ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ബിൽഅട്ടിമറിക്കാൻ ആശുപത്രി ലോബി
September 10, 2017, 12:10 am
ഒ.സി.മോഹൻരാജ്
കണ്ണൂർ: സ്വകാര്യ ആശുപത്രികളെയും ക്ളിനിക്കൽ ലബോറട്ടികളെയും നിയന്ത്രിക്കാനുള്ള കേരള ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്ബിൽ അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രി ലോബിയുടെ നീക്കം. എറണാകുളവും കോഴിക്കോടും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി ലോബിയാണ് ഇതിനു പിന്നിൽ.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അവതരിപ്പിച്ച ബിൽ സർക്കാർ സബ്‌ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. എന്നാൽ കടുത്ത സമ്മർദത്തെ തുടർന്ന് പൊതുജനാഭിപ്രായം തേടാൻ പിന്നീട് സർക്കാർ തീരുമാനിക്കുകയായിരുന്നു. ജനുവരിയിൽ നടക്കുന്ന അടുത്ത നിയമസഭാ സമ്മേളനം ബഡ്ജറ്റ് സമ്മേളനമായതിനാൽ ബിൽ പാസാകാനിടയില്ല.

 ബിൽ പാസായാൽ കുറഞ്ഞ ചെലവിൽ ചികിത്സ

ബിൽ പാസാകുന്നതോടെ സാധാരണക്കാരന് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാൻ കഴിയും. നാലു തവണ സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തെ തുടർന്ന് മുടങ്ങിയ ബിൽ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്.

നിയമം പ്രാബല്യത്തിൽ വന്നാൽ:
ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും ബിൽ നിരക്കുകൾ ഏകീകരിക്കാൻ കഴിയും. ചികിത്സാചെലവുകൾ വെബ് സൈറ്റിൽ പ്രദർശിപ്പിക്കുക, രോഗ വിവരം രോഗികൾക്ക് ലഭ്യമാക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ ഉൾപ്പെടുന്നതാണ് ബിൽ.

 സ്വകാര്യ ആശുപത്രികളിലെ കൊള്ള
സംസ്ഥാനത്ത് ആരാലും നിയന്ത്രിക്കപ്പെടാതെ തോന്നിയതു പോലെ ഫീസ് ഈടാക്കി പ്രവർത്തിക്കുന്നവയാണ് സ്വകാര്യ ആശുപത്രികൾ. പല ആശുപത്രികളിലും പരിശോധനാ ഫീസുകളും മറ്റ് ചാർജ്ജുകളും വ്യത്യസ്തമായ നിരക്കിലാണ്. ഇതിനെ ഏകീകരിക്കാൻ യാതൊരു സംവിധാനങ്ങളും ഇല്ലതാനും.

ലാബുകളുടെ പരിശോധന നിലച്ചു:
തലതിരിഞ്ഞ പരിശോധനാഫലം പുറത്തുവിടുന്ന സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ പരിശോധനയും നിലച്ചു. പാരാമെഡിക്കൽ കൗൺസിലും ആരോഗ്യവകുപ്പും തമ്മിലുള്ള തർക്കമാണ് പരിശോധന പാതിവഴിയിലാകാൻ കാരണമായത്. പാരാമെഡിക്കൽ കൗൺസിൽ രൂപീകരിച്ചെങ്കിലും കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നുമില്ല. ആവശ്യമായ അധികാരം നൽകാത്തിടത്തോളം പരിശോധനയ്ക്ക് തങ്ങളില്ലെന്ന നിലപാടാണ് പാരാമെഡിക്കൽ കൗൺസിലിന്റേത്. എന്നാൽ ലാബുകളുടെ ഗുണനിലവാരവും മറ്റും പരിശോധിക്കേണ്ടത് തങ്ങളുടെ ജോലിയല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. അതേ സമയം എക്‌സ്റെ, സ്‌കാനിംഗ് സെന്ററുകൾ പരിശോധിക്കാൻ പ്രത്യേകം സംവിധാനമുണ്ടുതാനും.

crr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ