സഹകരണ സംഘങ്ങളിൽ മുക്കുപണ്ട തട്ടിപ്പ് വ്യാപകം; പരിശോധന ശക്തമാക്കി
August 13, 2017, 1:15 am
ഒ.സി.മോഹൻരാജ്
കണ്ണൂർ: മുക്കുപണ്ടം പണയംവച്ചുള്ള തട്ടിപ്പ് മിക്ക സഹകരണ സംഘങ്ങളിലും ഉണ്ടെന്ന് കണ്ടെത്തിയതോടെ പരിശോധന ശക്തമാക്കുന്നു. സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിൽ നിന്നുള്ള പ്രത്യേക സ്‌ക്വാഡുകൾ എല്ലായിടങ്ങളിലേക്കുമെത്തും. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കരിവെള്ളൂർ സോഷ്യൽ വെൽഫെയർ കോ - ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 2. 98 കോടി രൂപയുടെ പണയത്തട്ടിപ്പ് നടന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒരേ പേരിൽ തന്നെ മൂന്നും നാലും പണയങ്ങൾ വച്ചതായും ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

ആറു മാസം മുമ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകളിൽ നടത്തിയ മിന്നൽപരിശോധനയിൽ ഏഴു കോടി രൂപയുടെ മുക്കുപണ്ട പണയത്തട്ടിപ്പ് പിടികൂടിയിരുന്നു. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ബാങ്കുകളിലായിരുന്നു തട്ടിപ്പ് കൂടുതലും. വിവിധ ജില്ലകളിലായി 14, 896 സഹകരണ സ്ഥാപനങ്ങളുള്ളതിൽ പ്രധാനപ്പെട്ട അയ്യായിരത്തോളം കേന്ദ്രങ്ങളിലാണ് പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. തട്ടിപ്പിനു കൂട്ടുനില്ക്കുന്ന ജീവനക്കാരെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ഓഡിറ്റ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും ക്രമക്കേടുകൾ തുടരുന്ന സാഹചര്യത്തിൽ പഴുതടച്ചുള്ള പരിശോധന ഉറപ്പാക്കണമെന്ന നിലപാടിലാണ് ഉന്നതാധികൃതർ.

നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയാൽ പലവിധ കാരണങ്ങൾ പറഞ്ഞ് ജീവനക്കാർ തിരിച്ചയക്കുന്നുവെന്ന പരാതിയുണ്ട് പലയിടത്തും. ഇത്തരം പരാതികളിൽ കർശനനടപടിയെടുക്കാനും നിർദ്ദേശമുണ്ട്. കോടികൾ നിക്ഷേപമായി എത്തുന്ന സംഘങ്ങൾ അത് എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ധരിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാൽ പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. കോഴിക്കോട്ട് മാത്രം പതിനഞ്ചിലേറെ സംഘങ്ങളിൽ ഇതിനിടെ ഫണ്ട് തിരിമറി കണ്ടെത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ