവെങ്കിലും സന്ധ്യക്ക് മുമ്പ് തിരിച്ചെത്തുമായിരുന്നു. ഭർത്താവ് പക്കീരൻ 10 വർഷം മുമ്പാണ് മരിച്ചത്. അതിനുശേഷം ഒറ്റയ്ക്ക് താമസിക്കേണ്ടെന്ന് മക്കൾ പലപ്പോഴും പറഞ്ഞിരുന്നെങ്കിലും ദേവകി കൂട്ടാക്കിയില്ല. ഇടയ്ക്കിടക്ക് പെരിയയിലെ കുടുംബവീട്ടിൽ പോയി നിൽക്കാറുണ്ട്.

3. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപാതകം
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ദേവകിയെ കൊന്നത് കഴു‌ത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണെന്ന് മനസിലായി. ദേവകി അണിഞ്ഞിരുന്ന കമ്മലും മൂക്കുത്തിയും ഒന്നും നഷ്ടപ്പെടാത്തതുകൊണ്ട് മോഷണത്തിനല്ല കൊലപാതകം എന്നും കരുതുന്നു. കൃത്യംനടന്ന സമയത്ത് വീട്ടിലെ പ്രകാശം അണച്ചിരുന്നുവെന്നും പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. മൃതദേഹം കണ്ടതിന് പിറ്റേന്ന് തന്നെ പൊലീസ് നായ റൂണിയെ കൊണ്ടുവന്നിരുന്നു. വീട്ടിൽ നിന്ന് മണംപിടിച്ച് പൊലീസ് നായ വീടിനുചുറ്റും പലവട്ടം ഓടിയെങ്കിലും സൂചനയൊന്നും നല്കിയില്ല. വീടിന്റെ വടക്കുഭാഗത്തെ പാറപ്പുറത്ത് ആദ്യം ചെന്നുനിന്നു. പിന്നീട് പരിസരത്ത് തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ ഓടി വീടിന്റെ പിൻഭാഗത്ത് നിലയുറപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസിന് മകൻ ശ്രീധരന്റേതല്ലാതെ കുറച്ചു മുടിയിഴകൾ ലഭിച്ചിരുന്നു. കേസന്വേഷണത്തിൽ നിർണ്ണായകമാവും എന്നു കരുതിയിരുന്ന ആ മുടിയിഴകൾ ആരുടേത് എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യ അന്വേഷണം. പെരിയയിലെ വാഹനഷോപ്പ് ജീവനക്കാരന്റേതടക്കം സംശയമുള്ള നാലുപേരുടെ മുടിയിഴകൾ തിരുവനന്തപുരം പൊലീസ് ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയുടെ റിപ്പോർട്ട് അനുകൂലമായിരുന്നില്ല. മുടിനാരുകൾ ഇവരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അതൊരു യുവാവിന്റേതാവാൻ സാദ്ധ്യതയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

4.രഹസ്യം മൂടിവയ്ക്കാനോ ആ കൊല
അടുത്ത ബന്ധുക്കളെയടക്കം നൂറോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇതിനിടെ ദേവകിയുമായി പരിചയമുള്ള മറ്റാെരു യുവാവിനെയും ഭാര്യയെയും കുറിച്ചും പൊലീസ് അന്വേഷണം നടത്തി. പൊലീസ് ചോദ്യം ചെയ്യാൻ യുവാവിനെ നേരത്തെ വിളിപ്പിച്ചിരുന്നു. അന്വേഷണം വന്നതോടെ ഇവർ മുങ്ങിയെങ്കിലും പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടി ചോദ്യം ചെയ്‌തു. എങ്കിലും കൊലപാതകത്തേക്കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല. കവർച്ചയോ മാനഭംഗമോ നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെ പൊലീസ് മറ്റു നിഗമനങ്ങളിലേക്ക് നീങ്ങി. ഏതോ ഒരു രഹസ്യം ദേവകിക്ക് അറിയാമായിരിക്കണം. ഇതായിരിക്കാം കൊലയ്ക്ക് കാരണമായതെന്ന സംശയം പൊലീസ് ഉന്നയിക്കുന്നു. ക്രൈംബ്രാഞ്ചും സംശയിക്കുന്നത് ഈ വഴിക്കാണ്. പായ വിരിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് കിടക്കാൻ ഒരുക്കം കൂട്ടുന്നതിനിടയിലായിരിക്കണം കൊല. കൊന്നതിനു ശേഷം കമിഴ്ത്തിക്കിടത്തിയിട്ടുണ്ടാകും. പായയുടെ ഇടതുഭാഗത്തായി കൈയ്യെത്തും ദൂരത്തിൽ കിട്ടുന്ന വാക്കത്തിയിൽ ദേവകി തൊട്ടിട്ടില്ല. ഏറെ പരിചയമുള്ളവനും, ശത്രുവുമല്ല കൊലക്കു പിന്നിലെന്ന് പൊലീസ് അനുമാനിക്കുന്നു.

5. മരണം ഉറപ്പിക്കാൻ വീണ്ടുമെത്തി
ദേവകി കഴിച്ച ഭക്ഷണം പൂർണമായും ദഹിച്ചിരിക്കുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മരിച്ചു കഴിഞ്ഞാൽ പിന്നെ അതെങ്ങനെ സംഭവിക്കും? ശ്വാസംമുട്ടി മസ്തിഷ്‌ക മരണം സംഭവിച്ചാലും ആന്തരികാവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ ദഹന പ്രക്രിയയ്ക്ക് തടസമാവില്ലെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. അല്ലെങ്കിൽ കൊലയ്ക്ക് ശ്രമിച്ചു പോയ കൊലപാതകി ദേവകിയുടെ മരണം ഉറപ്പിക്കാൻ രാവിലെ വീണ്ടുമെത്തിയിട്ടുണ്ടാവണം. പ്രതി പാവാട കഴുത്തിൽ മുറുക്കുന്നതു വരെ ദേവകി മരിച്ചു കാണാനിടയില്ലെന്ന സംശയവും നിലനിൽക്കുന്നു. ദേവകിയുടെ മരണത്തെപ്പറ്റിയുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയൊക്കെയാണ്: ആദ്യശ്രമത്തിൽ ശ്വാസം കിട്ടാതെ ദേവകി മയങ്ങി വീണപ്പോൾ പ്രതി ഉപേക്ഷിച്ചു കടന്നു കാണും. രാവിലെ വീണ്ടും വന്നു നോക്കിയപ്പോൾ മരണം ഉറപ്പാക്കി. തെളിവു നശിപ്പിക്കാനും, കൊലക്ക് പിന്നിൽ മാനംഭംഗമെന്ന് വരുത്താനും കഴുത്തിൽ പാവാട മുറുക്കിക്കെട്ടി. ഉടുത്തിരുന്ന ലുങ്കി അഴിച്ചുമാറ്റി അർദ്ധനഗ്നയാക്കി മൃതദേഹം കിടത്തി. ദേവകിയമ്മയുടെ മക്കളും മരുമക്കളും രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് അന്വേഷണം ശരിയായ രീതിയിൽ നടക്കാത്തതെന്ന് ആരോപിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ