കുഞ്ഞികൃഷ്ണനെല്ലാം ദൈവ നിയോഗം
August 30, 2017, 11:40 am
സ്വന്തം ലേഖകൻ
നാല് പെണ്ണുങ്ങളുടെ ഇടയിൽ ഒരേയൊരു ആൺതരിയായി ജനിച്ചപ്പോഴേ വീട്ടുകാർ ഉറപ്പിച്ചിരുന്നു . കുഞ്ഞികൃഷ്ണൻ കുലദൈവങ്ങളുടെ ഉപാസകനാകുമെന്ന്. ചോങ്കള മുതൽ നാലു നാട്ടിലും തെയ്യം കെട്ടാൻ അധികാരമുള്ള പുത്തൂരനെന്ന ആചാരസ്ഥാനമുള്ള പിതാവായ മാണി പൂത്തൂരനായിരുന്നു കർക്കിടക മാരിയകറ്റുന്ന ഗളിഞ്ചൻ തെയ്യം കെട്ടി എഴുന്നള്ളിക്കാനുള്ള ചുമതല. കണക്കുകൂട്ടലുകൾ തെറ്റിയില്ല ഏഴാംവയസിൽ ഗളിഞ്ചൻ കെട്ടി കുഞ്ഞികൃഷ്ണനും മാരിയകറ്റാൻ യാത്ര തുടങ്ങി. ഇപ്പോൾ മുപ്പത് ആണ്ടുകൾ പിന്നിട്ടു കഴിഞ്ഞു ഈ ദൈവ കോലം അണിയൽ, ഇതിനിടെ നിരവധി അംഗീകാരങ്ങളും ഒടുവിൽ ഫോക്‌ലോർ അക്കാദമി അവാഡുമായി സർക്കാരും ആദരിക്കാനെത്തി. കുലപരദേവതയായ പടിഞ്ഞാർ ചാമുണ്ഡിയുടെ അനുഗ്രഹമാണ് എല്ലാ വിജയങ്ങൾക്കും കാരണമെന്ന് ഈ മുപ്പത്താറുകാരൻ വിശ്വസിക്കുന്നു. ബ്രാഹ്മണ ഗൃഹങ്ങളിൽ ധൂമാവതിയായി ആരാധിക്കുന്ന ആദിപരാശക്തി പടിഞ്ഞാറ്റ ചാമുണ്ഡിയാണ് കുഞ്ഞികൃഷ്ണന്റെ തായ്പരദേവത. പടിഞ്ഞാർ ചാമുണ്ഡിയെ കൂടാതെ ദാരികനെ വധിച്ച് കഴിഞ്ഞ് കീഴുലകത്തിൽ വന്ന് കാവേരി തീർത്ഥത്തിൽ മുങ്ങി കുളിച്ച് കുണ്ടോറതന്ത്രിയുടെ ചെമ്പുകിടാരമേറി മലനാട്ടിലേക്ക് വന്ന കുണ്ടോറചാമുണ്ഡിയാണ് കുഞ്ഞികൃഷ്ണൻ സ്ഥിരമായി കെട്ടുന്ന മറ്റൊരു ദേവത. കാലഭൈരവന്റെ പെരുവിരലിൽ നിന്ന് പൊടിച്ചുയർന്ന ഗുളികൻ,ധർമ്മസ്ഥലത്തെ കുടുംബ പഞ്ചരുളി, കൊടകിൽ നിന്ന് കുടിയേറി വന്ന പരതാളിയമ്മ, കുറവൻ, കൊറത്തി, എന്നിവയാണ് കുഞ്ഞികൃഷ്ണന്റെ മറ്റു തെയ്യങ്ങൾ. നൽക്കതായ (കോപ്പാള )സമുദായക്കാരുടെ തെയ്യങ്ങൾ ഇപ്പോൾ മാവിലന്മാരും കെട്ടുന്നുണ്ടെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. കുഞ്ഞികൃഷ്ണന്റെ വല്യച്ഛൻ മദറൻ കലയപ്പാടിയും പ്രശസ്തനായ തെയ്യം കലാകാരനായിരുന്നു. അമ്മ സുന്ദരിക്കും തെയ്യചമയങ്ങൾ നന്നായി ഉണ്ടാക്കാനറിയാം. ഇവരുടെ ശിക്ഷണമാണ് തന്നെയും മികച്ച തെയ്യം കലാകാരനാക്കിയെതെന്നാണ് കുഞ്ഞികൃഷ്ണന്റെ വിശ്വാസം. 31 വർഷത്തിനിടയിൽ ഏകദേശം അറുനൂറ് തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ടാവും എന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. ഒന്നിനും കണക്ക് സൂക്ഷിച്ചിട്ടില്ല, എല്ലാം ഒരു നിയോഗം പോലെ. ഫോക് ലോർ അക്കാഡമി അവാർഡ് ലഭിച്ചതിനുശേഷം കൂടുംബൂരിലെ നാട്ടുസഭ തനിക്കും പൂത്തൂരൻ സ്ഥാനം നൽകാൻ തയ്യാറായി വന്നിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. പെരിയ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ജോലിക്കാരനാണ് കുഞ്ഞികൃഷ്ണൻ. ഭാര്യ സാവിത്രി . കിഷാൽകുമാർ, ദൃശ്യ എന്നിവരാണ് കുഞ്ഞികൃഷ്ണന്റെ മക്കൾ.


പടം.ഒന്ന് കുഞ്ഞി കൃഷ്ണൻ
പടം.രണ്ട്. കർക്കിടതെയ്യവുമായി കുഞ്ഞികൃഷ്ണൻ
പടം.മൂന്ന് : കുഞ്ഞികൃഷ്ണൻ കെട്ടിയാടിയ ധൂമാവതി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ